canva
Business Kerala

കനത്ത ഇടിവില്‍ നിന്ന് യുടേണ്‍ എടുത്ത് സ്വര്‍ണം, പവന് കൂടിയത് ₹1,920, തിരിച്ചു കയറ്റത്തിനു പിന്നില്‍ ഇക്കാരണങ്ങള്‍

അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 3,583 ഡോളറിലേക്ക് കുതിച്ചുയര്‍ന്ന് സ്വര്‍ണം

Dhanam News Desk

തുടര്‍ച്ചയായ ഇടിവുകള്‍ക്ക് വിരാമമിട്ട് ആഗോള വിപണിയിലും കേരളത്തിലും സ്വര്‍ണവിലയില്‍ ശക്തമായ തിരിച്ചുവരവ്. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ (സ്വര്‍ണത്തിന് 1,920 രൂപ വര്‍ധിച്ച് 92,320 എന്ന നിരക്കിലെത്തി. ഗ്രാമിന് 240 രൂപ വര്‍ധനയാണ് രേഖപ്പെടുത്തിയത്; ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 11,540 രൂപ ആയി ഉയര്‍ന്നു.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 195 രൂപ വര്‍ധിച്ച് 9,440 രൂപയും 14 കാരറ്റിന് ഗ്രാമിന് 155 രൂപ വര്‍ധിച്ച് 7,395 രൂപയും ആയി. 9 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 95 രൂപ വര്‍ധിച്ച് 4,770 രൂപനിലവാരത്തിലുമെത്തി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 165 രൂപയില്‍ തുടരുന്നു.

ബോണ്ടില്‍ തട്ടി തിരിച്ചുകയറ്റം

അമേരിക്കന്‍ സാമ്പത്തിക വിപണിയിലെ ചലനങ്ങളും ട്രഷറി ബോണ്ട് യീല്‍ഡിലുണ്ടായ കുറവുമാണ് മഞ്ഞലോഹത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് ഒരുവേള 3,425 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണവില അപ്രതീക്ഷിത വേഗത്തിലാണ് തിരിച്ചുകയറിയത്. നിലവില്‍ ഔണ്‍സിന് 3,583 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അമേരിക്കന്‍ സമ്പദ്വ്യവസ്ഥ കരുത്തുറ്റ നിലയില്‍ തുടരുമ്പോഴും സ്വര്‍ണവിലയിലുണ്ടായ ഈ മുന്നേറ്റം വിപണി വിദഗ്ധര്‍ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് താഴ്ന്നത് പലിശരഹിത നിക്ഷേപമായ സ്വര്‍ണത്തിന് അനുകൂലമായി. താഴ്ന്ന നിലവാരത്തില്‍ നിന്ന് വാള്‍സ്ട്രീറ്റ് ഓഹരികള്‍ തിരിച്ചുകയറിയതും ആഗോള വിപണിയിലെ പോസിറ്റീവ് തരംഗവും നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടി.

ഇതിനൊപ്പം പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അയവ് വന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപ താല്‍പര്യം വീണ്ടും ശക്തമായി.

അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റത്തിനൊപ്പം രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 92.45 എന്ന നിലവാരത്തില്‍ തുടരുന്നതും ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണമായി.

ഉപഭോക്താക്കള്‍ക്കും വിപണിക്കും നിര്‍ണായക ദിനങ്ങള്‍

കനത്ത ഇടിവിന് ശേഷമുള്ള ഈ ശക്തമായ തിരിച്ചുവരവ് സ്വര്‍ണവിപണിക്ക് പുതിയ ദിശാബോധം നല്‍കുന്നുണ്ടെങ്കിലും ചാഞ്ചാട്ടങ്ങള്‍ പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. വരും ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന അമേരിക്കന്‍ സാമ്പത്തിക കണക്കുകള്‍, ഡോളര്‍ സൂചികയുടെ ചലനങ്ങള്‍, ട്രഷറി ബോണ്ട് യീല്‍ഡ്, ആഗോള ഓഹരി വിപണികളുടെ പ്രകടനം എന്നിവയാകും സ്വര്‍ണവിലയുടെ ഗതി നിര്‍ണയിക്കുക. വിവാഹ സീസണ്‍ അടുത്തിരിക്കെ വിലയിലുണ്ടായ ഈ പെട്ടെന്നുള്ള വര്‍ധന കേരളത്തിലെ ആഭരണ വിപണിയിലും ഉപഭോക്താക്കളിലും സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ആഭരണമായി വാങ്ങാന്‍ ഒരുലക്ഷത്തിനു മേലെ

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് ഒരുലക്ഷത്തിനു മേലെയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT