Image created with Gemini AI
Business Kerala

വന്‍ ഇടിവില്‍ സ്വര്‍ണം; കേരളം കാത്തിരുന്ന ആ 'മാന്ത്രിക സംഖ്യ'യിലേക്ക് വിലയെത്തുമോ?

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയിലും അന്താരാഷ്ട്ര വിപണിയില്‍ വില എട്ട് മാസത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തി; ഡോളറിന്റെ കുതിപ്പും എണ്ണവിലയിലെ വര്‍ധനയും വിപണിയെ സ്വാധീനിക്കുന്നു.

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപ താഴ്ന്ന് 1,04,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയുമായി. ഇന്നലെയും ഇന്നുമായി പവന്‍ വിലയില്‍ 760 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ പരിശുദ്ധിയുള്ള സ്വര്‍ണത്തിലും വിലയിടിവ് ദൃശ്യമാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 10,735 രൂപയും 14 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 8,365 രൂപയുമായി. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് 30 രൂപ താഴ്ന്ന് 5,395 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണത്തിനൊപ്പം വെള്ളി വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 230 രൂപയായി.

എട്ട് മാസത്തെ താഴ്ചയില്‍ രാജ്യാന്തര വില

പശ്ചിമേഷ്യയില്‍ യുഎസ്-ഇറാന്‍ സൈനിക സംഘര്‍ഷം വീണ്ടും ശക്തമായതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില എട്ട് മാസത്തെ താഴ്ചയിലേക്ക് പതിച്ചു. ആഗോള വിപണിയില്‍ ഔണ്‍സിന് 3,969 ഡോളര്‍ വരെ ഇന്നലെ വില താഴ്ന്നിരുന്നു. ഇന്ന് രാവിലെ 3,970 ഡോളര്‍ വരെ എത്തിയ ശേഷം നേരിയ തോതില്‍ ഉയര്‍ന്ന് 3,988 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.

സംഘര്‍ഷത്തിനിടയിലും വിലയിടിയാന്‍ കാരണം

സാധാരണഗതിയില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ (Geopolitical tensions) ഉണ്ടാകുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണവില ഉയരുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ചിത്രം തികച്ചും വ്യത്യസ്തമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇത്തവണ സ്വര്‍ണത്തിന് തിരിച്ചടിയായത്.

യുഎസ്-ഇറാന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) എണ്ണക്കടത്ത് തടസ്സപ്പെട്ടതോടെ ബ്രെന്റ് ക്രൂഡ് വില ഉയര്‍ന്നു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഈ വാരം ഏകദേശം 12 ശതമാനമാണ് ഉയര്‍ന്നത്. എണ്ണവില ഉയരുന്നത് ആഗോളതലത്തില്‍ പണപ്പെരുപ്പം (Inflation) വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് നേരിടാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുകയോ അല്ലെങ്കില്‍ വീണ്ടും വര്‍ധിപ്പിക്കുകയോ ചെയ്യുമെന്ന ഭയമാണ് വിപണിയെ ഭരിക്കുന്നത്.

കരുത്താര്‍ജ്ജിച്ച് ഡോളര്‍

അമേരിക്കയില്‍ കഴിഞ്ഞ മാസം പണപ്പെരുപ്പ നിരക്കില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടമുണ്ടായെങ്കിലും വിപണിയില്‍ പൂര്‍ണമായി ആശ്വാസിക്കാനുള്ള വകയായിട്ടില്ലെന്നാണ് പുതിയ വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നത്. പണപ്പെരുപ്പ സമ്മര്‍ദ്ദം ഇപ്പോഴും ദീര്‍ഘകാലം തുടരുമെന്ന ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാന പലിശനിരക്ക് ഇനിയും ഉയര്‍ത്തണമെന്ന് ഫെഡറല്‍ റിസര്‍വിന്റെ പണനയ തീരുമാന സമിതി അംഗം ലോറി ലോഗന്‍ ആവശ്യപ്പെട്ടു.

ലോഗന്റെ ഈ പരാമര്‍ശം പലിശനിരക്ക് വീണ്ടും വര്‍ധിപ്പിച്ചേക്കാമെന്ന ആശങ്ക ശക്തമാക്കിയിരിക്കുകയാണ്. പലിശനിരക്ക് ഉയരുമെന്ന വിലയിരുത്തലുകള്‍ സജീവമായതോടെ ആഗോള വിപണിയില്‍ യുഎസ് ഡോളര്‍ വീണ്ടും കരുത്താര്‍ജ്ജിച്ചു. ഡോളറിന്റെ ഈ കുതിപ്പാണ് നിലവില്‍ സ്വര്‍ണവില താഴേക്ക് പതിക്കാന്‍ പ്രധാനമായും വഴിവെച്ചത്.

പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷയില്‍ യുഎസ് ട്രഷറി ബോണ്ട് യീല്‍ഡും യുഎസ് ഡോളറും ശക്തമായിട്ടുണ്ട്. പലിശയോ ഡിവിഡന്റോ നല്‍കാത്ത നിക്ഷേപമെന്ന നിലയില്‍, ഡോളറും പലിശനിരക്കും ഉയരുമ്പോള്‍ സ്വര്‍ണത്തോടുള്ള താല്പര്യം നിക്ഷേപകര്‍ക്ക് കുറയുന്നു.

കേരളത്തിന് ആശ്വാസമാകുമോ?

പണപ്പെരുപ്പ സമ്മര്‍ദ്ദവും അതിനെ പ്രതിരോധിക്കാനുള്ള ഫെഡറല്‍ റിസര്‍വിന്റെ അടുത്ത നീക്കങ്ങളും എന്താകുമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ഇത് വിപണിയില്‍ പണപ്പെരുപ്പ ഭീതി വര്‍ദ്ധിപ്പിക്കാനും ഡോളര്‍ കൂടുതല്‍ ശക്തമാകാനും കാരണമായേക്കാം. ഇത് വരും ദിവസങ്ങളിലും സ്വര്‍ണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യാന്തര സ്വര്‍ണ വില ഇനിയും ഇടിഞ്ഞാല്‍ കേരളത്തില്‍ സ്വര്‍ണ വില പവന് ഒരു ലക്ഷം രൂപയെന്ന മാന്ത്രിക സംഖ്യയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ സാധാരണക്കാരായ ഉപഭോക്താക്കള്‍.

Dominated by a strong US Dollar and soaring crude oil prices, gold rates in Kerala witness a massive correction, eyeing the Rs 1 lakh mark.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT