Image by Canva 
Business Kerala

അഞ്ചു ദിവസമായി ആധിക്ക് അയവ്, സ്വര്‍ണവില റെക്കോഡില്‍ നിന്ന് ₹ 1,000 താഴെ, ഇപ്പോള്‍ വാങ്ങണോ, കാത്തിരിക്കണോ?

അന്താരാഷ്ട്ര വില 3,010 ഡോളറിലേക്ക് താഴ്ന്നു

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ കുറവ് തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 8,185 രൂപയായി. പവന്‍ വില 240 രൂപ കുറഞ്ഞ് 65,480 രൂപയുമായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ വില ഇടിയുന്നത്. പവന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 66,480 രൂപയില്‍ നിന്ന് 1000 രൂപയാണ് കുറഞ്ഞത്. വിവാഹ പാര്‍ട്ടികള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമാണ് വിലയിലെ കുറവ്.

18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,715 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 108 രൂപയില്‍ തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഗ്രാമിന് 112 രൂപ വരെയെത്തി റെക്കോഡ് ഇട്ട ശേഷമാണ് വെള്ളി വില താഴേക്ക് പോയത്.

വിലക്കുറവിന് പിന്നില്‍

രാജ്യാന്തര വില താഴ്ന്നതാണ് കേരളത്തിലും വിലക്കുറവിന് വഴിയൊരുക്കിയത്. ട്രംപിന്റെ വ്യാപാരയുദ്ധ ഭീതിയില്‍ ഔണ്‍സിന് 3,057.51 ഡോളര്‍ വരെയെത്തി റെക്കോഡിട്ട അന്താരാഷ്ട്ര വില കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി താഴേക്കാണ്. ഇന്ന് 3,010 ഡോളറിലേക്ക് താഴ്ന്നു.

ഡോളര്‍ സൂചിക മൂന്ന് ആഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തിയതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുപ്പു നടത്തിയതാണ് സ്വര്‍ണത്തില്‍ ഇടിവുണ്ടാക്കിയത്. റഷ്യ-ഉക്രൈന്‍ സമാധാന കരാറിലെ പ്രതീക്ഷകളും ഇടിവിന് കാരണമായി.

ഏപ്രില്‍ രണ്ട് മുതല്‍ വിവിധ രാജ്യങ്ങള്‍ക്കുമേല്‍ തതുല്യ നികുതി പ്രഖ്യാപിച്ചുവെങ്കിലും നിരക്കുകളില്‍ ചില ഇളവുകള്‍ക്ക് ട്രംപ് സൂചന നല്‍കിയത് വിപണിയെ ഭയം കുറച്ചിട്ടുണ്ട്. ഇതും സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് തടയിട്ടു.

ഇനിയും കുറയുമോ?

ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ സമീപ ഭാവിയില്‍ സ്വര്‍ണത്തിന് മുന്നേറ്റ സാധ്യതയാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം രണ്ട് തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പലിശ നിരക്ക് കുറഞ്ഞാല്‍ കടപത്രങ്ങളില്‍ നിന്നും മറ്റും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചേക്കേറും ഇത് വില ഉയര്‍ത്തുകയും ചെയ്യും. ട്രംപിന്റെ വ്യാപാര നയങ്ങളിലെ അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ സാധ്യത കൂട്ടുന്നുണ്ട്. ഹ്രസ്വകാലത്തില്‍ തിരുത്തലുണ്ടായാലും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് തുടരാമെന്നും വിദഗ്ധര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT