സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ശക്തമായ മുന്നേറ്റം തുടരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലായി പവന് 2,800 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് മാത്രം ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,195 രൂപയായും പവന്റെ വില 1,05,560 രൂപയായും ഉയര്‍ന്നു.
പവന്‍ വില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് പതിക്കുമെന്ന വിലയിരുത്തലുകള്‍ സജീവമായിരിക്കെയാണ് വിപണിയെ ഞെട്ടിച്ചുകൊണ്ട് ഈ തിരിച്ചു വരവ്.
ഇന്നത്തെ വിപണി നിരക്കനുസരിച്ച് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ നികുതിയും കുറഞ്ഞ പണിക്കൂലിയും (5 ശതമാനം) പ്രളയ സെസ്സും ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 1,14,322 രൂപയെങ്കിലും ഉപഭോക്താക്കള്‍ കൈയില്‍ കരുതേണ്ടി വരും.
വിവിധ കാരറ്റുകളിലെ ഇന്നത്തെ നിരക്ക് ഇങ്ങനെയാണ്:
18 കാരറ്റ്: ഗ്രാമിന് 10,845 രൂപയായി.
14 കാരറ്റ്: ഗ്രാമിന് 8,445 രൂപ.
9 കാരറ്റ്: ഗ്രാമിന് 5,450 രൂപ.
അതേസമയം, ഈ വര്‍ഷം ജനുവരി 29-ന് കുറിച്ച പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ വില ഇപ്പോഴും 25,600 രൂപയോളം കുറവാണ്.
ആഗോള വിപണിയിലെ വന്‍ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും വില ഉയരാന്‍ കാരണമായത്. രാജ്യാന്തര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് രണ്ട് ശതമാനത്തോളം വര്‍ധിച്ച് 4,089 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഘട്ടത്തില്‍ വില 4,097 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉടന്‍ വര്‍ധിപ്പിച്ചേക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നതാണ് ആഗോളതലത്തില്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍, കഴിഞ്ഞ ആഴ്ചയില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 1.7 ശതമാനത്തോളം നഷ്ടം നേരിട്ടിരുന്നു. തുടര്‍ച്ചയായ നാലാം വാരമാണ് ആഗോള വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയതെങ്കിലും പുതിയ യുഎസ് സാമ്പത്തിക സൂചനകള്‍ വിപണിയെ പെട്ടെന്ന് അനുകൂലമാക്കുകയായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine