Image : Canva 
Business Kerala

സ്വര്‍ണം വീണ്ടും കയറ്റത്തില്‍, കേരളത്തില്‍ ഒറ്റയടിക്ക് 1,280 രൂപ ഉയര്‍ന്നു, വെള്ളിക്കും കയറ്റം

തുടര്‍ച്ചയായ കുറച്ചു ദിവസങ്ങളിലെ ഇടിവിന് ശേഷമാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില തിരിച്ചുകയറിയത്

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാം വില 160 രൂപ വര്‍ധിച്ച് 13,360 രൂപയായി. പവന്‍ വില 1,280 രൂപ ഉയര്‍ന്ന് 1,06,880 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 135 രൂപ ഉയര്‍ന്ന് 10,980 രൂപയുമായി.

വെള്ളി വിലയില്‍ ഇന്ന് അഞ്ച് രൂപയുടെ വര്‍ധനയുണ്ട്. ഗ്രാം വില 240 രൂപയായി.

ആഗോള വിപണിയിലെ കുതിപ്പ്

തുടര്‍ച്ചയായ കുറച്ചു ദിവസങ്ങളിലെ ഇടിവിന് ശേഷമാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില തിരിച്ചുകയറിയത്. ഔണ്‍സിന് 4,100 ഡോളര്‍ എന്ന സുപ്രധാന ഘട്ടം കടന്ന് സ്വര്‍ണം മുന്നേറിയതാണ് കേരളത്തിലെ പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.

ആറു പ്രധാന ലോക കറന്‍സികള്‍ക്കെതിരെയുള്ള യുഎസ് ഡോളറിന്റെ കരുത്ത് അളക്കുന്ന ഡോളര്‍ സൂചിക (Dollar Index) 100-ന് താഴേക്ക് പതിച്ചതാണ് പ്രധാന കാരണം. ഡോളറിന്റെ വിനിമയ നിരക്ക് ദുര്‍ബലമായതോടെ മറ്റ് വിദേശ കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള ചെലവ് കുറയുകയും രാജ്യാന്തര തലത്തില്‍ നിക്ഷേപകര്‍ക്കിടയില്‍ സ്വര്‍ണത്തിന് പ്രിയമേറുകയും ചെയ്തു.

വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

അതേസമയം, വരാനിരിക്കുന്ന യുഎസ് തൊഴില്‍ കണക്കുകളിലേക്കാണ് (US Job Data) ഇപ്പോള്‍ സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്. പുറത്തുവരുന്ന തൊഴില്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും യുഎസ് ഫെഡറല്‍ റിസര്‍വ് ഭാവിയിലെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങളിലേക്ക് കടക്കുക. ഇത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയുടെ പോക്കിനെ നിര്‍ണായകമായി സ്വാധീനിക്കും.

ഇറാനും യുഎസും തമ്മിലുള്ള സൈനിക-നയതന്ത്ര സംഘര്‍ഷങ്ങള്‍ക്ക് വിരാമമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും, പശ്ചിമേഷ്യയില്‍ ഹൂതി ആക്രമണങ്ങള്‍ വീണ്ടും ശക്തമായത് എണ്ണ വിപണിയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ് ബാരലിന് 80 ഡോളറില്‍ താഴെയെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT