Business Kerala

യുദ്ധത്തില്‍ കുതിച്ച് സ്വര്‍ണം, പലിശ നിരക്കും കരുത്തായി, ഇനി മുന്നേറ്റത്തിന്റെ നാളുകളോ?

അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ അഞ്ചാം തവണയും പലിശനിരക്കുകളില്‍ മാറ്റം വരുത്തിയില്ല.

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാം വില 75 രൂപയും പവന്‍ വില 600 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാം വില 13,230 രൂപയും പവന്‍ വില 1,05,840 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 10,870 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,470 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,460 രൂപയുമാണ് വില. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 235 രൂപയില്‍ തുടരുന്നു.

യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയതും പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതും ആഗോള സാമ്പത്തിക വിപണിയില്‍ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതല്‍ താല്പര്യം കാണിച്ചതോടെ അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ ശക്തമായ മുന്നേറ്റമാണുണ്ടാകുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ഇന്നലെ ഔണ്‍സിന് 4,116 ഡോളര്‍ വരെ കുതിച്ചുയര്‍ന്ന സ്വര്‍ണവില നിലവില്‍ 4,052 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.

പലിശ നിരക്കില്‍ മാറ്റമില്ലാതെ യു.എസ് ഫെഡ്

അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ അഞ്ചാം തവണയും പലിശനിരക്കുകളില്‍ മാറ്റം വരുത്തിയില്ല. പണപ്പെരുപ്പത്തിനെതിരായ പോരാട്ടം ഇനിയും ദീര്‍ഘമേറിയതായിരിക്കുമെന്ന് ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് വ്യക്തമാക്കി. പലിശ തീരുമാനത്തില്‍ എഫ്.ഒ.എം.സി സമിതിയിലെ ഒമ്പത് അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ഡാലസ് ഫെഡ് പ്രസിഡന്റ് ലോറി ലോഗന്‍, മിനിയാപോളിസ് ഫെഡ് പ്രസിഡന്റ് നീല്‍ കാഷ്‌കരി, ക്ലീവ്‌ലാന്‍ഡ് ഫെഡ് പ്രസിഡന്റ് ബെത്ത് ഹാമാക്ക് എന്നീ മൂന്ന് അംഗങ്ങള്‍ പലിശനിരക്കില്‍ മാറ്റം വേണമെന്ന് നിലപാടെടുത്തു. പണപ്പെരുപ്പം പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ സമയമെടുക്കുമെന്നും ഉടനടി പരിഹാരങ്ങള്‍ പ്രതീക്ഷിക്കരുതെന്നും ഫെഡ് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. തീരുമാനത്തിന് പിന്നാലെ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് 101 ലെവലിലേക്ക് എത്തി. 10 വര്‍ഷത്തെ അമേരിക്കന്‍ ബോണ്ട് ഈല്‍ഡ് 6 ബേസിസ് പോയിന്റ് ഉയര്‍ന്ന് 4.68 നിരക്കിലെത്തി.

സംഘര്‍ഷത്തിനിടയിലും എണ്ണവിലയില്‍ ആശ്വാസം

പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് വിപണിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് മറുപടിയായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ശക്തമായ തിരിച്ചടി ആരംഭിച്ചതായി അറിയിച്ചു. സംഘര്‍ഷ അന്തരീക്ഷം കനത്തെങ്കിലും ആഗോള എണ്ണവിലയില്‍ നേരിയ ആശ്വാസ ചലനം പ്രകടമായി. ബ്രെന്റ് ക്രൂഡ് വില ഏകദേശം 1.4 ശതമാനം ഇടിഞ്ഞ് ബാരലിന് 89.45 ഡോളറിലെത്തി. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മൂസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളുടെ ഗതാഗതം തടസ്സമില്ലാതെ തുടരുന്നതാണ് വില വര്‍ധിക്കാതെ ക്രമപ്പെടാന്‍ കാരണം. എന്നാല്‍ സംഘര്‍ഷം കടുക്കുകയാണെങ്കില്‍ എണ്ണവില വീണ്ടും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

കണക്കുകളില്‍ കണ്ണുനട്ട് വിപണികള്‍

ഇന്ന് പുറത്തുവരാനിരിക്കുന്ന യു.എസ് പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്സ്‌പെന്‍ഡിചര്‍ (PCE) കണക്കുകള്‍ക്കും 2026 രണ്ടാം പാദത്തിലെ ജി.ഡി.പി വിവരങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ് ആഗോള സാമ്പത്തിക വിപണി. ഈ ഡാറ്റകളുടെ അടിസ്ഥാനത്തിലായിരിക്കും വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെയും കറന്‍സികളുടെയും ഗതിനിര്‍ണയം.

Kerala gold prices jumped following the US Fed's decision to maintain interest rates for the fifth straight time, while global crude oil prices softened despite escalating West Asia conflict.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT