സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. ഇന്ന് രാവിലെ ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 13,500 വ്യാപാരം ആരംഭിച്ച സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാം വില 13,400 രൂപയും പവന്‍ വില 1,07,200 രൂപയുമായി.
ആഗോള വിപണിയില്‍ സ്വര്‍ണവില ഒരു ശതമാനത്തോളം ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,141.13 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് 4,081 ഡോളറിലേക്ക് ഇടിഞ്ഞു. ഇടയ്ക്ക് 4,088 ഡോളര്‍ വരെയും വില താഴ്ന്നിരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും മറ്റ് ഘടകങ്ങള്‍ വിലയെ സമ്മര്‍ദ്ദത്തിലാക്കി. ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയും ഉയര്‍ന്ന നിരക്കില്‍ നിക്ഷേപകര്‍ ലാഭമെടുത്തതുമാണ് വിലയിടിവിന് കാരണമായത്.
ഭൗതിക വിപണി പരിശോധിച്ചാല്‍, ജൂണില്‍ സ്വിസ് സ്വര്‍ണ കയറ്റുമതി മൂന്ന് ശതമാനം ഇടിഞ്ഞു. ബ്രിട്ടനിലേക്കും ചൈനയിലേക്കുമുള്ള കയറ്റുമതിയിലുണ്ടായ കുറവാണ് ഇതിന് കാരണം. യുകെയിലേക്കുള്ള കയറ്റുമതി 39.4 ടണ്ണില്‍ നിന്ന് 27.4 ടണ്ണായും ചൈനയിലേക്കുള്ളത് 31.6 ടണ്ണില്‍ നിന്ന് 27.9 ടണ്ണായും കുറഞ്ഞു. അതേസമയം ഇന്ത്യയിലേക്കും സൗദി അറേബ്യയിലേക്കുമുള്ള കയറ്റുമതിയില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. മെയ് മാസത്തിലെ ഇടിവിന് ശേഷം ഇന്ത്യയിലേക്കുള്ള കയറ്റുമതി 7.4 ടണ്ണായും സൗദിയിലേക്ക് 10.3 ടണ്ണായും ഉയര്‍ന്നു.
റഷ്യയുടെ ഔദ്യോഗിക സ്വര്‍ണ ശേഖരം ജൂലൈ ആരംഭത്തില്‍ 2,282 ടണ്ണായി കുറഞ്ഞെങ്കിലും ശേഖരത്തിന്റെ ആകെ മൂല്യം 299 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ആഭരണ ഡിമാന്‍ഡ് മന്ദഗതിയിലായതോടെ ഇന്ത്യയില്‍ സ്വര്‍ണ ഡിസ്‌കൗണ്ട് ഔണ്‍സിന് 45 ഡോളര്‍ വരെയായി വര്‍ധിച്ച് ഒരു മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ചൈന ഉള്‍പ്പെടെയുള്ള മറ്റ് ഏഷ്യന്‍ വിപണികളില്‍ പ്രീമിയം നിരക്കുകള്‍ സ്ഥിരത പുലര്‍ത്തുന്നു. ലണ്ടന്‍ വോള്‍ട്ടുകളിലെ സ്വര്‍ണ ശേഖരം ജൂണ്‍ അവസാനത്തോടെ 0.77 ശതമാനം വര്‍ധിച്ച് 9,464 ടണ്ണിലെത്തിയിട്ടുണ്ട്.
Domestic gold prices reversed early gains following a drop in global markets, driven by US Fed rate hike concerns and profit-booking by investors.
Read DhanamOnline in English
Subscribe to Dhanam Magazine