Image : Canva 
Business Kerala

സ്വര്‍ണം ടോപ് ഗിയറില്‍ തന്നെ, ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില, അഞ്ച് ദിവസത്തിനിടെ ₹2,200 വര്‍ധന

വെള്ളി വില ഇന്നും അനക്കിമില്ലാതെ ഗ്രാമിന് 250 രൂപയില്‍ തുടരുന്നു

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വില ടോപ് ഗിയറില്‍ മുന്നേറുന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാം വില 14,290 രൂപയും പവന്‍ വില 1,14,320 രൂപയുമായി. അഞ്ച് ദിവസത്തിനിടെ 2,200 രൂപയാണ് വര്‍ധിച്ചത്.

18 കാരറ്റിന് ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 11,740 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,145 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,895 രൂപയുമാണ് വില.

വെള്ളി വില ഇന്നും അനക്കിമില്ലാതെ ഗ്രാമിന് 250 രൂപയില്‍ തുടരുന്നു.

സ്വര്‍ണ വില ഉയര്‍ച്ചയ്ക്ക് പിന്നില്‍

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് സ്വര്‍ണവിലയെ നിലവില്‍ റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് നയിക്കുന്നത്.

യുഎസും ഇറാനും തമ്മിലുള്ള 60 ദിന വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ കരാര്‍ നീട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത് പശ്ചിമേഷ്യയില്‍ വീണ്ടും ആശങ്ക വര്‍ധിപ്പിച്ചു. ഇറാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട ട്രംപ്, ഒമാനെതിരെയും കടുത്ത നിലപാടുകള്‍ സൂചിപ്പിച്ചതോടെ സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന ഭീതിയിലാണ് അന്താരാഷ്ട്ര വിപണി.

യുഎസ്-ഇറാന്‍ തര്‍ക്കം രൂക്ഷമായതോടെ ആഗോള ഓഹരി വിപണികളില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. വിപണിയിലെ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് നിക്ഷേപകര്‍ സുരക്ഷിത താവളമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ തുക മാറ്റാന്‍ തുടങ്ങിയത് ഡിമാന്‍ഡ് കുത്തനെ കൂട്ടി.

ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലെത്തി (91.34 ഡോളര്‍). എണ്ണവിലയിലെ ഈ കുതിച്ചുചാട്ടം ആഗോളതലത്തില്‍ പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

യുഎസില്‍ അടിസ്ഥാന പലിശനിരക്കുകള്‍ ഉടനെങ്ങും കുറയില്ലെന്ന സൂചനകളും ദുര്‍ബലമായി തുടരുന്ന യുഎസ് ഡോളര്‍ ഇന്‍ഡക്‌സും (Dollar Index) അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വലിയ നേട്ടമായി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 27 ഡോളര്‍ ഉയര്‍ന്ന് 4,404 ഡോളറിലെത്തി നില്‍ക്കുകയാണ്. വരും ദിവസങ്ങളിലും വിപണിയിലെ അസ്ഥിരത തുടര്‍ന്നാല്‍ സ്വര്‍ണവില പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഒരു പവന്‍ ആഭരണം വാങ്ങാന്‍

വിപണി വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുക. ഇത് പ്രകാരം ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,23,805 രൂപയാകും. ആഭരണങ്ങളുടെ ഡിസൈനില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT