Envato
Business Kerala

രണ്ട് ദിവസത്തെ കുതിപ്പിന് ഇടവേള നല്‍കി സ്വര്‍ണം, പലിശ സൂചനകളിലേക്ക് ഉറ്റു നോക്കി നിക്ഷേപകര്‍, കേരളത്തില്‍ വില ഇങ്ങനെ

വെള്ളി വില മുന്നേറ്റം കാഴ്ചവച്ചു. ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 275 രൂപയായി

Resya Raveendran

രണ്ട് ദിവസത്തെ കുതിപ്പ് മതിയാക്കി സ്വര്‍ണം. ഇന്ന് ഗ്രാം വില 30 രൂപ കുറഞ്ഞ് 13,995 രൂപയും പവന്‍ വില 240 രൂപ താഴ്ന്ന് 1,11,960 രൂപയുമായി. ഇന്നലെ രണ്ടു തവണയായി പവന് 640 രൂപയോളം ഉയര്‍ന്ന ശേഷമാണ് ഇന്നത്തെ ഇടിവ്.

18 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,500 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,955 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,775 രൂപയുമാണ് ഇന്ന് വില.

അതേസമയം, വെള്ളി വില മുന്നേറ്റം കാഴ്ചവച്ചു. ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 275 രൂപയായി.

പണപ്പെരുപ്പവും പലിശയും

ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പ് നടന്നതാണ് വിലയിടിവിന് കാരണമായത്. നിലവിലെ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ പലിശ നിരക്ക് ദീര്‍ഘകാലത്തേക്ക് ഉയര്‍ന്നു നില്‍ക്കുമെന്ന സൂചനകള്‍ നല്‍കുന്നുണ്ട്. ഇതും വിലയെ ബാധിച്ചു.

ഇറാന്‍ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വിലയും സ്വര്‍ണ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാരണം ഇവ രണ്ടും പണപ്പെരുപ്പത്തെയും ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും സ്വാധീനിച്ചേക്കാം.

ഇറാന്‍ ആണവ പദ്ധതിയും ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴും, അമേരിക്കയുടെ സമാധാന നിര്‍ദ്ദേശം ടെഹ്റാന്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രവചിച്ചിട്ടുണ്ട്.

ഇതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറില്‍ താഴെയായി. സാധാരണയായി ഉയര്‍ന്ന എണ്ണവില പണപ്പെരുപ്പത്തിന് ആക്കം കൂട്ടുകയും ഇത് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. പലിശ ലഭിക്കാത്ത നിക്ഷേപമായ സ്വര്‍ണത്തിന് ഇത് തിരിച്ചടിയാകുകയും ചെയ്യും.

വില കുറയുമോ ഉയരുമോ?

അതേസമയം ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും എണ്ണവില വര്‍ധനവ് മൂലമുള്ള പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളും കുറയുന്നതോടെ, സ്വര്‍ണവില ഔണ്‍സിന് 5,200 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നേക്കാമെന്ന് നിരീക്ഷകര്‍ പറയുന്നു. നിലവില്‍ ഔണ്‍സിന് 4722 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇടയ്ക്ക് 4,732 ഡോളര്‍ വരെ വില ഉയരുകയും ചെയ്തിരുന്നു. 4,889.70 ഡോളറാണ് സ്വര്‍ണത്തിന്റെ റെക്കോഡ് വില.

ഫെഡറല്‍ റിസര്‍വിന്റെ പണനയത്തെക്കുറിച്ചുള്ള പുതിയ സൂചനകള്‍ക്കായി വിപണി ഇപ്പോള്‍ വെള്ളിയാഴ്ച പുറത്തുവരാനിരിക്കുന്ന അമേരിക്കന്‍ തൊഴില്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. അതേസമയം, ചൈനീസ് സെന്‍ട്രല്‍ ബാങ്ക് ഏപ്രിലിലും സ്വര്‍ണശേഖരം വര്‍ധിപ്പിച്ചതായുള്ള വാര്‍ത്തകളും വരുന്നുണ്ട്. തുടര്‍ച്ചയായ 18-ാം മാസമാണ് ചൈന സ്വര്‍ണം വാങ്ങുന്നത്. സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വിപണിയില്‍ ഡിമന്‍ഡ് കൂടാനും വില ഉയരാനും കാരണമാകാറുണ്ട്.

Gold prices in Kerala slipped after a two-day rally as investors turned cautious ahead of key US jobs data and Federal Reserve rate signals.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT