സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് ഗ്രാമിന് 40 രൂപ ഇടിഞ്ഞ് 13,675 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 1,09,400 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 11,240 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,750 രൂപയിലും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,645 രൂപയിലുമാണ് വ്യാപാരം.
വെള്ളി വിലയും ഇന്ന് കുത്തനെ കുറഞ്ഞു. ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 255 രൂപയായി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4,501 ഡോളറില്‍ നിന്ന് നേരിയ തിരിച്ചുകയറ്റം പ്രകടമാക്കുന്നുണ്ടെങ്കിലും, അമേരിക്കന്‍ ഡോളറിനായുള്ള സുരക്ഷിത നിക്ഷേപ ആവശ്യകതയും ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട പുതിയ സംഘര്‍ഷങ്ങളും കാരണംചാഞ്ചാടി നില്‍ക്കുകയാണ്. വീണ്ടും താഴാനുള്ള സാധ്യതകളാണ് നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്.
വിപണിയിലെ അനിശ്ചിതത്വം ഡോളറിന് കരുത്തേകുന്നത് സ്വര്‍ണവില വര്‍ധിക്കുന്നതിനെ തടയുന്നു. ഹോര്‍മുസ് കടലിടുക്കിലെ യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ വീണ്ടും ഉയരുന്നത് എണ്ണവില കൂടാനും അത് വഴി പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിക്കാനും കാരണമായിട്ടുണ്ട്.
തിങ്കളാഴ്ച കടലിടുക്ക് വീണ്ടും തുറക്കുന്നതിനിടെ, സാധാരണ കപ്പലുകളെ ലക്ഷ്യം വെച്ച ആറ് ഇറാനിയന്‍ ബോട്ടിനുകളെ തകര്‍ത്തതായി യുഎസ് സൈന്യം അറിയിച്ചതോടെയാണ് ആശങ്കകള്‍ ശക്തമായത്. കൂടാതെ, ഇറാന്‍ വിക്ഷേപിച്ച 15 മിസൈലുകളെയും നാല് ഡ്രോണുകളെയും വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി യുഎസ് സഖ്യകക്ഷിയായ യുഎഇ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇറാനിലേക്ക് സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന രണ്ട് കപ്പലുകളെ യുഎസ് ആക്രമിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കിലെ ഈ സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തിന് ഇരട്ട പ്രഹരമാകും. പണപ്പെരുപ്പ ഭീതി വര്‍ധിക്കുന്നത് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിപ്പിക്കാന്‍ കാരണമാകും, ഇത് പലിശ ലഭിക്കാത്ത നിക്ഷേപമായ സ്വര്‍ണത്തിന് തിരിച്ചടിയാണ്. കൂടാതെ, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും സ്വര്‍ണവില താഴാന്‍ കാരണമാകും. ഏപ്രില്‍ ആദ്യം മുതല്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ഈ സംഘര്‍ഷങ്ങളോടെ തകരുമോ എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,400 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,18,479 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.
Kerala gold prices fell for the second consecutive day amid a stronger dollar, global uncertainty, and renewed Hormuz Strait tensions
Read DhanamOnline in English
Subscribe to Dhanam Magazine