സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം. ഗ്രാം വില 75 രൂപ ഉയര്‍ന്ന് 14,375 രൂപയിലും പവന്‍ വില 600 രൂപ ഉയര്‍ന്ന് 1,15,000 രൂപയിലുമെത്തി. 18 കാരറ്റിന് ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 11,810 രൂപയായി. 14 കാരറ്റിന് 9,200 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,930 രൂപയുമായി. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 380 രൂപയും പവന് 3,040 രൂപയും കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചു കയറ്റം.
അതേസമയം, വെള്ളി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാം വില 5 രൂപ കുറഞ്ഞ് 285 രൂപയായി.
രാജ്യാന്തര സ്വര്‍ണ വില ഇന്ന് 0.86 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,542 ഡോളറിലെത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനിലെ വ്യോമാക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് യുഎസ് ഡോളറിനെ ദുര്‍ബലപ്പെടുത്തിയതാണ് വിലയിടിവിന് കാരണമായത്. എന്നിരുന്നാലും, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നത് സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിന് നേരിയ തോതില്‍ തടസമായി.
ബ്രെന്റ് ക്രൂഡ് 2% ഇടിഞ്ഞ് ബാരലിന് 110 ഡോളറിന് താഴെയെത്തി. ഇത് യുഎസ് ഡോളറിന്റെ ആവശ്യകതയെ ബാധിച്ചു. ഡോളര്‍ സൂചിക 0.20 ശതമാനത്തിലധികം ഇടിഞ്ഞതോടെ, മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ലാഭകരമായി മാറി.
ഇറാനില്‍ നിന്ന് ഒരു സമാധാന നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്, ഇറാന് നേരെ നടത്താനിരുന്ന ആക്രമണം താന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ട്രംപ് തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. ഇറാനുമായി ഒരു ധാരണയിലെത്താന്‍ 'വളരെ നല്ല സാധ്യതയുണ്ടെന്ന്' അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കഴിഞ്ഞ രണ്ടു മാസത്തിലേറെയായി എണ്ണവില ഉയര്‍ന്ന നിരക്കില്‍ നിലനിര്‍ത്താന്‍ കാരണമായിരുന്നു. ഇത് ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മാത്രമല്ല, ആഗോളതലത്തിലെ മറ്റ് പ്രമുഖ സമ്പദ്വ്യവസ്ഥകള്‍ക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. കാരണം, എണ്ണവില ദീര്‍ഘനാള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നത് പണപ്പെരുപ്പത്തിന് കാരണമാവുകയും, സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും, കേന്ദ്രബാങ്കുകളെ പലിശനിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആരംഭിച്ചത് മുതല്‍ സ്വര്‍ണവില സമ്മര്‍ദ്ദത്തിലായിരുന്നു. യുഎസിലെ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം ഈ വര്‍ഷം ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ഫെഡ് പലിശനിരക്ക് ഉയര്‍ത്തിയേക്കാം എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകാനും ഇത് കാരണമായിട്ടുണ്ട്. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ മറ്റ് നിക്ഷേപങ്ങള്‍ ആകര്‍ഷകമാകുകയും സ്വര്‍ണനിക്ഷേപത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,24,541 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Gold prices rebounded in Kerala after three days as Trump’s Iran remarks and a weaker US dollar influenced global bullion markets.
Read DhanamOnline in English
Subscribe to Dhanam Magazine