കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയിലെ വാര്‍ഷിക വിറ്റുവരവും സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ജി.എസ്.ടി നികുതി വരുമാനവും സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.ജി.എസ്.എം.എ) മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മേഖലയെക്കുറിച്ച് സമീപകാലത്ത് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് വ്യാപാരി സംഘടനയുടെ ഈ നീക്കം.
വാല്യൂ ആഡഡ് ടാക്‌സ് (VAT) നിലവിലുണ്ടായിരുന്ന സമയത്തും, 2017-ല്‍ ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ വര്‍ഷങ്ങളിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമായിരുന്നു. എന്നാല്‍ 2022-ന് ശേഷം സമര്‍പ്പിച്ച അപേക്ഷകള്‍ക്കൊന്നും വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് അസോസിയേഷന്റെ പ്രധാന പരാതി.
2022 ശേഷമുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് നല്‍കുന്ന അപേക്ഷകള്‍ക്ക് 'കമ്മോഡിറ്റി വൈസ് മാപ്പിംഗ് (Commodity-wise Mapping) ലഭ്യമല്ല' എന്ന മറുപടിയാണ് ജി.എസ്.ടി വകുപ്പില്‍ നിന്നും ലഭിക്കുന്നത്. ഇത്രയും വലിയൊരു മേഖലയിലെ വിറ്റുവരവും നികുതി വിവരങ്ങളും സര്‍ക്കാരിന്റെ കൈവശമില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും, കണക്കുകള്‍ മനപ്പൂര്‍വം പുറത്തുവിടാത്തതാണെന്ന സംശയം വ്യാപാരികള്‍ക്കിടയില്‍ ശക്തമാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ധനകാര്യ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വി.ഡി സതീശന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. സംസ്ഥാനത്തെ പന്ത്രണ്ടായിരത്തോളം സ്വര്‍ണ വ്യാപാരികളെ പ്രതിനിധീകരിക്കുന്ന കെ.ജി.എസ്.എം.എയ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍, ട്രഷറര്‍ സി.വി. കൃഷ്ണദാസ് എന്നിവരാണ് നിവേദനം നല്‍കിയിട്ടുള്ളത്
Kerala Gold and Silver Merchants Association demands transparency in gold trade turnover and GST revenue figures post-2022.
Read DhanamOnline in English
Subscribe to Dhanam Magazine