സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിപ്പിലേക്ക് തിരിച്ചെത്തി. കേരളത്തില്‍ ഗ്രാമിന് 60 രൂപ വര്‍ധിച്ച് 12,330 രൂപയായി. പവന്‍ വില 480 രൂപ ഉയര്‍ന്ന് 98,640 രൂപയാണ്. ഇന്നലെ പവന് 1,120 രൂപ കുറഞ്ഞത് വലിയ ആശ്വാസം നല്‍കിയിരുന്നെങ്കിലും ഇന്നത്തെ വര്‍ധനയോടെ വീണ്ടും മുകളിലേക്കെന്ന ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാവിലെ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (MCX) സ്വര്‍ണ വിലയില്‍ അര ശതമാനത്തിലധികം വര്‍ധനവുണ്ടായി.
വെള്ളി വിലയും ഇന്ന് വന്‍ കുതിപ്പിലാണ്. കേരളത്തില്‍ ഗ്രാമിന് ഒറ്റയടിക്ക് 10 രൂപ വര്‍ധിച്ച് 208 രൂപയായി. സര്‍വകാല റെക്കോഡാണിത്. എം.സി.എക്‌സില്‍ വെള്ളി വില 4 ശതമാനത്തോളം കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഇനിയും കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണം, വെള്ളി വിലകള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം.
നവംബറിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതോടെ, സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന നിഗമനത്തിലാണ് നിക്ഷേപകര്‍. ഇത് സ്വര്‍ണ്ണത്തിനും വെള്ളിക്കും ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായി. ആഗോള സാമ്പത്തിക ഘടകങ്ങള്‍ സ്വര്‍ണത്തിന് അനുകൂലമായി തുടരുന്നതിനാല്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
18 കാരറ്റിന് ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 10,140 രൂപയായി. 14 കാരറ്റിന് 7,895 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,095 രൂപയുമാണ് വില.
അമേരിക്കയിലെ തൊഴില്‍ റിപ്പോര്‍ട്ട് പ്രകാരം നവംബറില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായി കാണിക്കുന്നു. റോയിട്ടേഴ്‌സ് (Reuters) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, നവംബറിലെ തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനമാണ്. ഇത് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ കണക്കാക്കിയിരുന്ന 4.4 ശതമാനത്തേക്കാള്‍ കൂടുതലാണ്. ഈ സാഹചര്യത്തില്‍ 2026-ല്‍ ഫെഡറല്‍ റിസര്‍വ് 25 ബേസിസ് പോയിന്റുകള്‍ വീതം രണ്ട് തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. പലിശ നിരക്ക് കുറയുന്ന സാഹചര്യം സാധാരണയായി സ്വര്‍ണവില ഉയരാന്‍ കാരണമാകാറുണ്ട്. യുഎസ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ (FOMC) അടുത്ത യോഗം ജനുവരി 27-28 തീയതികളില്‍ നടക്കും. അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിച്ചേക്കാമെന്ന സൂചനകള്‍ സ്വര്‍ണ വിലയില്‍ ഇടിവിനും കാരണമായേക്കും.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സമാധാന കരാര്‍ അടുത്താണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സമാധാന നിര്‍ദ്ദേശങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമരൂപത്തിലാകുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡമിര്‍ സെലെന്‍സ്‌കി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,01,652 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine