സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 3,508 ഡോളര്‍ വരെ താഴ്ന്ന ശേഷം 3,538 ഡോളറിലെത്തി. ഇന്നലെ മാത്രം 2.41 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിനു മുമ്പ് 2025 സെപ്റ്റംബര്‍ നാലിനാണ് ഈ നിലവാരത്തിനടുത്തെത്തിയത് (3,511 ഡോളര്‍).
1980-നുശേഷമുള്ള ഏറ്റവും വലിയ തിരുത്തലുകളിലൊന്നായാണ് ഇപ്പോഴത്തെ ഈ ഇടിവിനെ കണക്കാക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയും പവന് 360 രൂപ കുറഞ്ഞ് 91,720 രൂപയുമായി. കേരളത്തിലെ റെക്കോഡ് വിലയില്‍ നിന്ന് 39,440 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. 2026 ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് കേരളത്തിലെ റെക്കോഡ് വില. 18 കാരറ്റിന് ഗ്രാമിന് 9,330 രൂപയും 14 കാരറ്റിന് ഗ്രാമിന് 7,340 രൂപയുമാണ് വില. ഒമ്പത് കാരറ്റിന് ഗ്രാമിന് 4,740 രൂപ. 39,440 കേരളത്തില്‍ വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 175 രൂപയില്‍ തുടരുന്നു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷയും ബോണ്ട് യീല്‍ഡിലെ വര്‍ധനയും ഡോളറിന്റെ കരുത്തുമാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്. ഓഹരി വിപണിയിലെ ഇടിവിനെത്തുടര്‍ന്ന് നഷ്ടം നികത്തുന്നതിനുള്ള വില്‍പ്പന സമ്മര്‍ദവും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. സാങ്കേതികമായും വിപണി ദുര്‍ബലമായ പ്രവണതയിലാണ്.
നിലവിലെ സാഹചര്യത്തില്‍ ഉടനടി ശക്തമായ തിരിച്ചുകയറ്റം ഉറപ്പുപറയാനാകില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ തുടര്‍ച്ചയായ ഇടിവിനുശേഷം കുറഞ്ഞ വിലയിലെ വാങ്ങലുകള്‍ വിപണിയില്‍ താല്‍ക്കാലിക വിലത്താങ്ങിന് വഴിയൊരുക്കാം. വില ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ വാങ്ങല്‍ മാറ്റിവയ്ക്കുന്ന പ്രവണതയും വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്.
1980-ലെ സ്വര്‍ണവിപണിയും ഇന്നത്തെ വിപണിയും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും വിലയിലെ ചലനങ്ങളില്‍ ചില സമാനതകള്‍ കാണാം.
1976 മുതല്‍ 1980 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അന്താരാഷ്ട്ര സ്വര്‍ണവില ഏകദേശം 541 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 667 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍ അതിനുശേഷം വിലയില്‍ വലിയ തകര്‍ച്ചയുണ്ടായി. 1982 ജൂണില്‍ സ്വര്‍ണവില 318 ഡോളറിലേക്ക് താഴ്ന്നു. ഉയര്‍ന്ന നിലവാരത്തില്‍നിന്ന് ഏകദേശം 52 ശതമാനത്തിന്റെ ഇടിവാണ് അന്നുണ്ടായത്.
അന്നത്തെ വിലക്കയറ്റത്തിന് പിന്നില്‍ 1979-ലെ രണ്ടാമത്തെ എണ്ണപ്രതിസന്ധി, ആഗോള പണപ്പെരുപ്പം, സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാന്‍ അധിനിവേശം, ഡോളറിന്റെ മൂല്യത്തകര്‍ച്ച തുടങ്ങിയ ഘടകങ്ങളായിരുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വം സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിച്ചു. എന്നാല്‍ പിന്നീട് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ പോള്‍ വോള്‍ക്കറുടെ നേതൃത്വത്തില്‍ പലിശനിരക്ക് 20 ശതമാനം വരെ ഉയര്‍ത്തിയതോടെ ഡോളര്‍ ശക്തിപ്പെടുകയും സ്വര്‍ണത്തില്‍നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങുകയും ചെയ്തു. ഇതാണ് തുടര്‍ന്നുണ്ടായ വലിയ വിലയിടിവിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
1980-ലെ ഇന്ത്യന്‍ സ്വര്‍ണവിപണിയും ഇന്നത്തേതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അന്ന് Gold Control Act നിലവിലുണ്ടായിരുന്നു. ഔദ്യോഗിക സ്വര്‍ണ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ ആഭ്യന്തര വിപണിയിലെ വില അന്താരാഷ്ട്ര വിലയുമായി നേരിട്ട് ബന്ധപ്പെട്ടു നീങ്ങിയിരുന്നില്ല. അനധികൃത ഇറക്കുമതിയും കടത്തും ആഭ്യന്തര ലഭ്യതയും രൂപയുടെ വിനിമയ നിരക്കും ഇന്ത്യന്‍ വിപണിയെ കാര്യമായി സ്വാധീനിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ചുയര്‍ന്ന സമയത്ത് ഇന്ത്യയില്‍നിന്നുപോലും ഒന്‍പത് ടണ്‍ സ്വര്‍ണം പുറത്തേക്ക് കടത്തിയതായി റിസര്‍വ് ബാങ്കിന്റെ ചരിത്രപരമായ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
1990-കളിലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിനുശേഷമാണ് ഇന്ത്യന്‍ സ്വര്‍ണവിപണി അന്താരാഷ്ട്ര വിപണിയുമായി കൂടുതല്‍ ബന്ധപ്പെടാന്‍ തുടങ്ങിയത്. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണവില, ഡോളറിനെതിരായ രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ, ക്രൂഡ് ഓയില്‍ വില, നിക്ഷേപകരുടെ താല്‍പര്യം തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിയെയും കേരളത്തിലെ സ്വര്‍ണവിലയെയും നേരിട്ട് സ്വാധീനിക്കുന്നുണ്ട്.
ഇപ്പോഴത്തെ വിലയിടിവിന് പിന്നിലും വ്യത്യസ്തമായ ആഗോള സാമ്പത്തിക സാഹചര്യങ്ങളുണ്ട്. ജനുവരിയില്‍ ഔണ്‍സിന് 5,600 ഡോളറിനു മുകളില്‍ എത്തിയ സ്വര്‍ണവില നവംബറില്‍ 3,520 ഡോളറിനടുത്തേക്ക് താഴ്ന്നു. കേരളത്തില്‍ ഒരു പവന് ഒറ്റദിവസം 3,760 രൂപയുടെ ഇടിവുണ്ടായതും വിപണിയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
എന്നാല്‍ 1980-ലെ സാഹചര്യം അതേപടി ഇന്ന് ആവര്‍ത്തിക്കുമെന്ന് കരുതാനാവില്ല. ഇന്നത്തെ സ്വര്‍ണവിപണിയില്‍ കേന്ദ്രബാങ്കുകളുടെ വാങ്ങല്‍, ഗോള്‍ഡ് ETF നിക്ഷേപങ്ങള്‍, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയ്ക്കും വലിയ പങ്കുണ്ട്. വില വലിയ തോതില്‍ കുറഞ്ഞതോടെ നിക്ഷേപകര്‍ വീണ്ടും വാങ്ങലിലേക്ക് തിരിയുന്നുണ്ടോ എന്നതും നിര്‍ണായകമാണ്.
ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും. അതുപ്രകാരം, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ രൂപയാകും.
Read DhanamOnline in English
Subscribe to Dhanam Magazine