Envato
Business Kerala

ഇതെന്ത് കളി!, കയറിയതിയില്‍ പാതിയും തിരിച്ചിറങ്ങി, എട്ട് മണിക്കൂര്‍ കൊണ്ട് കേരളത്തില്‍ സ്വര്‍ണ വിലയില്‍ ട്വിസ്റ്റ്

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കടുക്കുന്നതിനിടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ യുഎസ് ഡോളറിനെയും ക്രൂഡ് ഓയിലിനെയും ആശ്രയിക്കുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൈകിട്ടോടെ വീണ്ടും മാറ്റം. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാം വില 14,490 രൂപയും പവന്‍ വില 1,15,920 രൂപയുമായി.

18 കാരറ്റിന് 40 രൂപ കുറഞ്ഞ് ഗ്രാമിന് 11,905 രൂപയായി. 14 കാരറ്റിന് 9,270 രൂപയും ഒമ്പത് കാരറ്റിന് 5,980 രൂപയുമാണ് വില.

ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചത് പവന് 880 രൂപ ഉയര്‍ന്ന് 14,540 രൂപയിലായിരുന്നു. ആറ് ദിവസത്തെ ഇടിവിനു ശേഷമായിരുന്നു ഇന്നത്തെ ഉയര്‍ച്ച. എന്നാല്‍ രാജ്യന്തര വിലയില്‍ തിരുത്തലുണ്ടായത് കേരളത്തിലും വിലയില്‍ പ്രതഫലിക്കുകയായിരുന്നു.

നിക്ഷേപകര്‍ ക്രൂഡിലേക്കും ഡോളറിലേക്കും

അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നിവര്‍ ഉള്‍പ്പെട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കടുക്കുന്നതിനിടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ യുഎസ് ഡോളറിനെയും ക്രൂഡ് ഓയിലിനെയും ആശ്രയിക്കുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്.

ക്രൂഡ് ഓയിൽ വില ഉയരുന്നതും ഡോളർ ശക്തി പ്രാപിക്കുന്നതും സ്വർണവില കുറയുന്നതിന് കാരണമാകുന്നുണ്ട്. ഇന്ന് രാവിലെ ക്രൂഡോയിൽ വില കുറയുകയും സ്വർണവില കൂടുകയുമാണ് ചെയ്തത്. രാവിലെ 5035 ഡോളർ വരെ പോയ അന്താരാഷ്ട്ര സ്വർണ വില ഇന്ന് ഉച്ചയ്ക്ക് ശേഷം 5,000 ഡോളറിലേക്ക് താഴ്ന്ന് ഇറങ്ങിയതാണ് കേരളത്തില്‍ വ്യാപാര സംഘടനകള്‍ വില മാറ്റി നിശ്ചയിക്കാന്‍ കാരണം.

വില സൂചനകള്‍ ഇങ്ങനെ

പശ്ചിമേഷ്യയിലെ സംഘര്‍ഷം ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പ്രത്യേകിച്ച്, ലോകത്തെ മൊത്തം ക്രൂഡ് ഓയില്‍ നീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ ഇന്ധനവില കുതിച്ചുയരാന്‍ കാരണമായി. ഇത് ആഗോളതലത്തില്‍ പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തുന്നുണ്ട്‌.

പണപ്പെരുപ്പം ഉയരുന്നത് തുടര്‍ന്നാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ വൈകിയേക്കും. പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്ന സൂചനകള്‍ സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് തടസമാകുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം സ്വര്‍ണ അധിഷ്ഠിത ഇടിഎഫ് (Gold ETF) നിക്ഷേപങ്ങളില്‍ 30 ടണ്ണിന്റെ കുറവുണ്ടായത് നിക്ഷേപകര്‍ക്കിടയിലെ ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്.

ഈ ആഴ്ച നടക്കാനിരിക്കുന്ന പ്രമുഖ കേന്ദ്ര ബാങ്കുകളുടെ (ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ജപ്പാന്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഇസിബി) പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍ വിപണിയുടെ ഗതി നിശ്ചയിക്കും. സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നുണ്ടെങ്കിലും, കടുത്ത സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കാനുള്ള സാധ്യതകള്‍ നിക്ഷേപകരെ മാറിചിന്തിപ്പിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT