പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ (Cochin Shipyard) ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഡിസ്ഇന്‍വെസ്റ്റ്മെന്റ് (ഓഹരി വിറ്റഴിക്കല്‍) പദ്ധതികളുടെ ഭാഗമായി ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴിയാണ് സര്‍ക്കാര്‍ ഓഹരികള്‍ വിപണിയിലെത്തിക്കുന്നത്. ഷിപ്പ്‌യാര്‍ഡിന്റെ 5.04 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിലൂടെ ഏകദേശം 1,856 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച വിപണി സമയം അവസാനിച്ച ശേഷമാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (DIPAM) സെക്രട്ടറി അരുണിഷ് ചൗള ഈ വിവരം എക്‌സിലൂടെ (X) പുറത്തുവിട്ടത്.
ഒരു ഓഹരിക്ക് 1,400 രൂപയാണ് ഫ്‌ളോര്‍ പ്രൈസ് നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 6-ലെ ക്ലോസിംഗ് വിലയേക്കാള്‍ ഏഴ് ശതമാനത്തോളം കുറഞ്ഞ നിരക്കിലാണിത്. റീറ്റെയ്ല്‍ ഇതര നിക്ഷേപകര്‍ക്കായി (Non-retail investors) ഒഎഫ്എസ് ഇന്ന് (ജൂലൈ 7) തുറന്നു. ചെറുകിട നിക്ഷേപകര്‍ക്കും (Retail investors) യോഗ്യരായ ജീവനക്കാര്‍ക്കും നാളെ (ജൂലൈ 8) ഓഹരികള്‍ക്കായി അപേക്ഷിക്കാം. റീട്ടെയില്‍ നിക്ഷേപകര്‍ക്കും യോഗ്യരായ ജീവനക്കാര്‍ക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ പ്രത്യേക വിന്‍ഡോ വഴി ഇതില്‍ പങ്കെടുക്കാം.
ഒഎഫ്എസിന്റെ കുറഞ്ഞത് 25 ശതമാനം മ്യൂച്വല്‍ ഫണ്ടുകള്‍ക്കായും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായും മാറ്റിവെച്ചിരിക്കുന്നു. 10 ശതമാനം ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായി സംവരണം ചെയ്തിട്ടുള്ളതാണ്.
നിക്ഷേപകര്‍ക്ക് ബിഡ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ വിലയാണ് പ്രതി ഓഹരിക്ക് 1,400 രൂപ എന്ന ഫ്‌ളോര്‍ പ്രൈസ്. അന്തിമ അലോട്ട്മെന്റ് ഡിമാന്‍ഡ്, ലഭിച്ച ബിഡുകള്‍, ഒപ്പം ഒഎഫ്എസ് പ്രക്രിയയ്ക്ക് കീഴിലുള്ള ക്ലിയറിംഗ് പ്രൈസ് എന്നിവയെ ആശ്രയിച്ചിരിക്കും.
സര്‍ക്കാര്‍ രണ്ട് ഘട്ടങ്ങളായാണ് ഈ ഓഹരി വില്‍പന വിഭാവനം ചെയ്തിരിക്കുന്നത്. ഷിപ്പ്‌യാര്‍ഡിന്റെ പെയ്ഡ്-അപ്പ് ഇക്വിറ്റിയുടെ 2.52 ശതമാനം ഓഹരികളാണ് ആദ്യ ഘട്ടത്തില്‍ വില്‍ക്കുന്നത് (ഏകദേശം 66.29 ലക്ഷം ഓഹരികള്‍). ഇതിനു പുറമെ, പ്രതീക്ഷിക്കുന്നതിലും അധികം സബ്സ്‌ക്രിപ്ഷന്‍ ഉണ്ടാകുകയാണെങ്കില്‍ അവസരം വിനിയോഗിക്കാനായി 'ഗ്രീന്‍-ഷൂ ഓപ്ഷന്‍' (Green-shoe option) വഴി അത്രയും തന്നെ ഓഹരികള്‍ കൂടി (2.52 ശതമാനം) മാറ്റിവെച്ചിട്ടുണ്ട്. ഈ രണ്ട് ഓപ്ഷനുകളും പൂര്‍ണ്ണമായി വിനിയോഗിക്കപ്പെട്ടാല്‍ ആകെ 1.3 കോടി ഓഹരികള്‍ വിപണിയിലെത്തും.
നിലവില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കേന്ദ്ര സര്‍ക്കാരിന് 67.91 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഈ ഒഎഫ്എസ് പൂര്‍ണ്ണമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടാല്‍ സര്‍ക്കാരിന്റെ വിഹിതം 62.87 ശതമാനമായി കുറയും. എങ്കിലും കമ്പനിയുടെ ഭൂരിപക്ഷ ഓഹരികളും മാനേജ്മെന്റ് നിയന്ത്രണവും കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ തന്നെ സുരക്ഷിതമായിരിക്കും.
പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് വിപണിയിലുള്ള ശക്തമായ ഡിമാന്‍ഡ് പ്രയോജനപ്പെടുത്താനും, കേന്ദ്ര ബജറ്റിലെ അസറ്റ് മോണിറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനും, പൊതുവിപണിയില്‍ ഓഹരികളുടെ ലിക്വിഡിറ്റി വര്‍ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം ഡിസ്ഇന്‍വെസ്റ്റ്മെന്റിലൂടെയും അസറ്റ് മോണിറ്റൈസേഷനിലൂടെയും 80,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോള്‍ ഇന്ത്യ, എന്‍എച്ച്പിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ സര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് വേഗത്തില്‍ മുന്നേറുന്നുണ്ട്. വന്‍കിട ഓര്‍ഡറുകളുമായി പ്രതിരോധ-കപ്പല്‍ നിര്‍മാണ മേഖലയില്‍ മികച്ച മുന്നേറ്റം നടത്തുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഒഎഫ്എസിനും വിപണിയില്‍ വലിയ ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.
നിലവില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 9.62 ലക്ഷത്തോളം വരുന്ന ചെറുകിട നിക്ഷേപകര്‍ക്ക് 20 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (LIC) 3 ശതമാനത്തിലധികവും വിദേശ നിക്ഷേപകര്‍ക്ക് (FPI) 3 ശതമാനത്തോളവും 24 മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി 2 ശതമാനത്തിലേറെയും ഓഹരി പങ്കാളിത്തമുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 680 ശതമാനവും, മൂന്ന് വര്‍ഷത്തിനിടെ 420 ശതമാനവും മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ ഓഹരിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റേത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഓഹരി വിലയില്‍ 26.5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലത്തെ ഓഹരി വില അനുസരിച്ച് 37,918 കോടി രൂപയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിപണി മൂല്യം.
2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ (Q4FY26) പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനമായി കമ്പനി നേടിയത് 1,484.3 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തിലെ വരുമാനം 1,757.7 കോടി രൂപയായിരുന്നു (15.6 ശതമാനം ഇടിവ്). ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 277 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ നാലാം പാദത്തില്‍ ഇത് 287 കോടി രൂപയായിരുന്നു.
The central government aims to raise around Rs 1,856 crore through an Offer for Sale (OFS), offering a 7% discount to retail and institutional investors.
Read DhanamOnline in English
Subscribe to Dhanam Magazine