മാസ്‌റ്റേഴ്‌സ് ഭാരവാഹികൾ മന്ത്രി കെ. കൃഷ്ണൻകുട്ടിയോടൊപ്പം  
Business Kerala

കോഴിക്കോട്ട് ഗ്രീന്‍ എനര്‍ജി എക്‌സ്‌പോയുമായി മാസ്റ്റേഴ്‌സ്

സെപ്റ്റംബര്‍ 15ന് രാവിലെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി മൂന്നു ദിവസത്തെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും

Dhanam News Desk

സൗരോര്‍ജ മേഖലയിലെ പുതിയ സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മിനിസ്ട്രി അപ്രൂവ്ഡ് സോളാര്‍ ട്രേഡേഴ്‌സിന്റെ (മാസ്റ്റേഴ്‌സ്) നേതൃത്വത്തില്‍ കോഴിക്കോട്ട് ഗ്രീന്‍ എനര്‍ജി എക്‌സ്‌പോ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 15,16,17 തീയതികളില്‍ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ പ്രദര്‍ശനം നടക്കും. 15ന് രാവിലെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ അംഗീകൃത സോളാര്‍ വെണ്ടര്‍മാരുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ സംഘടനയാണ് മാസ്റ്റേഴ്‌സ്. സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. റോഡ് ഷോ, ബോധവല്‍ക്കരണ സദസുകള്‍ തുടങ്ങിയ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.

സോളാര്‍ മേഖലയില്‍ രാജ്യത്ത് ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യയും അതിന്റെ ദാതാക്കള്‍, നടത്തിപ്പുകാര്‍ തുടങ്ങിയവരെയും ഉള്‍പ്പെടുത്തി നടത്തുന്ന ദക്ഷിണേന്ത്യയിലെ പ്രധാന പ്രദര്‍ശനമാക്കി മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം.

സെമിനാറും ജോബ് ഫെയറും

പ്രദര്‍ശന ദിവസങ്ങളില്‍ സൗരോര്‍ജ വിഷയത്തില്‍ വിദഗ്ധര്‍ നയിക്കുന്ന  സെമിനാറുകളും സംവാദ സദസുകളും നടക്കും. 500ലേറെ വരുന്ന കേരളത്തിലെ വെണ്ടർമാർക്ക് ആവശ്യമായ ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള ജോബ് എക്‌സ്‌പോ ആണ് മറ്റൊരു ആകര്‍ഷണം. കേരളത്തിലെ ഏറ്റവും വിപുലവും വലുതുമായ എക്‌സ്‌പോ ആയിരിക്കുമിതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. സുസ്ഥിര വികസന മാതൃകയില്‍ പാരമ്പര്യേതര ഊര്‍ജോല്‍പ്പാദനം, സംഭരണം, ഉപയോഗം, മാലിന്യസംസ്‌കരണം തുടങ്ങിയ മേഖലകളില്‍ പ്രോജക്റ്റ് ആയോ സംരംഭങ്ങളായോ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍ക്കും വാണിജ്യ മാതൃകകള്‍ക്കും എക്‌സ്‌പോയില്‍ സൗജന്യ സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.

കൂട്ടായ്മയുടെ മാസ്റ്റേഴ്‌സ്

വൈദ്യുതിയുടെ ആവശ്യകത കൂടിവരികയും പരമ്പരാഗത വൈദ്യുത ഉല്‍പ്പാദന രീതികള്‍ പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പ്രകൃതിദത്തമായ സൗരോര്‍ജ പദ്ധതികളെ എല്ലാ സര്‍ക്കാരുകളും പ്രോത്സാഹിപ്പിച്ചു വരികയും ഇന്ത്യയില്‍ അതിനായി സബ്‌സിഡി ഇനത്തില്‍ 12,800 കോടി രൂപയിലേറെ മാറ്റിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ 500ലേറെ വെണ്ടര്‍മാരെ പദ്ധതി നടത്തിപ്പിനായി കെ.എസ്.ഇ.ബി തിരഞ്ഞെടുത്തിട്ടുണ്ട്. അവരുടെ കൂട്ടായ്മയാണ് മാസ്റ്റേഴ്‌സ്.

ഗ്രീന്‍ എനര്‍ജി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്കായി ധനലക്ഷ്മി ബാങ്കുമായി സംഘടന ധാരണയിലെത്തിയിട്ടുണ്ട്. സബ്‌സിഡി വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, കെ.എസ്.ഇ.ബി രജിസ്‌ട്രേഷന്‍ സുഗമമാക്കുക, നൂതനമായ സാങ്കേതിക വിദ്യ സ്വായത്തമാക്കുക, ക്വാളിറ്റി ഇന്‍സ്റ്റലേഷന്‍ ഉറപ്പാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനം കൊണ്ട് നേട്ടമുണ്ടായിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT