creative economy canva
Business Kerala

''സര്‍ക്കാര്‍ ഈ ഒരൊറ്റ കാര്യം ചെയ്യൂ, നിക്ഷേപം താനെ വരും''

കേരളത്തില്‍ ക്രിയേറ്റീവ് ഇക്കോണമിയുടെ സാധ്യതകളെ കുറിച്ചും സര്‍ക്കാര്‍ ഇടപെടലിന്റെ അനിവാര്യതയെ കുറിച്ചും പ്രശസ്ത ആര്‍ക്കിടെക്ടും അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ സ്ഥാപകനുമായ ടോണി ജോസഫ് 'ധനം' അഭിമുഖത്തില്‍ സംസാരിക്കുന്നു.

Dhanam News Desk

ഭൂമി, മൂലധനം എന്നിങ്ങനെ പരമ്പരാഗത വിഭവസമ്പത്ത് മാത്രമല്ല, ജനങ്ങളുടെ സര്‍ഗാത്മകതയും സമ്പദ്വ്യവസ്ഥ വളര്‍ത്തുന്നതില്‍ ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസവും ലോക പരിചയവും ആഗോളതലത്തിലെ പ്രവര്‍ത്തന സമ്പത്തും ഏറെയുള്ളവരാണ് കേരളീയര്‍ എന്ന നിലയ്ക്ക് ഇത്തരത്തിലുള്ള ക്രിയേറ്റീവ് ഇക്കോണമിക്ക് സാധ്യതയേറെയാണെന്ന് പറയുന്നു, പ്രശസ്ത ആര്‍ക്കിടെക്റ്റും സ്തപതിയുടെ സ്ഥാപകനുമായ ടോണി ജോസഫ്. കോഴിക്കോട് ആസ്ഥാനമായുള്ള അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ സ്ഥാപകന്‍ കൂടിയായ ടോണി ജോസഫ് കൊച്ചി മുസരിസ് ബിനാലെ 2016ലേക്ക് ക്ഷണിക്കപ്പെട്ട ശില്‍പ്പി കൂടിയായിരുന്നു. രൂപകല്‍പ്പന കൊണ്ട് വേറിട്ട് നില്‍ക്കുന്ന ഒട്ടനവധി ഹോസ്പിറ്റാലിറ്റി, ഹൗസിംഗ്, കൊമേഴ്സ്യല്‍ പദ്ധതികളുടെ ശില്‍പ്പിയായ ആര്‍ക്കിടെക്റ്റ് ടോണി ജോസഫ് സംസ്ഥാനത്തെ ടൂറിസം മേഖലയിലേക്ക് നിക്ഷേപം ഒഴുകിയെത്താന്‍ സര്‍ക്കാര്‍ ഒരൊറ്റ കാര്യം മാത്രം ചെയ്താല്‍ മതിയെന്ന് വ്യക്തമാക്കുന്നു. ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍.

കേരളത്തില്‍ ക്രിയേറ്റീവ് ഇക്കോണമിയുടെ സാധ്യത

വിദ്യാഭ്യാസമുള്ള ജനത, നമ്മുടെ സംസ്‌കാരം, ഉത്സവങ്ങള്‍, ലോകത്തിന്റെ ഏത് കോണിലുമെത്തി മലയാളികള്‍ ആര്‍ജിച്ചെടുത്തിരിക്കുന്ന വൈദഗ്ധ്യവും പ്രതിഭയും എല്ലാമെല്ലാം കേരളത്തിലെ ക്രിയേറ്റീവ് ഇക്കോണമിക്കുള്ള മുതല്‍ക്കൂട്ടാണ്. കൊച്ചി മുസരിസ് ബിനാലെ ആ ദിശയിലേക്കുള്ള നല്ലൊരു ചുവടുവെയ്പുമാണ്. സര്‍ക്കാര്‍ പിന്തുണ ഭാഗികമായി ബിനാലെയ്ക്കുണ്ട്. എന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ അതിലുമേറെ പിന്തുണ നല്‍കണം. ബിനാലെ കേരളത്തില്‍ ശക്തമായ സ്വാധീനം വിവിധ രംഗങ്ങളില്‍ വരുത്തിയിട്ടുണ്ട്.

അതുപോലെ തന്നെ മികവിന്റെ കേന്ദ്രങ്ങളായ ഡിസൈന്‍ സ്‌കൂളുകള്‍ കേരളത്തിലുണ്ടാകണം. ഇക്കാര്യത്തിലും സര്‍ക്കാര്‍ പിന്തുണ അനിവാര്യമാണ്. ഇവിടെ പ്രതിഭാധനരായ ഒട്ടനവധി ആളുകളുണ്ട്. അവരെ വിനിയോഗിച്ചാല്‍ മാത്രം മതി. അതിന് ആദ്യം സര്‍ക്കാര്‍ തലത്തില്‍ വ്യക്തത വേണം. സംസാരത്തിലല്ല കാര്യം, പ്രവൃത്തിയിലാണ്.

ഉപയോഗിക്കാതെ പോകുന്ന അനുകൂല ഘടകങ്ങള്‍

നയങ്ങള്‍ മാത്രം സൃഷ്ടിച്ചതുകൊണ്ട് കാര്യമില്ല. അത് നടപ്പാക്കണം. ഇവിടെ പല കാര്യത്തിലും വ്യക്തതയില്ല. ഉദാഹരണത്തിന് കേരളത്തിലെ ഒരു റിസോര്‍ട്ട് നിര്‍മാണം ആര്‍ക്ക് വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും തടസപ്പെടുത്താവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പണി തടയാന്‍ നൂറല്ല, ഇരുന്നൂറ് കാരണങ്ങള്‍ ഇവിടെയുണ്ട്. എനിക്ക് തന്നെ കഴിഞ്ഞ കുറേക്കാലമായി ഇവിടെ ഏറ്റെടുത്ത 10-12 റിസോര്‍ട്ട് പദ്ധതികളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനായത് രണ്ടെണ്ണം മാത്രമാണ്. അത്തരമൊരു സാഹചര്യത്തില്‍ ആരാണ് ഇവിടെ നിക്ഷേപം നടത്താന്‍ ധൈര്യപ്പെടുക.

സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഇക്കാര്യത്തില്‍ സര്‍ക്കാരിന് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. പ്രകൃതി സൗന്ദര്യമാണ് കേരളത്തിന്റെ സമ്പത്ത്. പല വിഭവങ്ങളും പരിമിതവുമാണ്. നമുക്ക് നിര്‍മിതികള്‍ നടത്താവുന്ന സ്ഥലം കുറവാണ്. ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ ടൂറിസം പദ്ധതികള്‍ക്കുള്ള സ്ഥലം നിശ്ചയിക്കണം. അത്തരം സ്ഥലത്ത് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന കാര്യത്തില്‍ വ്യക്തത വേണം. സര്‍ക്കാര്‍ ഇത്രയും ചെയ്താല്‍ തന്നെ കേരളത്തിലേക്ക് നിക്ഷേപം വരും. എവിടെയും പോയി നിക്ഷേപം ആകര്‍ഷിക്കേണ്ടി വരില്ല. സിജിഎച്ച് എര്‍ത്ത് പോലെ കേരളത്തില്‍ നിന്നുള്ള ഗ്രൂപ്പുകള്‍ എത്ര സുന്ദരമായ പദ്ധതികളാണ് സൃഷ്ടിച്ചിരിക്കുന്നത്. എത്രമാത്രം മൂല്യമാണ്

അതിലൂടെ ഉണ്ടായിരിക്കുന്നത്. നിക്ഷേപകര്‍ക്ക് വേണ്ടത് വ്യക്തതയാണ്. സര്‍ക്കാര്‍ അതുമാത്രം നല്‍കിയാല്‍ മതി. അത് സര്‍ക്കാരിനേ നല്‍കാനാവൂ.

അതുപോലെ തന്നെ കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ വേണം. ഇവിടെ ഓരോ പ്രദേശവും പാരിസ്ഥിതികമായി വിഭിന്നമാണ്. കുമരകം പോലെയല്ല വയനാട്. അതുപോലെയല്ല മൂന്നാര്‍. വയനാട്ടില്‍ ഇപ്പോള്‍ എന്താണ് സംഭവിച്ചത്? അവിടെ കൃത്യമായ മാസ്റ്റര്‍ പ്ലാനുണ്ടായെങ്കില്‍ പലതും ഒഴിവാക്കാമായിരുന്നു. മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല. സര്‍ക്കാര്‍ പ്രൊ-ആക്ടീവായ നിലപാട് എടുത്താല്‍ മാത്രം മതി.

നമുക്കിവിടെ ടൂറിസം രംഗത്ത് വലിയ ബ്രാന്‍ഡുകള്‍ വേണമെന്നില്ല എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കാം. ശരിയാണ്, ചെറുതായാലും മതി. പക്ഷേ ഈ ചെറിയ ബ്രാന്‍ഡുകള്‍ക്കും വാല്യുവും ബിസിനസും ലഭിക്കണമെങ്കില്‍ വലിയ ബ്രാന്‍ഡുകളും വേണം. കേരളം ഒരു ചെറിയ പ്രദേശമാണ്. ഇവിടേക്ക് വരേണ്ടത് ഹൈ വാല്യു ടൂറിസ്റ്റുകളാണ്. കുറഞ്ഞ തുക ചെലവിടുന്ന കുറേയാളുകള്‍ ഇവിടേക്ക് വരുന്നത് കൊണ്ട് നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ കാര്യമായ ചലനമുണ്ടാവില്ല. പരിസ്ഥിതിക്ക് കുറഞ്ഞ ആഘാതം ഏല്‍പ്പിക്കുന്ന, അതേസമയം കൂടുതല്‍ മൂല്യമുണ്ടാക്കുന്ന പദ്ധതികളാണ് ഇവിടെ വേണ്ടത്. സിജിഎച്ച് എര്‍ത്ത് പോലുള്ളവ ചെയ്തത് അതാണ്.

ആര്‍ക്കിടെക്റ്റ്, ഡിസൈന്‍ രംഗത്തെ പുത്തന്‍ പ്രവണതകള്‍

പരിസ്ഥിതിയോട് ഇണങ്ങിയ നിര്‍മിതികള്‍ എന്നത് മുമ്പ് സംസാരത്തില്‍ മാത്രം ഒതുങ്ങിയിരുന്നു. ഇപ്പോള്‍ അത് എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാവുന്നു. അതിനുവേണ്ടി നിഷ്‌കര്‍ഷയുണ്ട്. ഡിസൈനിന് അങ്ങേയറ്റം പ്രാധാന്യം വന്നിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറ്റവും മികച്ച ഡിസൈനുകളില്‍ നിര്‍മിതികള്‍ വന്നിരിക്കുന്നു. വന്നുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും തന്നെ ടൂറിസം രംഗത്ത് വളരെ മികച്ച പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ഡിസൈന്‍ രംഗത്തെ സാധ്യതകള്‍

ഈ രംഗത്ത് നല്ല സാധ്യതകളുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) വന്നതുകൊണ്ട് ക്രിയേറ്റീവ് രംഗത്തെ സാധ്യതകള്‍ ഇല്ലാതാകുന്നില്ല. അത് നമ്മുടെ ജോലി എളുപ്പമാക്കുന്നു എന്നു മാത്രം. എഐക്ക് ഇല്ലാത്ത സര്‍ഗാത്മകത വേണം. മത്സരം കമ്പ്യൂട്ടറുകളുമായാണ്. ടെക്നോളജി എങ്ങനെ നാം ഉപയോഗിക്കുന്നു, എങ്ങനെ നമ്മുടെ ക്രിയേറ്റിവിറ്റി ഉപയോഗിക്കുന്നു എന്നതിനനുസരിച്ചാണ് ഇനി ഓരോ മേഖലയിലെയും സാധ്യതകള്‍.

(ധനം മാഗസിന്‍ ജനുവരി 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT