Business Kerala

പണം സേഫാക്കാന്‍ പ്രവാസികള്‍ നാട്ടിലേക്ക്; തരംഗമായത് ഈ ഒരു മേഖല, കേരളത്തിനും നേട്ടം!

ഗള്‍ഫിലെ വീസ, ജോലി സംബന്ധമായ പുതിയ മാനദണ്ഡങ്ങളും കറന്‍സി മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളും നാട്ടില്‍ ഒരു സ്ഥിരമായ ആസ്തി ഉറപ്പാക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നു

Resya Raveendran

ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സാമ്പത്തിക വ്യതിയാനങ്ങളും പ്രവാസി ഭാരതീയരുടെ (എന്‍.ആര്‍.ഐ) നിക്ഷേപ മുന്‍ഗണനകളില്‍ വന്‍ മാറ്റം വരുത്തുന്നു. ഗള്‍ഫ് വിപണികളില്‍ പണം സുരക്ഷിതമല്ലെന്ന ആശങ്കയെ തുടര്‍ന്ന്, പ്രവാസികള്‍ ഇന്ത്യയിലെ ലക്ഷ്വറി ഭവന വിപണിയിലേക്ക് വന്‍തോതില്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പ്രീമിയം, ലക്ഷ്വറി റസിഡന്‍ഷ്യല്‍ പ്രോജക്ടുകളില്‍ എന്‍.ആര്‍.ഐ നിക്ഷേപം ഗണ്യമായി വര്‍ധിക്കുകയാണ്.

യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ പ്രമുഖ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഇന്ത്യയിലെ ഉയര്‍ന്ന മൂല്യമുള്ള ആസ്തികളില്‍ താല്‍പ്പര്യം കാണിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഓഹരി വിപണികളിലും വിദേശ റിയല്‍ എസ്റ്റേറ്റിലും നിലനില്‍ക്കുന്ന അസ്ഥിരത ഒഴിവാക്കി, സുരക്ഷിത താവളം (Safe Haven) എന്ന നിലയില്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റിനെ എന്‍.ആര്‍.ഐകള്‍ കാണാന്‍ തുടങ്ങിയതാണ് നിലവിലെ ഡിമാന്‍ഡിന് കാരണം.

കേരളത്തിലേക്കും നിക്ഷേപം

ഇന്ത്യയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ പ്രീമിയം പ്രോജക്ടുകളിലെ ബുക്കിംഗുകളില്‍ 18 മുതല്‍ 22 ശതമാനം വരെ വിഹിതം നിലവില്‍ എന്‍.ആര്‍.ഐകളുടേതാണ്. മുംബൈ, ബംഗളൂരു, ഡല്‍ഹി-എന്‍.സി.ആര്‍ നഗരങ്ങള്‍ക്ക് ഒപ്പം തന്നെ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും അടക്കമുള്ള സ്ഥലങ്ങളുംഎന്‍.ആര്‍.ഐ നിക്ഷേപകരുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുന്നുണ്ട്. പ്രത്യേകിച്ച് ഗള്‍ഫില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി പ്രവാസികള്‍ നാട്ടില്‍ പ്രീമിയം വില്ലകളും ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകളും സ്വന്തമാക്കാന്‍ മുന്‍ഗണന നല്‍കുന്നു.

ഗള്‍ഫിലെ വീസ, ജോലി സംബന്ധമായ പുതിയ മാനദണ്ഡങ്ങളും കറന്‍സി മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളും നാട്ടില്‍ ഒരു സ്ഥിരമായ ആസ്തി ഉറപ്പാക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നു.

നിര്‍മാണം പൂര്‍ത്തിയായതോ അല്ലെങ്കില്‍ ഉടന്‍ കൈമാറ്റത്തിന് സജ്ജമായതോ ആയ (Ready-to-move-in) ലക്ഷ്വറി പ്രോജക്ടുകള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. കേന്ദ്ര-സംസ്ഥാന തലങ്ങളിലെ റെഗുലേറ്ററി വ്യക്തതയും (RERA) രൂപയുടെ മൂല്യത്തില്‍ ലഭിക്കുന്ന നേട്ടവും പ്രവാസി നിക്ഷേപകര്‍ക്ക് ആവേശം പകരുന്നുണ്ട്.

സുരക്ഷാ ആശങ്കകളും റീ-റൂട്ടിംഗും

ഗൾഫ് മേഖലയിലുണ്ടായ യുദ്ധഭീതിയും സുരക്ഷാ ആശങ്കകളും പ്രവാസികളെ നിക്ഷേപങ്ങൾ നാട്ടിലേക്ക് റീ-റൂട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതായി ക്രെഡായ് (Confederation of Real Estate Developers' Associations of India/CREDAI) കേരള കൺവീനർ ജനറലും നാഷണൽ കമ്മിറ്റി അംഗവുമായ എസ്. എന്‍ രഘുചന്ദ്രൻ നായർ ചൂണ്ടിക്കാട്ടി.

"ഗൾഫിലെ അസ്ഥിരതയും ഹൊർമുസ് കടലിടുക്കിലെ പ്രശ്നങ്ങളും കാരണം പ്രവാസികൾ സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. പലരും കുടുംബങ്ങളെ നാട്ടിലേക്ക് മാറ്റാനും ജോലി നാട്ടിലോ മറ്റ് രാജ്യങ്ങളിലോ കണ്ടെത്താനും ശ്രമിക്കുന്നു. ഗൾഫിൽ വാങ്ങിയ ഫ്ലാറ്റുകളിൽ വാടകക്കാർ ഇല്ലാതാകുന്നതും ടൂറിസം മേഖലയിലുണ്ടായ തിരിച്ചടിയും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതോടെയാണ് പ്രവാസികൾ സമ്പാദ്യം നാട്ടിലെ റിയൽ എസ്റ്റേറ്റിലേക്ക് വീണ്ടും മാറ്റാൻ തുടങ്ങിയത്," രഘുചന്ദ്രൻ നായർ പറഞ്ഞു.

നിലവിൽ പ്രവാസി നിക്ഷേപത്തിൽ 20 മുതൽ 25 ശതമാനം വരെ വർധന പ്രകടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. റെറ (RERA) വന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള വിശ്വാസ്യത വർധിച്ചു. പണം സുരക്ഷിതമാണെന്ന ഉറപ്പും ബാങ്കുകൾ എളുപ്പത്തിൽ വായ്പ നൽകുന്നതും പലിശനിരക്കുകളിലുണ്ടായ കുറവും പ്രവാസികളെ ആകർഷിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിൽ വസ്തുക്കൾക്കും ഫ്ലാറ്റുകൾക്കും വലിയ രീതിയിൽ വില വർധിക്കാൻ ഈ പുതിയ ട്രെൻഡ് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെസിഡന്‍ഷ്യല്‍ മേഖലയില്‍ അഫോര്‍ഡബിള്‍ (കുറഞ്ഞ ചെലവിലുള്ള) വീടുകളേക്കാള്‍ പ്രീമിയം, ഹൈ-എന്‍ഡ് വീടുകള്‍ക്ക് വില വര്‍ധിക്കുന്ന പ്രവണതയ്ക്ക് ഈ എന്‍.ആര്‍.ഐ ഓവര്‍സീസ് ഡിമാന്‍ഡ് കൂടുതല്‍ കരുത്തേകുന്നു. അടുത്ത പാദങ്ങളിലും ഈ ട്രെന്‍ഡ് തുടരുമെന്നാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

Rising geopolitical tensions in the Gulf are prompting NRIs to shift funds into Indian real estate, driving a strong surge in Kerala's premium property market.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT