Business Kerala

ഓസ്‌കാര്‍ വേദിയിലെ ഇന്ത്യന്‍ അഭിമാനം ഗുനീത് മോംഗ കപൂർ, കൊച്ചിയിലേക്ക്; ധനം ബിസിനസ് സമ്മിറ്റില്‍ ഒരുങ്ങുക അസുലഭ അവസരം

പ്രമുഖ ബിസിനസുകാരും നയരൂപകർത്താക്കളും ഉന്നത ഉദ്യോഗസ്ഥരും ഒരുമിക്കുന്ന അപൂര്‍വ്വ വേദിയാകും ജൂൺ 25ന് ലെ മെറിഡിയനിൽ നടക്കുന്ന ഡി-ഡേ

Dhanam News Desk

ലോകം ഉറ്റുനോക്കുന്ന ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ഇന്ത്യയുടെ അഭിമാനം രണ്ട് തവണ ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ വനിതാ ചലച്ചിത്ര നിര്‍മാതാവ് ഗുനീത് മോംഗ കപൂര്‍ കൊച്ചിയിലെത്തുന്നു. ജൂൺ 25ന് ലെ മെറിഡിയനിൽ നടക്കുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ്നൈറ്റ് 2025 വേദിയില്‍ വിശിഷ്ടാതിഥിയാകും.

നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയായ ദി എലിഫന്റ് വിസ്പറേഴ്സിലൂടെ 2023ല്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ഗുനീത് മോംഗ കപൂര്‍ 2019ല്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ പെണ്‍കുട്ടികളുടെ ദയനീയ ചിത്രം വരച്ചിട്ട 'പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്' എന്ന ഡോക്യുമെന്ററിയിലൂടെയും ഓസ്‌കാര്‍ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.

40 ഓളം ചിത്രങ്ങളുടെ നിര്‍മാതാവ്‌

ആത്മാര്‍പ്പണം, രാജ്യാന്തരതലത്തിലെ മഹദ് വ്യക്തിത്വങ്ങളുമായി ഇഴയടുപ്പമുള്ള ബന്ധം, മികവിലെ നൈരന്തര്യം ഇവയെല്ലാമാണ് ഗുനീത് മോംഗ കപൂര്‍ എന്ന ഇന്ത്യന്‍ ചലച്ചിത്ര സിനിമ നിര്‍മാതാവിനെ വേറിട്ട് നിര്‍ത്തുന്നത്. പ്രിയങ്ക ചോപ്ര ജോനാസുമായുള്ള പങ്കാളിത്തത്തിലൂടെ നിര്‍മ്മിച്ച അനുജ എന്ന ഹ്രസ്വചിത്രത്തിനും അക്കാദമി നോമിനേഷന്‍ ലഭിച്ചിരുന്നു.

BAFTA നോമിനി കൂടിയായ ഗുനീത് മോംഗ കപൂര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാതാവ് കൂടിയാണ്.

മുംബൈ ആസ്ഥാനമായുള്ള പ്രൊഡക്ഷന്‍ ഹൗസായ സിഖ്യയുടെ സ്ഥാപകയായ ഗുനീത് മോംഗ ഗാങ്സ് ഓഫ് വാസിപൂർ, ദി ലഞ്ച് ബോക്സ്, മണ്‍സൂണ്‍ ഷൂട്ടൗട്ട്, മാസാന്‍ തുടങ്ങി 40 ഓളം ചിത്രങ്ങളുടെ നിര്‍മാതാവാണ്.

കലയിലെ മികവിന് ഫ്രാന്‍സിന്റെ ഷെവലിയര്‍ പുരസ്‌കാരവും ഗുനീതിനെ തേടിയെത്തിയിട്ടുണ്ട്. സിനിമാ ലോകത്തെ ലിംഗസമത്വത്തിനും സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ വേദികളില്‍ ഉയര്‍ത്തുന്നതിനും മുന്നിട്ടിറങ്ങുന്ന ഗുനീത് മോംഗ രാജ്യാന്തരതലത്തിലെ വനിതാ സിനിമ നിര്‍മാതാക്കളുടെ കൂട്ടായ്മയുടെ മുന്‍നിരയിലുമുണ്ട്.

ആക്ഷന്‍ ത്രില്ലര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച സിനിമയായ കില്‍ നിര്‍മിച്ചത് ഗുനീത് മോംഗയാണ്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ ഗ്യാര ഗ്യാര, ഹിപ് ഹോപ് ആര്‍ട്ടിസ്റ്റ് യോ യോ ഹണി സിംഗിനെ കുറിച്ചുള്ള ഡോക്യുമെന്ററി ഗുട്ടര്‍ ഗു എന്നിവയെല്ലാം നിരൂപകശ്രദ്ധ പിടിച്ചുപറ്റിയവയാണ്.

കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംഗമം

കേരളത്തിന്റെ ബിസിനസ്, സാമ്പത്തിക വളര്‍ച്ചയ്ക്കായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെക്കാലമായി നിലകൊള്ളുന്ന ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തിലുള്ള 17ാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ( ഡി ഡെ 2025) രാജ്യാന്തര, ദേശീയതലത്തിലെ പ്രമുഖരായ പ്രഭാഷകര്‍, കോര്‍പ്പറേറ്റ് സാരഥികള്‍, ടെക്നോളജി വിദഗ്ധര്‍ തുടങ്ങിയവരുടെയെല്ലാം സാന്നിധ്യം കൊണ്ടും പുതിയ ഉള്‍ക്കാഴ്ച പകരുന്ന പ്രഭാഷണങ്ങള്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്ന വേദിയാണ്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ബിസിനസുകാരും നയരൂപീകര്‍ത്താക്കളും ഉന്നത ഉദ്യോഗസ്ഥരും ഒരുമിക്കുന്ന ഈ വേദി നെറ്റ് വര്‍ക്കിംഗിനുള്ള അപൂര്‍വ്വ അവസരം കൂടിയാണ് തുറന്നിടുന്നത്.

സംസ്ഥാനത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള ബിസിനസ് സാരഥികളുമായി അടുത്തിടപഴകാനുള്ള അവസരമാണ് ഡി ഡെ വേദി ഒരുക്കുന്നത്. ജൂണ്‍ 25ന് വൈകീട്ട് മൂന്ന് മണി മുതല്‍ ഒമ്പത് മണി വരെ നടക്കുന്ന സമിറ്റ് വേദിയില്‍ നെറ്റ് വര്‍ക്കിംഗിന് പ്രത്യേകസജ്ജീകരണം തന്നെയുണ്ടാകും.

ബിസിനസ് പ്രതിഭകള്‍ക്ക് ആദരം

കേരളത്തിലെ ബിസിനസ് രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളുണ്ടാക്കുന്ന പ്രതിഭകളെ കഴിഞ്ഞ 17 വര്‍ഷമായി ധനം ആദരിച്ചുവരുന്നു. ധനകാര്യ വിദഗ്ധന്‍ വേണുഗോപാല്‍ സി ഗോവിന്ദ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപകനും എം.ഡിയുമായ സി. ജെ ജോര്‍ജ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം. കെ. ദാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. പ്രൗഢഗംഭീരമായ വേദിയില്‍ വെച്ച്, പ്രമുഖര്‍ അടങ്ങിയ സദസിനെ സാക്ഷിനിര്‍ത്തി അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ബിസിനസുകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും സുവര്‍ണാവസരം

കോര്‍പ്പറേറ്റ് കേരളം ഒരുമിക്കുന്ന വേദിയില്‍ സ്വന്തം ബ്രാന്‍ഡിനെയും ബിസിനസിനെയും അവതരിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ഒരുക്കുന്നത്. ഡി ഡെ 2025മായി പങ്കാളിത്തത്തിലേര്‍പ്പെടുന്നതോടെ ധനം ബിസിനസ് മീഡിയയിലും സമിറ്റ് വേദിയിലും സമിറ്റിനെ സംബന്ധിച്ചുള്ള ക്യാപെയ്നുകളിലും ബ്രാന്‍ഡുകള്‍ക്ക് ഇടം നേടാനാകും.

സമിറ്റ് വേദിയില്‍ സജ്ജീകരിക്കുന്ന സ്റ്റാളുകളില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അണിനിരത്താം. ദേശീയ, രാജ്യാന്തരതലത്തിലെ പ്രമുഖരുടെ ശ്രദ്ധയിലേക്ക് ബിസിനസുകളെ ഇതിലൂടെ അവതരിപ്പിക്കാം. 40,000 രൂപയും നികുതിയുമാണ് സ്റ്റാളുകള്‍ സജ്ജീകരിക്കാനുള്ള നിരക്ക്. സമിറ്റ് പ്രതിനിധികള്‍ക്കുള്ള കിറ്റില്‍ ബിസിനസുകളെ സംബന്ധിച്ച ലഘുലേഖകള്‍ ഉള്‍പ്പെടുത്താനും അവസരമുണ്ട്. ഇതിന് 20,000 രുപയും നികുതിയും നല്‍കണം.

ഓട്ടോമൊബൈല്‍ രംഗത്തുള്ളവര്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ വേദിയില്‍ ഡിസ്പ്ലെ ചെയ്യാനുമാകും.

സ്പോണ്‍സര്‍ഷിപ്പിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വിളിക്കാം: അനൂപ് ഏബ്രഹാം: 90725 70065, ഇ മെയ്ല്‍: anoop@dhanam.in. വെബ്‌സൈറ്റ്‌ : Dhanam Business Summit

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT