Invest kerala global summit 
Business Kerala

സ്റ്റാർട്ടപ്പുകൾക്ക് ഫുഡ് ടെക്, ഫാഷൻ മേഖലകളിൽ വിപുല സാധ്യതകൾ

സഫിന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുജ ചാണ്ടി, എയ്‌സ്വെയര്‍ ഫിന്‍ടെക് എം.ഡി. നിമിഷ ജെ വടക്കന്‍, മെഡ്‌ജെനോം സ്ഥാപക ചെയര്‍മാനും ഗ്ലോബല്‍ സിഇഒയുമായ സാം സന്തോഷ്, ജിഫി.എഐ സിഇഒ ബാബു ശിവദാസന്‍, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് സഹസ്ഥാപകന്‍ അനീഷ് അച്യുതന്‍, ഓസ്‌ട്രേലിയയിലെ സീനിയര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷണര്‍ ജോണ്‍ സൗത്ത്വെല്‍ തുടങ്ങിയവര്‍ മുന്നോട്ടുവെച്ചത് മികച്ച നിര്‍ദേശങ്ങള്‍

Dhanam News Desk

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫുഡ് ടെക്, ഫാഷന്‍ മേഖലകളില്‍ വിപുല സാധ്യതകളാണുള്ളതെന്ന് കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഹാര്‍ഡ് വെയറിന് ശക്തമായ സര്‍ക്കാര്‍ പിന്തുണ വേണമെന്നും സ്ഥാപനങ്ങള്‍ പ്രാരംഭഘട്ടത്തില്‍ അടച്ചുപൂട്ടുന്നതെന്തു കൊണ്ടെന്നതിന് ശാസ്ത്രീയപഠനങ്ങള്‍ ഉണ്ടാകണമെന്നും നിര്‍ദേശമുയര്‍ന്നു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന മേഖലകളില്‍ ഫുഡ് ടെക്‌നോളജിയും ഫാഷനും കൂടുതല്‍ പ്രാധാന്യം കൈവരേണ്ടതുണ്ട്. നൂതന സംരംഭങ്ങളില്‍ വനിതകള്‍ക്ക് മുന്നോട്ടു വരുന്നതിന് ഇത് സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പ്രതിഭയുള്ള വനിതാ സംരംഭകര്‍

വനിതാ സംരംഭകരില്‍ പ്രതിഭകള്‍ക്ക് ഇന്ത്യയില്‍ കുറവില്ലെന്ന് സഫിന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുജ ചാണ്ടി പറഞ്ഞു. പലപ്പോഴും അവസരങ്ങളുടെ അഭാവം അവരുടെ കഴിവുകളെ ഇല്ലാതാക്കുന്നതായും സുജ കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക സെഷന്‍ മോഡറേറ്റ് ചെയ്തു.

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പരീക്ഷണങ്ങളെ തുറന്ന മനസോടെ സമീപിക്കുന്നവരാണ് കേരളീയരെന്ന് എയ്‌സ്വെയര്‍ ഫിന്‍ടെക് എം.ഡി. നിമിഷ ജെ വടക്കന്‍ പറഞ്ഞു. പുതിയ സംരംഭങ്ങളുടെ വളര്‍ച്ചയെ സുഗമമാക്കുന്ന ഫീഡ്ബാക്ക് നേടാന്‍ ഇത് സഹായകമാവുന്നുവെന്നും രാജ്യത്തെ മൈക്രോഫിനാന്‍സിംഗ് എല്ലാ ജനവിഭാഗത്തേയും ഉള്‍ക്കൊള്ളണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹാര്‍ഡ്‌വെയറിന് പ്രാധാന്യം വേണം

അധികാരികള്‍ ഹാര്‍ഡ് വെയറിന് പ്രാധാന്യം കുറവാണ് നല്‍കുന്നതെന്ന് സെഷനില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററും ഇഎസ്ഡിഎം സൗകര്യവുമുള്ള മുന്‍നിര മേക്കര്‍ വില്ലേജ് കേരളത്തിനുണ്ടെന്ന് അനൂപ് അംബിക ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രാലയത്തിനു കീഴിലുള്ള ഈ സ്റ്റാര്‍ട്ടപ്പ് സംരംഭം പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മെഡ്‌ജെനോം സ്ഥാപക ചെയര്‍മാനും ഗ്ലോബല്‍ സിഇഒയുമായ സാം സന്തോഷ്, ജിഫി.എഐ സിഇഒ ബാബു ശിവദാസന്‍, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് സഹസ്ഥാപകന്‍ അനീഷ് അച്യുതന്‍, ഓസ്‌ട്രേലിയയിലെ സീനിയര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷണര്‍ ജോണ്‍ സൗത്ത്വെല്‍ എന്നിവരായിരുന്നു മറ്റ് പ്രഭാഷകര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക മോഡറേറ്ററായിരുന്നു. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരളയില്‍ മൂവായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT