Image : Canva 
Business Kerala

വിരമിക്കല്‍ പ്രായം ഉയര്‍ത്തിയാല്‍ കേരളത്തിന് ലാഭിക്കാം ₹6,000 കോടി; ശമ്പള വര്‍ധന 10 വര്‍ഷത്തിലൊരിക്കല്‍, കടുത്ത തീരുമാനങ്ങളിലേക്ക് സംസ്ഥാനം?

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി മാത്രം ചിലവഴിക്കുന്നത് വിഭവങ്ങളുടെ 80 ശതമാനത്തോളം

Dhanam News Desk

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത രാഷ്ട്രീയ തീരുമാനങ്ങളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കണമെന്ന് നിര്‍ദേശം. വിരമിക്കല്‍ പ്രായം ഓരോ വര്‍ഷം വീതം ഉയര്‍ത്തിയാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങളുടെ ഇനത്തില്‍ മാത്രം സംസ്ഥാനത്തിന് ഏകദേശം 6,000 കോടി രൂപ ലാഭിക്കാന്‍ സാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ധവളപത്രം (Kerala's Fiscal Health: A Status Report).

ജനങ്ങളില്‍ നിന്ന് നികുതി പിരിച്ച് അതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനുമായി ചിലവഴിക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് റിപ്പോര്‍ട്ട്. നിലവില്‍ സംസ്ഥാനത്തിന്റെ വിഭവങ്ങളുടെ 80 ശതമാനത്തോളവും ചിലവഴിക്കുന്നത് ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി മാത്രമാണ്. ഇത് മറ്റ് പല സംസ്ഥാനങ്ങളേക്കാളും വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

വിരമിക്കല്‍ പ്രായം കേന്ദ്രത്തിന് തുല്യമാക്കണം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സംസ്ഥാന ജീവനക്കാര്‍ വളരെ നേരത്തെയാണ് വിരമിക്കുന്നത്. മലയാളികളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കണക്കിലെടുക്കുമ്പോള്‍, മികച്ച അനുഭവസമ്പത്തുള്ള കാലയളവിലാണ് ഇവര്‍ സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രായം കേന്ദ്ര സര്‍ക്കാരിന്റേതിന് തുല്യമായി ഉയര്‍ത്തണമെന്ന നിര്‍ദേശം ശക്തമാകുന്നത്. നിലവില്‍ 56 വയസാണ് കേരള സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേത് 60 വയസും.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ അവസാന ബജറ്റിന് മുന്നോടിയായി വിരമിക്കൽ പ്രായം 56-ൽ നിന്ന് ഉയർത്തണമെന്ന ശക്തമായ ആവശ്യമുയർന്നിരുന്നെങ്കിലും ബജറ്റിൽ അത് അംഗീകരിക്കപ്പെട്ടിരുന്നില്ല. പുതിയ സർക്കാർ പെൻഷൻ പ്രായം ഉയർത്താൻ തയ്യാറാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഇപ്പോൾ സർവീസ് സംഘടനകൾ. നിലവിൽ ആകെ ലഭ്യമായ 5.23 ലക്ഷം ജീവനക്കാരിൽ പകുതിയോളം വരുന്ന പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളവരും, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഉറപ്പായ പെൻഷൻ പദ്ധതിയിലുള്ളവരും 60-ാം വയസ്സിലാണ് വിരമിക്കുന്നത്. എന്നാൽ, 2013 ഏപ്രിലിന് മുൻപ് സർവീസിൽ പ്രവേശിച്ച പഴയ പെൻഷൻ പദ്ധതിയിലുള്ള ജീവനക്കാർ ഇപ്പോഴും 56-ാം വയസ്സിൽ തന്നെ വിരമിക്കേണ്ടി വരുന്നുണ്ട്. ഒരേ സർവീസിലെ ഈ പ്രായവ്യത്യാസം ഒഴിവാക്കി, എല്ലാ വിഭാഗം ജീവനക്കാരുടെയും വിരമിക്കൽ പ്രായം 60 വയസ്സായി ഏകീകരിക്കണമെന്നാണ് സർവീസ് സംഘടനകൾ ഇപ്പോൾ പ്രധാനമായും ആവശ്യപ്പെടുന്നത്. ജീവനക്കാര്‍ക്ക് ബജറ്റില്‍ വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചിച്ചിരുന്നു.

ശമ്പള പരിഷ്‌കരണം

ഇതിനുപുറമേ, നിലവില്‍ സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത് വലിയ ബാധ്യതയാകുന്നുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിലേതുപോലെ പത്ത് വര്‍ഷത്തിലൊരിക്കല്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. നിരവധി കമ്മിറ്റികളും കമ്മീഷനുകളും ഈ പ്രശ്‌നം മുന്‍പും പരിശോധിച്ചിട്ടുള്ളതിനാല്‍ ഇനി വൈകാതെ കഠിനമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട സമയമാണിതെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ മൂന്ന് മാസം സമയപരിധി

ഡിജിറ്റലൈസേഷന്റെ ഭാഗമായി പല ഫോമുകളും ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അവയുടെ ഘടനയിലോ നടപടിക്രമങ്ങളിലോ ആവശ്യമായ മാറ്റം വരുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇത് ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ പ്രാവീണ്യമില്ലാത്ത സാധാരണക്കാരുടെ ജീവിതം കൂടുതല്‍ പ്രയാസകരമാക്കുകയാണ് ചെയ്യുന്നത്.

സര്‍ക്കാരിന്റെ കാര്യക്ഷമതയും ഉത്തരവാദിത്തവും വര്‍ദ്ധിപ്പിക്കുന്നതിനായി ഓരോ വകുപ്പിനും ഡിജിറ്റലൈസേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയപരിധി നല്‍കണം. ഈ സമയത്തിനുള്ളില്‍ എല്ലാ ഫോമുകളും ഭരണപരമായ നടപടിക്രമങ്ങളും ലളിതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

A status report on Kerala's financial health urges tough political decisions, including raising the retirement age and restructuring pay commissions, to curb soaring revenue expenditure.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT