Ajil Muhammed, CEO, Hilite Group 
Business Kerala

5 മാളുകള്‍, 938 യൂണിറ്റുകളുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം, 100 കോഫി ഷോപ്പുകള്‍, 27 മള്‍ട്ടിപ്ലെക്‌സ്‌ സ്‌ക്രീനുകള്‍; ₹10,000 കോടിയുടെ നിക്ഷേപത്തിന് ഹൈലൈറ്റ് ഗ്രൂപ്പ്

ഫോക്കസ് മാളിലൂടെ കേരളത്തില്‍ മാള്‍ സംസ്‌കാരം കൊണ്ടുവന്ന ഗ്രൂപ്പ് വലിയ വിപുലീകരണങ്ങളാണ് പദ്ധതിയിടുന്നത്

Resya Raveendran

വെറും 50 ചതുരശ്ര അടി ഓഫീസില്‍ 1996ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഹൈലൈറ്റ് ഗ്രൂപ്പ് ഇന്ന് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഏറ്റവും മുന്‍നിരക്കാരായി മാറിയത് വേറിട്ട പദ്ധതികളിലൂടെയും നിരന്തരമായ ഇന്നവേഷനിലൂടെയുമാണ്.

പി.സുലൈമാന്‍ തുടങ്ങിയവച്ച സംരംഭ യാത്രയിലേക്ക് രണ്ടാം തലമുറ കൂടി എത്തിയതോടെ വന്‍ വിപുലീകരണ പദ്ധതികളാണ് ഗ്രൂപ്പ് വിഭാവം ചെയ്യുന്നത്. അടുത്ത് കേരളം നടത്തിയ ആഗോള നിക്ഷേപ സംഗമമായ ഇന്‍വെസ്റ്റ് കേരളയില്‍ 10,000 കോടി രൂപയുടെ പദ്ധതികളാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചത്. ഹോസ്പിറ്റല്‍, ലക്ഷ്വറി ഹൗസിംഗ്‌, ഐ.ടി പാര്‍ക്ക്, വേള്‍ഡ് ട്രേഡ് സെന്റര്‍, ഷോപ്പിംഗ് മാളുകള്‍ എന്നിങ്ങനെയുള്ള പദ്ധതിയ്ക്കായാണ് നിക്ഷേപം.

കേരളത്തിന്റെ എല്ലാ ഭാഗത്തും ഒരേ പോലെ മികച്ച സാധ്യതകളുണ്ടെന്നും എല്ലാ ജില്ലകളിലും പ്രോജക്ടുകളുമായി എത്താനുള്ള ഒരുക്കത്തിലാണെന്നും ഹൈലൈറ്റ് ഗ്രൂപ്പിന്റെ യുവ സി.ഇ.ഒ അജില്‍ മുഹമ്മദ് പറയുന്നു.

റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കണ്‍സ്ട്രക്ഷന്‍ മുതല്‍ ഇന്റീരിയര്‍ ഡിസൈനിംഗ് വരെ എല്ലാ മേഖലകളിലും ഹൈലൈറ്റ് ഗ്രൂപ്പ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. അടുത്തിടെ രണ്ട് സ്‌കൂളുകളെ ഏറ്റെടുത്ത് വിദ്യാഭ്യാസ രംഗത്തേക്കും ഗ്രൂപ്പ് കടന്നു. എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ പലാക്‌സി സിനിമാസ് എന്ന മള്‍ട്ടിപ്ലെക്‌സ് ചെയിനും ഹഗ് എ മഗ്‌ എന്ന കോഫീ ചെയിനും ഹൈലൈറ്റിനു കീഴിലുണ്ട്.

പലാക്‌സി സിനിമാസിന്റെ 27 സ്‌ക്രീന്‍ ആണ് 2025ല്‍ ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ഹഗ് എ മഗ്‌ ഷോപ്പുകളും ലക്ഷ്യമിടുന്നു. നിലവില്‍ 9 ഹഗ് എ മഗ്‌ ഷോപ്പുകളാണുള്ളത്.

എലനൈന്‍ എന്ന മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ചെയ്ന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുകയാണ്. ശൃംഖലയിലെ ആദ്യ ആശുപത്രി കോഴിക്കോട് തുടങ്ങും.

അഞ്ച് പുതിയ ഷോപ്പിംഗ് മാളുകള്‍

കേരളത്തിലെ ആദ്യ ഷോപ്പിംഗ് മാളായ ഫോക്കസ് മാളിലൂടെ ഈ രംഗത്തേക്ക് കടന്ന ഹൈലൈറ്റിന് നിലവില്‍ നാല് മാളുകളുണ്ട്. ചെമ്മാട്, വെല്ലിംഗ്ടണ്‍, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, കുന്നംകുളം, താമരശേരി എന്നിവിടങ്ങളില്‍ പുതിയ മാളുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇതുകൂടാതെ മൂന്ന് ഷോപ്പിംഗ് മാളുകളെ കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു.

സൗത്ത് ഇന്ത്യയെ അതിശയിപ്പിക്കാന്‍ ഹൈലൈറ്റ് ഒളിമ്പസ്

ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ് പ്രോജക്ടുകളിലൊന്നായ ഹൈലൈറ്റ് ഒളിമ്പസ് എന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ പ്രോജക്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കോഴിക്കോട് ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായി ഒരുങ്ങുന്ന ഈ പ്രോജക്ട് രണ്ട് ഘട്ടമായാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആദ്യ ഘട്ടം രണ്ട് വര്‍ഷം മുമ്പ് തുടങ്ങി. പദ്ധതി പ്രഖ്യാപിച്ച് ഒന്നര മാസത്തിനകം തന്നെ ഇതിലെ 526 അപ്പാര്‍ട്ട്‌മെന്റുകളും വിറ്റുപോയിരുന്നു. അതിന്റെ വിജയത്തെ തുടര്‍ന്നാണ് ഫെബ്രുവരി പകുതിയോടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചത്. 412 അപ്പാര്‍ട്ട്‌മെന്റുകളാണ് ഇതിലുള്ളത്. മൊത്തം 938 യൂണിറ്റുകളുള്ള കേരളത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടായി ഇതോടെ ഹൈലൈറ്റ് ഒളിമ്പസ് മാറുകയാണ്.

ഷോപ്പിംഗ് മാള്‍, തീയറ്റര്‍, നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിവയെല്ലാം തൊട്ടടുത്ത് ലഭ്യമാകുന്നുവെന്നതാണ് ഈ പ്രോജക്ടിന്റെ സവിശേഷത. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിക്രിയേഷണല്‍ ടെറസ് സൗകര്യമാണ് ഒളിമ്പസിലുണ്ടാകുക. 100ലധികം അമിനിറ്റീസ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഫിനിറ്റി പൂള്‍, സലൂണ്‍, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവയും ഇതിലുണ്ടാകും.

ലാന്‍ഡ്മാര്‍ക്കാകാന്‍ ഹൈലൈറ്റ് ബൊളിവാഡ്

സൗത്ത് ഇന്ത്യയില്‍ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത വാട്ടര്‍ഫ്രണ്ട് ഓപ്പണ്‍ റീറ്റെയ്ല്‍ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടായ ഹൈലൈറ്റ് ബൊളിവാഡ് നിര്‍മാണ ഘട്ടത്തിലാണ്. കൊച്ചിയില്‍ വെല്ലിംഗ്ടണില്‍ ഒരുക്കുന്ന ഈ പ്രോജക്ടില്‍ റീറ്റെയ്ല്‍, എഫ് ആന്‍ഡ് ബി, എന്റര്‍ടെയിന്‍മെന്റ് എന്നിവയെല്ലാം ഒരുക്കുന്നുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കൊപ്പം പ്രാദേശിക ബ്രാന്‍ഡുകളും ഇവിടെ അണിനിരത്തും. സന്ദര്‍ശകര്‍ക്ക് ഷോപ്പിംഗും എന്റര്‍ടെയിന്‍മെന്റും സെലിബ്രേഷനും സാധ്യമാകുന്നവിധത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT