കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഐടി ഹബ്ബായ ഹൈലൈറ്റ് സൈബര്‍ ടവറിന്റെ നിര്‍മാണം ട്രാക്കിലേക്ക്. 600 കോടി രൂപയുടെ നിക്ഷേപത്തില്‍ നിര്‍മിക്കുന്ന ഹൈലൈറ്റ് സൈബര്‍ ടവറില്‍ ബഹുരാഷ്ട്ര കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ-വികസന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ അത്യാധുനിക ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഹബ്ബാണ്.
മലബാറിന്റെ സാങ്കേതിക മേഖലയ്ക്ക് പുതിയ മുഖച്ഛായ നല്‍കുന്ന ഐടി പദ്ധതിയുടെ തുടക്കമാകും ഈ സൈബര്‍ ടവറെന്നാണ് പ്രതീക്ഷ. 2.5 ഏക്കറില്‍ 9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ഗ്രേഡ് എ വാണിജ്യ സമുച്ചയം, വരും വര്‍ഷങ്ങളില്‍ 12 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം വികസിപ്പിക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമാണ്.
മലബാറിലെ റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക വികസനങ്ങള്‍ക്ക് വേഗത കൂട്ടുന്നതിനൊപ്പം, 10,000-ത്തിലധികം നേരിട്ടുള്ള ഐടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം നിര്‍വഹിച്ചു.
ഹൈലൈറ്റ് നിര്‍മിക്കുന്ന ഐടി സമുച്ചയം ഉള്‍പ്പെടെ 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പുതിയ വികസന പദ്ധതികള്‍ 2030ല്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തിരുവനന്തപുരത്തോടും കൊച്ചിയോടുമൊപ്പം ഐടി-സാങ്കേതിക രംഗത്ത് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രധാന 'ഐടി ഡെസ്റ്റിനേഷന്‍' ആയി കോഴിക്കോടിനെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐടി രംഗത്ത് ആഗോളതലത്തില്‍ മത്സരിക്കാനുള്ള കഴിവ് കേരളത്തിനുണ്ട്. അതിനൊപ്പം ബിസിനസുകള്‍ക്ക് വളരാനുള്ള അന്തരീക്ഷം കൂടി നാം ഒരുക്കേണ്ടതുണ്ട്. ഹൈലൈറ്റ് സൈബര്‍ ടവര്‍ ആ ശ്രമത്തിന്റെ ഭാഗമാണെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് പറഞ്ഞു. കര്‍ശനമായ ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ ഗ്രേഡ് എ കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫേസ് III-ലെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കായ 'യൂ ഹബ്ബ് ട്രിവാന്‍ഡ്രത്തിന്റെ' തറക്കല്ലിടലും അടുത്തിടെ നടന്നിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine