സിന്തൈറ്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ്‌  
Business Kerala

ഒലിയോറെസിന്‍ മേഖലയില്‍ സുസ്ഥിര വളര്‍ച്ചയുടെ 'സിന്തൈറ്റ്' മാതൃക

പരിസ്ഥിതി, ചുറ്റിലുമുള്ള സമൂഹം, ഉയര്‍ന്ന മൂല്യങ്ങള്‍ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ബിസിനസുകള്‍ക്കാവും ഇനി ആഗോളതലത്തില്‍ ഏറെ സ്വീകാര്യത

Dhanam News Desk

കാലം മാറി. ബിസിനസ് രീതികളും. ഇപ്പോഴത്തെ സങ്കീര്‍ണമായ ആഗോള സാഹചര്യത്തില്‍ പരിസ്ഥിതി, സാമൂഹ്യ, ഭരണ തത്വങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇഎസ്ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ തത്വങ്ങള്‍ ബിസിനസുകളെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാനും വെല്ലുവിളികളെ നേരിടാനും പ്രാപ്തരാക്കുന്നു. സിന്തൈറ്റിന്റെ ശൈലികളെ തന്നെ ഉദാഹരണമാക്കി ഇത് പറയാം. സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലോകോത്തര നിലവാരമുള്ള സുഗന്ധവ്യഞ്ജന സത്ത്, ഒലിയോറെസിന്‍ നിര്‍മാണത്തില്‍ വൈദഗ്ധ്യം ആര്‍ജിച്ചിരിക്കുന്ന കമ്പനിയാണ്. പ്രകൃതിദത്ത ചേരുവകളുടെ മേഖലയിലെ ബഹുരാഷ്ട്ര കമ്പനികള്‍ ഗുണമേന്മ, മത്സരാധിഷ്ഠിതമായ വില എന്നിവയ്ക്കൊപ്പം ഇഎസ്ജി ചട്ടങ്ങള്‍ പാലിക്കുന്ന സപ്ലയര്‍മാരെ കൂടിയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മൂന്ന് ഘടകങ്ങളിലും സവിശേഷ ശ്രദ്ധയാണ് സിന്തൈറ്റ് നല്‍കുന്നതും.

അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ഗുണമേന്മ സ്ഥിരമായി ഞങ്ങള്‍ ഉറപ്പാക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തില്‍ വരെ സുസ്ഥിര കൃഷി രീതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. കാര്‍ഷിക വിളകള്‍ സംഭരിക്കുമ്പോള്‍ വില മത്സരാധിഷ്ഠിതമാക്കാനും ഗുണമേന്മ ഉറപ്പാക്കാനും വേണ്ട സാധ്യമായ എല്ലാ കാര്യങ്ങളും സിന്തൈറ്റ് ചെയ്യുന്നുണ്ട്. ചൈന,സിംബാംബ്വെ എന്നിവിടങ്ങളില്‍ നിന്നെല്ലാം കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നുണ്ട്. അതുപോലെ തന്നെ ഇഎസ്ജി ചട്ടങ്ങളില്‍ അടിയുറച്ചുള്ള സിന്തൈറ്റിന്റെ രീതികളും, അതായത് വെള്ളം പുനരുപയോഗിക്കുന്നതിനുള്ള സുസ്ഥിര രീതികള്‍, റിന്യൂവബ്ള്‍ എനര്‍ജി, പ്രാദേശിക തലത്തിലെ കര്‍ഷകരില്‍ നിന്ന് ധാര്‍മികതയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് വിളസംഭരണം എന്നിവയെല്ലാം ആഗോള കമ്പനികളുടെ മൂല്യങ്ങളോട് ഒത്തുപോകുന്നവയാണ്. ഇത്തരമൊരു സമഗ്രമായ സമീപനം ഉന്നത നിലവാരം തേടുന്ന ബഹുരാഷ്ട്ര കമ്പനികളുടെ വിശ്വസ്തരായ സപ്ലയര്‍ എന്ന പദവി സിന്തൈറ്റിന് സമ്മാനിച്ചിട്ടുണ്ട്. മാത്രമല്ല, ആഗോള കമ്പനികളുമായി സുദീര്‍ഘമായ മൂല്യാധിഷ്ഠിത പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കാനും ഈ മൂന്ന് ഘടകങ്ങളും സിന്തൈറ്റിനെ പ്രാപ്തമാക്കുന്നു.

ശീലമായ സുസ്ഥിരത

പ്രകൃതിദത്ത ഭക്ഷ്യ ചേരുവകള്‍ കൈകാര്യം ചെയ്യുന്ന സിന്തൈറ്റിനെ സംബന്ധിച്ചിടത്തോളം സുസ്ഥിരത എന്നത് കേവലം തിരഞ്ഞെടുപ്പല്ല, അത്യന്താപേക്ഷിതമാണ്. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം, സുരക്ഷ, സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാമാണ് സിന്തൈറ്റിലെ ഏത് പ്രവൃത്തിയുടെയും കാതല്‍. കര്‍ണാടകയിലെയും ആന്ധ്രാ പ്രദേശിലേയും 160 മുളക് കര്‍ഷകരെ ഉള്‍പ്പെടുത്തിയുള്ള ഫാം സസ്റ്റെയ്‌നബിലിറ്റി അസസ്‌മെന്റ് കമ്പനിയുടെ വേറിട്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ്. 22 മുതല്‍ 500 ഏക്കര്‍ വരെ വരുന്ന ഈ കൃഷിയിടങ്ങള്‍ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും ജൈവ വൈവിധ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുസ്ഥിര കൃഷി രീതികളുടെ പ്രയോജനം നേടുന്നുണ്ട്. ഈ സംരംഭം ഞങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നവരുമായുള്ള ഇടപഴകലിന്റെ രീതി തന്നെ മാറ്റിമറിച്ചു. പരിസ്ഥിതി സൗഹൃദ കൃഷി രീതികള്‍ പിന്തുടരുമ്പോള്‍ തന്നെ ഞങ്ങളുടെ വിജയത്തിന്റെ നേട്ടം ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കര്‍ഷകര്‍ക്ക് കൂടി പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്.

സുസ്ഥിര ഉല്‍പ്പാദനമാണ് മറ്റൊരു വലിയനേട്ടം. സിന്തൈറ്റ് തങ്ങളുടെ പ്രധാനപ്പെട്ട 12 ഉല്‍പ്പന്നങ്ങളുടെ സമഗ്രമായ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് പഠനം നടത്തുകയും 2027 ഓടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളെയും ഇത്തരത്തില്‍ വിശകലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. 2030 ഓടെ എല്ലാ ഉല്‍പ്പന്നങ്ങളുടെയും പൂര്‍ണമായ ജീവിതചക്രം വിലയിരുത്തല്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വിവരാധിഷ്ഠിതമായ ഈ സമീപനം മെച്ചപ്പെടുത്തേണ്ട മേഖലകളെ കുറിച്ച് മനസിലാക്കാനും കാര്‍ബണ്‍ പുറന്തള്ളലും പാരിസ്ഥിതിക പ്രശ്‌നങ്ങളും പരമാവധി കുറച്ച് പരിഹാരങ്ങള്‍ വികസിപ്പിച്ചെടുക്കാനും സഹായിക്കും.

ജല സംരക്ഷണം

ഞങ്ങളുടെ ഉല്‍പ്പന്ന നവീകരണ വിഭാഗവുമായി സഹകരിച്ച് പാക്കേജിംഗില്‍ റീസൈക്കിള്‍ ചെയ്ത വസ്തുക്കളുടെ സാധ്യതകള്‍ കണ്ടെത്താനും ശ്രമം നടത്തിവരുന്നുണ്ട്. ഞങ്ങളുടെ കടയിരുപ്പ്, ഹരിഹര്‍ നഗര്‍ യൂണിറ്റുകളില്‍ പ്രകൃതിവിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മഴവെള്ള സംരക്ഷണത്തിനും ഭൂഗര്‍ഭ ജലനിരക്ക് ഉയര്‍ത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മരടൂര്‍ പ്ലാന്റില്‍ മലിനജലം പുനരുപയോഗ സാധ്യമാക്കുന്ന റിവേഴ്‌സ് ഒസ്‌മോസിസ് (ആര്‍.ഒ) സംവിധാനം ഉപയോഗിച്ച് ജല ഉപയോഗം 50 ശതമാനം കുറച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ജലസംരക്ഷണ സംവിധാനങ്ങള്‍ വഴി പരിസ്ഥിതി ചൂഷണം കുറയ്ക്കുക മാത്രമല്ല, ജലലഭ്യത കുറഞ്ഞ മേഖലകളില്‍ പോലും ഏറെക്കാലം ഞങ്ങളുടെ സുസ്ഥിരമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

മനുഷ്യവിഭവ ശേഷി മെച്ചപ്പെടുത്തല്‍

മനുഷ്യവിഭവ ശേഷിയിന്മേലുള്ള നിക്ഷേപവും തുല്യപ്രാധാന്യം അര്‍ഹിക്കുന്നവയാണ്. മാനവമൂലധനത്തിന്റെ വികസനം കൂടാതെ സുസ്ഥിര വളര്‍ച്ച നേടാനാവില്ലെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. നേതൃശേഷി, കഴിവ് മെച്ചപ്പെടുത്തല്‍, നൈപുണ്യ വികസനം എന്നീ നിര്‍ണായകമായ മൂന്ന് മേഖലകളില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയെന്ന ലക്ഷ്യവുമായാണ് ദി സിന്തൈറ്റ് സെന്റര്‍ ഓഫ് ലേണിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ ടീം അംഗങ്ങള്‍ അവരവരുടെ റോളുകളില്‍ മികവ് തെളിയിക്കുന്നതിനൊപ്പം ഇന്നൊവേഷനുള്ള പ്രേരണ നേടുകയും ചെയ്യുന്നു. ഇതിലൂടെ കമ്പനിയുടെ ദീര്‍ഘകാല വിജയത്തിന് അവരുടേതായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു.

സുരക്ഷയാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ മറ്റൊരു പ്രധാന കാര്യം. ഞങ്ങളുടെ ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റം മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഇതര മേഖലകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാധകമാകുന്നു. ഇതുവഴി സുരക്ഷിതമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

സമൂഹത്തിലേക്കും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി യുടെ കാര്യത്തിലും കമ്പനി പ്രതിജ്ഞാബദ്ധരാണ്. കമ്പനിയുമായി ബന്ധപ്പെടുന്ന സമൂഹത്തില്‍ സജീവമായി ഇടപെടുകയും ആരോഗ്യ, വിദ്യാഭ്യാസ, പാരിസ്ഥിതിക മേഖലകളില്‍ സമൂഹത്തിന് ഗുണകരമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. ദരിദ്ര ജനവിഭാഗങ്ങള്‍ക്കായുള്ള ആരോഗ്യസംരക്ഷണ സഹായങ്ങള്‍ മുതല്‍ പിന്നോക്കക്കാരായ വിദ്യാര്‍ത്ഥികളെസഹായിക്കുന്ന വിദ്യാഭ്യാസ പരിപാടികളുടെ സ്‌പോണ്‍സര്‍ഷിപ്പ് വരെ നീളുന്നു അത്.

പ്രവര്‍ത്തനങ്ങളിലെ സുതാര്യത

ഓരോ പ്രവര്‍ത്തനത്തിലും നിലവാരം നിലനിര്‍ത്തുന്നതിലും പ്രശ്‌നങ്ങള്‍ ശരിയായി പഠിച്ച് അഭിമുഖീകരിക്കുന്നതിലും സുതാര്യത ഉറപ്പാക്കുന്നതിലും കമ്പനിയുടെ പ്രവര്‍ത്തന നയങ്ങളും കമ്മിറ്റികളും വലിയ പങ്കുവഹിക്കുന്നുണ്ട്. ആത്യന്തികമായി ഞങ്ങളുടെ വിജയം ടീം വര്‍ക്കിലും മികവുറ്റ ഏകോപനത്തിലും അധിഷ്ഠിതമാണ്. തുടര്‍ച്ചയായ പുരോഗതിയുടെ സംസ്‌കാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അത്യാധുനിക സാങ്കേതികവിദ്യ, ഇന്നൊവേഷന്‍, സുസ്ഥിരത എന്നിവയുടെ സംയോജനത്തിലൂടെ മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള നിരന്തര ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്.

ഇഎസ്ജി തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ ഞങ്ങളുടെ ദീര്‍ഘകാല വിജയം ഉറപ്പാക്കുക മാത്രമല്ല ചെയ്യുന്നത്. കൂടുതല്‍ സുസ്ഥിരവും തുല്യവുമായ ലോകത്തിന്റെ സൃഷ്ടിക്കായി തങ്ങളുടേതായ സംഭാവനകള്‍ നല്‍കുകയുമാണ്.

മികച്ച വിതരണ ശൃംഖല

കൊറിയന്‍, ജാപ്പനീസ് വിഭവങ്ങളുടെ പ്രധാന ചേരുവയിലൊന്നായ ജപ്പോനിക അരി പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കാനായി എന്നതാണ് ഞങ്ങളുടെ മറ്റൊരു വലിയ നേട്ടം. പ്രാദേശികമായുള്ള മികച്ച വിതരണ ശൃംഖല കെട്ടിപ്പടുത്തതോടെ ഇറക്കുമതിയുടെ ആവശ്യം ഇല്ലാതായി. ഇതിലൂടെ ഗതാഗതം വഴിയുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയും മൊത്തത്തിലുള്ള കാര്‍ബണ്‍ ഫൂട്ട്പ്രിന്റില്‍ കുറവ് വരുത്താനാകുകയും ചെയ്തു. ഇതുവഴി ഞങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുസ്ഥിരമാകുക മാത്രമല്ല ചെയ്തി രിക്കുന്നത്. പുറത്തുനിന്നുള്ളവരെ ആശ്രയിക്കാതെ തന്നെ ഉന്നത ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കളുടെ വര്‍ധിച്ചു വരുന്നആവശ്യകത നിറവേറ്റാനും കഴിഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം പ്രാദേശിക തലത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക നേട്ടം സുസ്ഥിരതയും ലാഭക്ഷമതയും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കൈമാറുന്നതിന്റെ ഉദാഹരണം കൂടിയാകുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT