business models Image courtesy: Canva
Business Kerala

സവിശേഷമായ ബിസിനസ് മോഡല്‍ എങ്ങനെ കണ്ടെത്താം?

ബിസിനസ് പ്രായോഗിക സാധ്യതാ പഠനം ലേഖന പരമ്പരയുടെ അഞ്ചാം ഭാഗത്തില്‍ സംരംഭത്തിന്റ വളര്‍ച്ചക്ക് അനുയോജ്യമായ മാതൃക എങ്ങനെ കണ്ടെത്താം എന്ന് വിശകലനം ചെയ്യുന്നു.

Tiny Philip

പ്രായോഗിക സാധ്യതാ പഠനത്തിന്റെ രീതിശാസ്ത്രത്തെ കുറിച്ചാണ് മുന്‍ ലക്കങ്ങളില്‍ വിശദമാക്കിയിരുന്നത്.

Figure 1: Practical Feasibility Study Methodology

Practical Feasibility Study Methodology

പുതിയ ഹോസ്പിറ്റല്‍ നിര്‍മിക്കാനൊരുങ്ങുന്ന കേരളത്തിലെ ഒരു ചാരിറ്റബ്ള്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ഉദാഹരണം കഴിഞ്ഞ ലക്കത്തില്‍ പരിശോധിച്ചിരുന്നു. മധ്യകേരളത്തില്‍ 500 ബെഡുകളുള്ള ഹോസ്പിറ്റല്‍ വിജയകരമായി നടത്തി വരുന്ന ട്രസ്റ്റ് വിപുലീകരണത്തിന്റെ ഭാഗമായാണ് തൊട്ടടുത്ത പട്ടണത്തില്‍ പുതിയ ഹോസ്പിറ്റല്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. 500 കിടക്കകളുള്ള പുതിയൊരു സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കുക, 50 ബെഡുകളുള്ള ഫീഡര്‍ ഹോസ്പിറ്റല്‍ നിര്‍മിക്കുക, 50 ബെഡുകളുള്ള ഹോസ്പിറ്റല്‍ ഫീഡര്‍ ഹോസ്പിറ്റല്‍ വാങ്ങുക, ഹോസ്പിറ്റല്‍ വാടകയ്ക്ക് എടുക്കുക തുടങ്ങിയവയാണ് മുന്നിലുള്ള വഴികള്‍.

പ്രീമിയം കസ്റ്റമര്‍ വിഭാഗം, സേവനത്തിന്റെ മൂല്യം മാത്രം പരിഗണിക്കുന്നവര്‍, ചെലവു കുറഞ്ഞ ചികിത്സ തെരഞ്ഞെടുക്കുന്നവര്‍ തുടങ്ങി ഏത് തരം ഉപയോക്താക്കളെയാണ് ലക്ഷ്യമിടേണ്ടത് എന്നും ഹോസ്പിറ്റലിന് തെരഞ്ഞെടുക്കേണ്ടതുണ്ട്. ഹോസ്പിറ്റല്‍ നിര്‍മാണത്തിന് ആവശ്യമായ 50 കോടി രൂപ സ്വന്തം ഫണ്ടില്‍ നിന്ന് എടുക്കാനും ബാങ്ക് വായ്പയെ ആശ്രയിക്കാനും കഴിയും. ഈ സാഹചര്യത്തില്‍ പ്രായോഗിക സാധ്യതാ പഠനം നടത്താനാണ് ഹോസ്പിറ്റല്‍ തീരുമാനിച്ചത്.

അതിന്റെ ഭാഗമായുള്ള വേള്‍ഡ് മാക്രോ ട്രെന്‍ഡ്‌സ്, കണ്‍ട്രി/സ്റ്റേറ്റ് മാക്രോ ട്രെന്‍ഡ്‌സ്, ഇന്‍ഡസ്ട്രി ട്രെന്‍ഡ്‌സ്, കോംപറ്റീറ്റര്‍ ട്രെന്‍ഡ്‌സ് എന്നിവയെ കുറിച്ചാണ് മുന്‍ ലക്കങ്ങളില്‍ വിശദമാക്കിയത്. സവിശേഷമായ ബിസിനസ് മാതൃകകളെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമാക്കാം.

സവിശേഷമായ ബിസിനസ് മാതൃക

നേരത്തെ എടുത്ത മുന്നൊരുക്കങ്ങളുടെ അടിസ്ഥാനത്തില്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് പുതിയ ഹോസ്പിറ്റലിനായി ഒരു പുതിയ സവിശേഷമായ ബിസിനസ് മാതൃക സൃഷ്ടിച്ചു. അത് താഴെ കൊടുക്കുന്നു.

പുതിയ ഹോസ്പിറ്റലിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി വായ്പ എടുക്കില്ല. പുതിയ ഹോസ്പിറ്റല്‍ നിലവിലുള്ള പ്രധാന ഹോസ്പിറ്റലിന്റെ ഫീഡര്‍ ഹോസ്പിറ്റലായി പ്രവര്‍ത്തിക്കും.

നിശ്ചിത സമയത്തിനുള്ളില്‍ ലാഭകരമായില്ലെങ്കില്‍ പുതിയ ഹോസ്പിറ്റല്‍ അടച്ചുപൂട്ടാനാകും. ചെലവു കുറഞ്ഞതും (low-costs) അതേസമയം മൂല്യവത്തുമായ (value-focused) ചികിത്സ ആഗ്രഹിക്കുന്നവരെയാകും ഹോസ്പിറ്റല്‍ ലക്ഷ്യമിടുക. കഴിയുന്നതും വേഗം പൂര്‍ണ ശേഷിയില്‍ വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കാനാകും ശ്രമം. താങ്ങാവുന്ന ചെലവില്‍ ഗുണനിലവാരമുള്ള ചികിത്സ പുതിയ ഹോസ്പിറ്റലിലൂടെ ലഭ്യമാക്കും.

20 വര്‍ഷത്തേക്ക് 50 ബെഡുകളുള്ള ഒരു ഹോസ്പിറ്റല്‍ പാട്ടത്തിനെടുക്കും. തുടങ്ങി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം എക്സിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ കൂടി കരാറില്‍ ഉള്‍പ്പെടുത്തും. ലഭ്യമായ 50 കോടി രൂപയുടെ ഫണ്ടില്‍ നിന്ന് ഒരു ഭാഗം പുതിയ ഹോസ്പിറ്റല്‍ റീഫര്‍ബിഷ് ചെയ്യാനായി ഉപയോഗിക്കാം.

പ്രായോഗിക സാധ്യതാ പഠനത്തിന്റെ മറ്റു കാര്യങ്ങളെ കുറിച്ച് വരും ലക്കത്തില്‍ പ്രതിപാദിക്കാം.

(ധനം മാഗസിന്‍ മെയ് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

* ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകള്‍ വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി ദീര്‍ഘകാല അടിസ്ഥാനത്തില്‍ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബിസിനസ് അഡൈ്വസറാണ് ലേഖകന്‍. 1982 ല്‍ IIM (L) ല്‍ നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസറായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ്. email: tinyphilip@gmail.com. website: we-deliver-results.com

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT