നിര്‍മാണ സാമഗ്രികള്‍ മുതല്‍ ഭക്ഷ്യവസ്തുക്കള്‍ വരെ, ഗൃഹോപകരണങ്ങള്‍ മുതല്‍ വിമാന യാത്ര വരെ. എല്ലായിടത്തും വിലക്കയറ്റത്തിന്റെ സമ്മര്‍ദ്ദം. വരുമാനം അതിനനുസരിച്ച് ഉയരുന്നില്ല. കുടുംബങ്ങളുടെ ബജറ്റുകള്‍ താളംതെറ്റുമ്പോള്‍ ഉപഭോക്താക്കള്‍ ചെലവ് ചുരുക്കുന്നു. ഉല്പാദനച്ചെലവ് ഉയരുമ്പോള്‍ ബിസിനസുകളുടെ ലാഭവും സമ്മര്‍ദ്ദത്തിലാകുന്നു. വിലക്കയറ്റത്തിന്റെ അടുത്ത തരംഗം കേരളത്തിന്റെ ഉപഭോഗാധിഷ്ഠിത സമ്പദ്വ്യവസ്ഥക്ക് വലിയ വെല്ലുവിളിയാകുകയാണ്.
ഒരു പതിറ്റാണ്ടിനിടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധന കുടുംബങ്ങളുടെ സാമ്പത്തിക ആസൂത്രണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കേരള സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2012ല്‍ കിലോഗ്രാമിന് 14.67 രൂപയായിരുന്ന സവാളയുടെ സംസ്ഥാന ശരാശരി വില 2026 ഒക്ടോബറില്‍ 61.36 രൂപയായി. മട്ടയരിയുടെ വില 28.16 രൂപയില്‍ നിന്ന് 55.21 രൂപയിലേക്കും തുവരപ്പരിപ്പിന്റേത് 73.44 രൂപയില്‍ നിന്ന് 147.57 രൂപയിലേക്കും ഉയര്‍ന്നു. ചില നഗര വിപണികളില്‍ വില ഇതിലും കൂടുതലാണ്.
സവാള ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് ചില്ലറ വില്പനയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 5.54 ശതമാനമായി ഉയര്‍ന്നതായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. ഓഗസ്റ്റില്‍ 4.83 ശതമാനമായിരുന്നു. ഭക്ഷ്യ വിലക്കയറ്റത്തോത് ഓഗസ്റ്റിലെ 5.97 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 7.74 ശതമാനമായി ഉയര്‍ന്നു. സര്‍ക്കാര്‍ വില നിരീക്ഷണത്തിന് വിധേയമാക്കുന്ന 42 അവശ്യവസ്തുക്കളില്‍ 41 എണ്ണത്തിന്റെയും വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂടിയിട്ടുണ്ട്. ഈ കാലയളവില്‍ സവാള വില 113 ശതമാനമാണ് വര്‍ധിച്ചത്. ഉരുളക്കിഴങ്ങ് വില മാത്രമാണ് കൂടാത്തത്.
പച്ചക്കറികളുടെ വിലയിലെ ചാഞ്ചാട്ടം കാലാവസ്ഥാ വ്യതിയാനം, ഉല്പാദനക്കുറവ്, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ്, കയറ്റുമതി തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ ഇന്ധനം, തൊഴില്‍, ഗതാഗതം, അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ ചെലവും ഉയരുന്നു.
വീട് പണിയാന്‍ ഒരുങ്ങുന്നവര്‍ക്കും തിരിച്ചടിയുണ്ട്. നിര്‍മാണ സാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചതോടെ കേരളത്തില്‍ ചതുരശ്രയടിക്ക് 2,400-2,800 രൂപ വരെ നിര്‍മാണച്ചെലവ് വരുന്നതായി മേഖലയിലുള്ളവര്‍ പറയുന്നു. നേരത്തെ 1,800-2,000 രൂപയില്‍ നിര്‍മിക്കാമായിരുന്ന വീടുകള്‍ക്ക് ഇപ്പോള്‍ ഗണ്യമായ അധിക തുക കണ്ടെത്തേണ്ടിവരുന്നു.
വാണിജ്യ പാചകവാതകം, ഹോട്ടല്‍ അസംസ്കൃത വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, വാഹനങ്ങള്‍ എന്നിവയുടെ വിലക്കയറ്റവും ഉപഭോക്താക്കളെ ബാധിക്കുന്നു. വിമാന യാത്രാക്കൂലി, വിദേശപഠന ഫീസ്, താമസച്ചെലവ് എന്നിവ ഉയരുന്നതോടെ പ്രവാസി കുടുംബങ്ങള്‍ക്കും വിദേശ പഠനം ആസൂത്രണം ചെയ്യുന്നവര്‍ക്കും അധിക സാമ്പത്തിക ഭാരം ഉണ്ടാകുന്നു.
വിലക്കയറ്റം ഉല്പാദനച്ചെലവ് കൂട്ടുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറയുമ്പോള്‍ ഉയര്‍ന്ന ചെലവ് ഉല്പന്ന വിലയില്‍ പൂര്‍ണമായി ഉള്‍പ്പെടുത്താനും കമ്പനികള്‍ക്ക് കഴിയണമെന്നില്ല. വില കൂട്ടിയാല്‍ വില്പന കുറയുമോ എന്ന ആശങ്ക; വില കൂട്ടിയില്ലെങ്കില്‍ ലാഭം ഇടിയുമെന്ന ഭയം. ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഈ ഇരട്ട പ്രഹരം അതിജീവിക്കുക എളുപ്പമല്ല. ഹോട്ടല്‍ മേഖല ഇതിന് ഉദാഹരണമാണ്. ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിന്റെയും വില ഉയരുമ്പോഴും ഉപഭോക്താക്കളെ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നിരക്കുകള്‍ കൂട്ടാന്‍ പല ചെറുകിട ഹോട്ടലുകള്‍ക്കും കഴിയുന്നില്ല. നിര്‍മാണ മേഖലയില്‍ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കയറ്റവും പദ്ധതികളുടെ ചെലവിനെയും പൂര്‍ത്തീകരണ സമയത്തെയും ബാധിക്കുന്നു.
മൊത്തവിലക്കയറ്റം ചില്ലറ വിലക്കയറ്റത്തേക്കാള് വേഗത്തില്‍ ഉയരുന്ന സാഹചര്യം പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. ഉല്പാദകര്ക്ക് ചെലവുകള്‍ മുഴുവനായി ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ കഴിയാതെ വന്നാല്‍ ലാഭ മാര്‍ജിന്‍ ചുരുങ്ങും. പിന്നീട് വില വര്‍ധന ചില്ലറ വിപണിയിലേക്കും വ്യാപിക്കാം. അതേസമയം, ഉയര്‍ന്ന വില കാരണം ഉപഭോഗം കുറഞ്ഞാല്‍ വില്പനയും പണത്തിന്റെ ഒഴുക്കും മന്ദഗതിയിലാകും.
വിലക്കയറ്റം പൂര്‍ണമായി നിയന്ത്രണവിധേയമാകുമെന്ന് കരുതാനാകില്ല. ആഗോള സംഘര്‍ഷങ്ങള്‍, ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങള്‍, രൂപയുടെ മൂല്യത്തകര്‍ച്ച, കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവ വീണ്ടും വിലകള്‍ ഉയരാന്‍ ഇടയാക്കും. പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തെയും വിതരണത്തെയും ബാധിക്കുന്ന മഴക്കുറവും കൃഷിനാശവും വിലക്കയറ്റത്തിന് കാരണമാകാം.
ഇന്ധന വില കൂടുമ്പോള്‍ ഗതാഗതച്ചെലവും ഉല്പാദനച്ചെലവും വര്‍ധിക്കും. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ എന്നിവക്കും വില കൂടും. ഇതിന്റെ പ്രത്യാഘാതം നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍, വാഹന വിപണി തുടങ്ങി പല മേഖലകളിലുമുണ്ടാകും. എന്നാല്‍ എല്ലാ ഉല്പന്നങ്ങളുടെയും വില ഒരേ രീതിയില്‍ ഉയരണമെന്നില്ല. ആവശ്യകത, ലഭ്യത, സര്‍ക്കാര്‍ നയങ്ങള്‍, ആഗോള വിപണിയിലെ മാറ്റങ്ങള്‍ എന്നിവയും വിലകളെ സ്വാധീനിക്കും. അതിനാല്‍ വിലക്കയറ്റം വീണ്ടും ശക്തമാകുമോ എന്ന് ഉറപ്പിച്ച് പറയാനാവില്ല.
ഉപഭോക്തൃ വിലസൂചിക (CPI), മൊത്തവില സൂചിക (WPI), ക്രൂഡ് ഓയില്‍ വില, കാലവര്‍ഷ പുരോഗതി എന്നിവ നിരീക്ഷിക്കുന്നത് വരാനിരിക്കുന്ന പ്രവണതകള്‍ മനസിലാക്കാന്‍ സഹായിക്കും. വിലകള്‍ താഴുമെന്ന പ്രതീക്ഷയില്‍ തീരുമാനങ്ങള്‍ നീട്ടിവെക്കാതെ, ചെലവുകള്‍ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കുടുംബങ്ങളും സ്ഥാപനങ്ങളും നേരത്തെ തയാറെടുക്കുന്നതാണ് നല്ലത്.
വിലക്കയറ്റം എല്ലാ സ്ഥാപനങ്ങളെയും ഒരുപോലെ ബാധിക്കില്ല. അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും ഉയര്‍ന്ന ഊര്ജച്ചെലവുള്ള വ്യവസായങ്ങള്‍ക്കും നിര്‍മാണ മേഖലക്കും സമ്മര്‍ദ്ദം കൂടുതലായേക്കാം. എന്നാല്‍ ചെലവ് നിയന്ത്രണവും കാര്യക്ഷമമായ പ്രവര്‍ത്തനവും വഴി ആഘാതം കുറക്കാന്‍ കഴിയും.
1. ചെലവുകള്‍ സൂക്ഷ്മമായി പരിശോധിക്കുക: ഓരോ ഉല്പന്നത്തിന്റെയും സേവനത്തിന്റെയും യഥാര്‍ത്ഥ ചെലവ് കണക്കാക്കുക. അനാവശ്യ ചെലവുകളും പാഴാക്കലും ഒഴിവാക്കുക.
2. പണമൊഴുക്ക് സംരക്ഷിക്കുക: ലാഭം മാത്രം നോക്കാതെ പണം എപ്പോള്‍ ലഭിക്കുന്നു, എപ്പോള്‍ ചെലവാകുന്നു എന്നും നിരീക്ഷിക്കുക. കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തരുത്.
3. വാങ്ങല്‍ തന്ത്രം മെച്ചപ്പെടുത്തുക: വിതരണക്കാരുമായി ദീര്‍ഘകാല കരാറുകള്‍ ചര്‍ച്ച ചെയ്യുക. സാധ്യമെങ്കില്‍ ഒന്നിലധികം വിതരണക്കാരെ കണ്ടെത്തി ഒരൊറ്റ സ്രോതസിനെ ആശ്രയിക്കുന്നത് കുറക്കുക.
4. വില വര്‍ധന ആലോചിച്ച് മാത്രം: ചെലവുകള്‍ കൂടിയെന്ന കാരണത്താല്‍ ഉടന്‍ വില കൂട്ടുന്നത് ഉപഭോക്താക്കളെ അകറ്റാം. ചെലവിലെ വര്‍ധന, വിപണിയിലെ മത്സരം, ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി എന്നിവ വിലയിരുത്തി ഘട്ടംഘട്ടമായി തീരുമാനമെടുക്കുക.
5. ഉല്പാദനക്ഷമത ഉയര്‍ത്തുക: സാങ്കേതിക വിദ്യയും ഓട്ടോമേഷനും ഉപയോഗിച്ച് സമയവും തൊഴില്‍ ശക്തിയും വിഭവങ്ങളും കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കുക.
6. കടം നിയന്ത്രിക്കുക: ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ കുറക്കാനും പ്രവര്‍ത്തന മൂലധനത്തിന്റെ ആവശ്യകത കൃത്യമായി കണക്കാക്കാനും ശ്രമിക്കുക. തിരിച്ചടവ് ശേഷിക്കനുസരിച്ചായിരിക്കണം പുതിയ നിക്ഷേപങ്ങള്‍.
7. പുതിയ അവസരങ്ങള്‍ കണ്ടെത്തുക: ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് മൂല്യത്തിന് പ്രാധാന്യം നല്കുന്ന ഉല്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുക. നിലവിലെ ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിന് മുന്‍ഗണന നല്‍കുക.
വിലക്കയറ്റ കാലത്ത് വിറ്റുവരവ് വര്‍ധിപ്പിക്കുന്നതിനേക്കാള്‍ ലാഭ മാര്‍ജിന്‍, പണമൊഴുക്ക്, ഉപഭോക്തൃ വിശ്വാസം എന്നിവ സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.
വിലക്കയറ്റം പണത്തിന്റെ വാങ്ങല്‍ ശേഷി കുറക്കും. അതിനാല്‍ നിക്ഷേപത്തിന്റെ മൂല്യം കൂടുന്നുണ്ടോ എന്നത് മാത്രമല്ല, വിലക്കയറ്റവും നികുതിയും കണക്കിലെടുത്ത ശേഷമുള്ള യഥാര്‍ത്ഥ വരുമാനം എത്രയാണെന്നും പരിശോധിക്കണം.
1. എല്ലാ പണവും ഒരിടത്ത് നിക്ഷേപിക്കരുത്: ഓഹരികള്‍, കടപ്പത്രങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍, സ്വര്‍ണം തുടങ്ങിയവയില്‍ വ്യക്തിയുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് വൈവിധ്യം ഉറപ്പാക്കുക.
2. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മറക്കരുത്: ഓഹരി വിപണിയിലെ താല്‍ക്കാലിക ഇടിവുകളെ ഭയന്ന് ധൃതിപിടിച്ച് നിക്ഷേപങ്ങള്‍ വിറ്റഴിക്കരുത്. എന്നാല്‍ ഓഹരി നിക്ഷേപത്തില്‍ നഷ്ടസാധ്യതയുണ്ടെന്നും വരുമാനം ഉറപ്പില്ലെന്നും മനസിലാക്കണം.
3. പണലഭ്യത ഉറപ്പാക്കുക: അടിയന്തര ആവശ്യങ്ങള്‍ക്കായി മതിയായ തുക സുരക്ഷിതവും എളുപ്പത്തില്‍ പിന്‍വലിക്കാവുന്നതുമായ നിക്ഷേപങ്ങളില്‍ സൂക്ഷിക്കുക. അതിനായി ദീര്‍ഘകാല നിക്ഷേപങ്ങള്‍ നഷ്ടത്തില്‍ വില്‍ക്കേണ്ടി വരുന്നത് ഒഴിവാക്കാം.
4. സ്ഥിര നിക്ഷേപങ്ങളുടെ വരുമാനം വിലയിരുത്തുക: ബാങ്ക് നിക്ഷേപങ്ങളുടെ പലിശയില്‍ നിന്ന് നികുതിയും വിലക്കയറ്റത്തിന്റെ ആഘാതവും കണക്കിലെടുത്ത ശേഷമുള്ള നേട്ടം പരിശോധിക്കുക. സുരക്ഷിതത്വവും പണലഭ്യതയും കൂടി പരിഗണിക്കണം.
5. ഗുണമേന്മയുള്ള നിക്ഷേപങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക: ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശക്തമായ ബാലന്‍സ് ഷീറ്റ്, നിയന്ത്രിത കടബാധ്യത, സ്ഥിരമായ പണമൊഴുക്ക്, വില നിര്‍ണയ ശേഷി എന്നിവയുള്ള കമ്പനികള്‍ക്ക് പ്രാധാന്യം നല്‍കുക. കുറഞ്ഞ വിലയില്‍ ലഭിക്കുന്നു എന്നതുകൊണ്ട് മാത്രം ഒരു ഓഹരി ആകര്‍ഷകമാകണമെന്നില്ല.
6. സ്വര്‍ണത്തില്‍ അമിതമായി ആശ്രയിക്കരുത്: സ്വര്‍ണം വൈവിധ്യവല്‍ക്കരണത്തിന് സഹായിക്കാം. എന്നാല്‍ വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകും. വിലക്കയറ്റം വരുമ്പോള്‍ സ്വര്‍ണ വില നിര്‍ബന്ധമായും ഉയരുമെന്നും കരുതരുത്.
7. വായ്പയെടുത്തുള്ള ഊഹക്കച്ചവടം ഒഴിവാക്കുക: വിപണിയിലെ അനിശ്ചിതത്വ കാലത്ത് അമിതമായ കടവും ലീവറേജും നഷ്ടം കൂട്ടും. പെട്ടെന്ന് ലാഭമുണ്ടാക്കാമെന്ന വാഗ്ദാനങ്ങളില്‍ വീഴാതിരിക്കുക.
-നിര്‍മാണ സാമഗ്രികള്‍: കോപ്പര്‍, പിവിസി അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം വയറിങ്, പ്ലംബിങ് സാമഗ്രികളുടെയും തൊഴില്ക്കൂലിയുടെയും നിരക്കുകള്‍ കുതിച്ചുയര്‍ന്നു. ഒപ്പം തമിഴ്നാട്ടിലെ ക്വാറി നിയന്ത്രണങ്ങള്‍ കാരണം എം-സാന്‍ഡ്, പാറ എന്നിവയുടെ ക്ഷാമവും സിമന്റ്-സ്റ്റീല്‍ വിലക്കയറ്റവും നിര്‍മാണച്ചെലവ് കൂട്ടി.
-ഭക്ഷ്യധാന്യങ്ങള്‍: കാലാവസ്ഥാ വ്യതിയാനവും ഉല്പാദനക്കുറവും വിതരണ ശൃംഖലയെ ബാധിച്ചു. ചരക്കുകടത്ത് കൂലി വര്‍ധിച്ചത് മട്ടയരി, തുവരപ്പരിപ്പ് തുടങ്ങിയവയുടെ മൊത്തവില ഉയരാന്‍ കാരണമായി.
-പച്ചക്കറികള്‍: കടുത്ത വേനലും അപ്രതീക്ഷിത മഴയും വിളവെടുപ്പിനെ തകിടംമറിച്ചു. തമിഴ്നാട്, കര്‍ണാടക വിപണികളില്‍ നിന്നുള്ള വന്‍തോതിലുള്ള വിദേശ കയറ്റുമതി മൂലം കേരളത്തിലേക്കുള്ള വരവ് ഗണ്യമായി കുറഞ്ഞു.
-ഹോട്ടല്‍ ഭക്ഷണം: 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് ഒറ്റയടിക്ക് വില കൂടിയതും പലചരക്ക്-പച്ചക്കറി സാധനങ്ങളുടെയും പാചക എണ്ണയുടെയും ചെലവ് ഉയര്‍ന്നതും മൂലം ഹോട്ടല്‍ നിരക്കുകള്‍ ഇനിയും വര്‍ധിച്ചേക്കും.
- ഗൃഹോപകരണങ്ങള്‍: ആഗോള വിപണിയില്‍ കോപ്പര്‍, അലുമിനിയം, സ്റ്റീല്‍ നിരക്കുകള്‍ കുതിച്ചുയര്‍ന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയും മെമ്മറി ചിപ്പുകളുടെ ക്ഷാമവും നിര്‍മാണച്ചെലവ് കൂട്ടി.
- സ്മാര്‍ട്ട്ഫോണുകള്‍: എഐ ഡാറ്റ സെന്ററുകള്‍ക്കായി സെമികണ്ടക്ടറുകള്‍ക്ക് ഡിമാന്‍ഡ് കൂടിയതോടെ മെമ്മറി ചിപ്പുകളുടെ വില 300% വര്‍ധിച്ചു. രൂപയുടെ മൂല്യം ഇടിഞ്ഞതും ഫോണ്‍ നിര്‍മാതാക്കള്‍ നിരക്ക് കൂട്ടാന്‍ ഇടയാക്കി.
- വാഹനങ്ങള്‍: സ്റ്റീല്‍, അലുമിനിയം തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ഉയര്‍ന്ന ലോജിസ്റ്റിക്സ് ചെലവുകള്‍, വിദേശ ഘടകഭാഗങ്ങളുടെ ഇറക്കുമതിച്ചെലവ് എന്നിവ വാഹന നിര്‍മാതാക്കള്‍ ഉപഭോക്താക്കളിലേക്ക് കൈമാറി.
വിമാന യാത്രആഭ്യന്തര-അന്തര്‍ദേശീയ തലത്തില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (ATF) നിരക്കുകള്‍ ഉയര്‍ന്നതും മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളെത്തുടര്‍ന്ന് എയര്‍ലൈനുകള്‍ ഫ്ളാറ്റ് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയതും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി.
-വിദേശ പഠനം: ഡോളറിനും പൗണ്ടിനുമെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ട്യൂഷന് ഫീസ് ചെലവ് കൂടി. ഒപ്പം വിദേശ സര്‍വകലാശാലകള്‍ ഫീസ് ഉയര്‍ത്തിയതും വിദേശ നഗരങ്ങളിലെ ഉയര്‍ന്ന വീട്ടുവാടകയും അധിക ബാധ്യതയായി.
ഒക്ടോബര്‍ 31 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine