Image : Canva 
Business Kerala

ക്ലൗഡ് കിച്ചണ്‍ തുടങ്ങാം, പണമുണ്ടാക്കാം; ഇതാ വിശദാംശങ്ങള്‍

ഉത്പന്ന വിലകള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു നിശ്ചയിക്കാം

Baiju Nedumkery

കാലഘട്ടത്തിന്റെ ആവശ്യകതയുടെ ഭാഗമായി രൂപപ്പെട്ട ഒരു ബിസിനസ് മോഡലാണ് ക്ലൗഡ് കിച്ചണ്‍. ഒരു കേന്ദ്രീകൃത അടുക്കളയില്‍ ഭക്ഷ്യവിഭവങ്ങളുണ്ടാക്കി ഉപഭോക്താക്കള്‍ക്ക് നേരിട്ടും ഹോട്ടലുകളിലേക്കും വില്‍പ്പനകേന്ദ്രങ്ങള്‍ക്കും എത്തിക്കുന്നന്ന രീതിയാണ് ക്ലൗഡ് കിച്ചണ്‍ ബിസിനസ് മോഡല്‍.

ചെറിയ ഹോട്ടലുകള്‍ പലതും കൊവിഡിനുശേഷം ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് നിയന്ത്രിക്കുന്ന രീതിയും അവലംബിച്ചിട്ടുണ്ട്. ഈ ഹോട്ടലുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വിളമ്പാന്‍ ആവശ്യമായ പ്രഭാത ഭക്ഷണം ക്ലൗഡ് കിച്ചണില്‍ നിന്ന് നല്‍കാം.

നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക്

രാവിലെ കുറഞ്ഞ ചെലവില്‍ നാടന്‍ ഭക്ഷണങ്ങള്‍ ലഭിച്ചാല്‍ അവ വാങ്ങിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം നഗരവാസികളും. പ്രഭാതഭക്ഷണവും കറികളും അടങ്ങുന്ന കോംബോ പായ്ക്കുകളിലാക്കി ഇത്തരം ഉപഭോക്താക്കള്‍ക്ക് നല്‍കാം. പാചകത്തിനായി ചെലവഴിക്കുന്ന സമയം, ഉപയോഗിക്കുന്ന സാധനങ്ങളുടെ വില, ഇന്ധന ചെലവ് എന്നിവയെല്ലാം കണക്ക് കൂട്ടുമ്പോള്‍ ഉപഭോക്താക്കളെ സംബന്ധിച്ച് പുറത്തുനിന്ന് പ്രഭാതഭക്ഷണം വാങ്ങുന്നത് തന്നെയാണ് നല്ലത്.

സാധ്യത

കേരളത്തില്‍ വന്‍കിട ഹോട്ടലുകളില്‍ മാത്രമാണ് മുറിക്കൊപ്പം പ്രഭാതഭക്ഷണം നല്‍കുന്നത്. ചെറുകിട ഹോട്ടലുകള്‍ക്ക് അതിനായി പ്രത്യേകം പാചകക്കാരെ വയ്ക്കുന്നതും അടുക്കള ഒരുക്കുന്നതും ലാഭകരമാവില്ല എന്ന ചിന്തയാണ് ഇതിനു പിന്നില്‍. എന്നാല്‍ സന്ദര്‍ശകര്‍ മിക്കവാറും പ്രഭാതഭക്ഷണം കൂടി കിട്ടുന്ന പാക്കേജുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. അതിനായി പിന്നീട് സമയം ചെലവഴിക്കേണ്ടതില്ല എന്നതിനാലാണത്.

മൂന്നാറും അനുബന്ധമേഖലകളും എടുത്താല്‍ തന്നെ ഭക്ഷണം നല്‍കാതെ റൂമുകള്‍ മാത്രം നല്‍കുന്ന 2,000ലധികം ചെറുകിട പ്രോപ്പര്‍ട്ടികളുണ്ട്. ഇതുപോലെ മറ്റു സ്ഥലങ്ങളിലുമുണ്ട്. ഇത്തരം പ്രോപ്പര്‍ട്ടികള്‍ക്ക് ഒരു ടൂറിസ്റ്റിന് 50 രൂപ നിരക്കില്‍ പ്രഭാതഭക്ഷണം എത്തിച്ച് നല്‍കാന്‍ ക്ലൗഡ് കിച്ചണ്‍ വഴി കഴിയും.

ഒരു പ്രോപ്പര്‍ട്ടിയില്‍ കുറഞ്ഞത് 10 താമസക്കാര്‍ ഉണ്ടെങ്കില്‍ കിച്ചന് 500 രൂപ ലഭിക്കും. 50 പ്രോപ്പര്‍ട്ടികളില്‍ വിതരണം ചെയ്താല്‍ പോലും പ്രതിദിനം 25,000 രൂപ വിറ്റുവരവ് നേടാം.

പ്രവര്‍ത്തന മാതൃക

ഹോട്ടലുകള്‍, ടൂറിസം പ്രോപ്പര്‍ട്ടികള്‍, ഉപഭോക്താക്കള്‍ എന്നിവരില്‍ നിന്ന് തലേദിവസം തന്നെ ഓണ്‍ലൈന്‍ ബുക്കിംഗ് എടുക്കുക. പണം അടച്ച് ബുക്കിംഗ് സ്വീകരിക്കുന്നതാണ് നല്ലത്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും സാധ്യത നിലനില്‍ക്കുന്നുണ്ട്.

യന്ത്രങ്ങള്‍, സംവിധാനങ്ങള്‍

1. മാവ് അരക്കുന്നതിനുള്ള യന്ത്രം : 45,000 രൂപ

2. മാവ് കുഴയ്ക്കുന്നതിനുള്ള യന്ത്രം : 50,000

3. സ്റ്റീമിംഗ് ഉപകരണങ്ങള്‍ : 45,000

4. സ്ലൈസര്‍ കട്ടിംഗ് യന്ത്രം : 50,000

5. ഗ്യാസ് സ്റ്റൗ, കല്ല് : 50,000

6. ഫ്രീസര്‍ : 30,000

7. ഇതര ചെലവുകള്‍ : 50,000

8. അനുബന്ധ സംവിധാനങ്ങള്‍ : 25,000

ആകെ : 3,45,000 രൂപ

ഉത്പന്നങ്ങള്‍

ഇഡ്ഡലി, ദോശ, ഇടിയപ്പം, കള്ളപ്പം, പാലപ്പം, പുട്ട്, ഉപ്പുമാവ്, ചപ്പാത്തി തുടങ്ങിയവയാണ് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. രാവിലത്തെ ഭക്ഷണ വിതരണം കഴിഞ്ഞാല്‍ ഇതേ സംവിധാനങ്ങള്‍ ഉപയോഗിച്ചു ഇലഅട, കൊഴുക്കട്ട തുടങ്ങിയ സ്നാക്സുകള്‍ നിര്‍മിച്ചു പത്തുമണിയോടെ ബേക്കറികള്‍ക്കും ചെറിയ ടീ ഷോപ്പുകള്‍ക്കും വിതരണം ചെയ്യാം.

ഉത്പാദന ചെലവ്

ഇഡ്ഡലി, ഇടിയപ്പം, പുട്ട്, ചപ്പാത്തി തുടങ്ങിയവയ്ക്ക് ഉല്‍പ്പാദന ചെലവ് 2.50 മുതല്‍ മൂന്ന് രൂപ വരെയാണ്.

നാല് ഇഡ്ഡലിയും ചമ്മന്തിയും അടങ്ങുന്ന കോംബോ പാക്കിംഗ് അടക്കം 20 രൂപ വരെ ചെലവ് വരും.

വരവ്

ഉത്പന്ന വിലകള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു നിശ്ചയിക്കാം.

ലൈസന്‍സ്: ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, ഉദ്യം രജിസ്ട്രേഷന്‍ എന്നിവ നേടി ക്ലൗഡ് കിച്ചണ്‍ തുടങ്ങാം.

(ധനം ബിസിനസ് മാഗസിന്റെ മേയ് 15 ലക്കത്തില്‍ നിന്ന്. പിറവം ടെക്നോ ലോഡ്ജ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമാണ് ലേഖകന്‍)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT