വി. നൗഷാദ്, എം.ഡി., വാക്കറൂ ഇന്റർനാഷണൽ 
Business Kerala

കസ്റ്റമറുടെ മനസറിഞ്ഞ് ആഗോള വിപണിയിലേക്ക്; ₹2,700 കോടിയുടെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയിലേക്ക് വാക്കറൂ നടന്നു കയറിയ വഴികളിതാ

2012-ൽ പ്രവർത്തനം തുടങ്ങിയ കമ്പനി രാജ്യത്തെ ഏറ്റവും വലിയ പിയു പാദരക്ഷ ബ്രാൻഡും ദക്ഷിണേന്ത്യയിലെ മുൻനിര ബിസിനസുമായി വളർന്നത് വേഗത്തിലാണ്

Dhanam News Desk

സ്‌റ്റൈലും ഫാഷനും ഗുണനിലവാരവുമുള്ള ഒരുല്‍പന്നം സാധാരണക്കാരനും പ്രാപ്തമാക്കുകയെന്ന ചിന്തയില്‍ നിന്നാണ് വാക്കറൂ എന്ന പാദരക്ഷ ബ്രാന്‍ഡിന്റെ പിറവി. അഫോര്‍ഡബ്ള്‍ എന്നാല്‍ വില കുറഞ്ഞതല്ല, മറിച്ച് ഉപഭോക്താവിന് പരമാവധി മൂല്യം നല്‍കലാണ് എന്ന ചിന്തയാണ് വാക്കറൂ മുന്നോട്ടുവെച്ചത്. അതുകൊണ്ടുതന്നെയാണ് 2012ല്‍ തുടക്കം കുറിച്ച വാക്കറൂ, ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും രാജ്യത്തെ ഏറ്റവും വലിയ പിയു പാദരക്ഷ ബ്രാന്‍ഡും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാദരക്ഷ ബ്രാന്‍ഡുമായി മാറിയതും.

സാധാരണക്കാരുടെ ശീലങ്ങളെയും ഫാഷന്‍ സങ്കല്‍പങ്ങളെയും മാറ്റിമറിച്ച വാക്കറൂ ഇന്ന് 2,700 കോടിയിലേറെ രൂപ വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയാണ്. ഏഴ് സംസ്ഥാനങ്ങളിലായി 18 നിര്‍മാണ യൂണിറ്റുകളുള്ള വാക്കറൂവിന് പ്രതിവര്‍ഷം 20 കോടിയിലേറെ ജോഡി ചെരുപ്പുകള്‍ ഉല്‍പാദിപ്പിക്കാനാകും. രാജ്യത്ത് 750ലേറെ ഡീലര്‍മാരും 1.75 ലക്ഷം കവിയുന്ന റീറ്റെയ്ല്‍ ടച്ച് പോയിന്റുകളുമുണ്ട്.

സ്‌പോര്‍ട്‌സ് ഷൂസ്, സ്‌പോര്‍ട്‌സ് സാന്‍ഡല്‍സ്, പിയു ഫുട്‌വെയര്‍, ഇവിഎ ഫുട്‌വെയര്‍, സ്ലൈഡുകള്‍,ഫ്ളിപ്പ്-ഫ്ളോപ്പുകള്‍, ഹവായ് ഫുട്‌വെയര്‍, കാഷ്വല്‍, അത്‌ലീഷര്‍ വെയര്‍ തുടങ്ങി ഓരോ അവസരത്തിനും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഉല്‍പന്നനിരയാണ് വാക്കറൂവിന്റെ കരുത്ത്.

കേവലം ഒരുല്‍പന്നം എന്നതിലുപരി ഊര്‍ജസ്വലവും ആരോഗ്യകരവുമായ ജീവിതശൈലിയുടെ ഭാഗമായി പാദരക്ഷകളെ മാറ്റിയെടുക്കാന്‍ കമ്പനിക്ക് സാധിച്ചുവെന്ന് സ്ഥാപകനും മാനേജിങ് ഡയറക്റ്ററുമായ വി. നൗഷാദ് ഓര്‍മിപ്പിക്കുന്നു.

നടത്തം, ഫിറ്റ്നസ്, സ്പോര്‍ട്സ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന വാക്കത്തണുകള്‍, മാരത്തണുകള്‍ തുടങ്ങിയ സാമൂഹിക ഇടപെടലുകളിലൂടെയും വാക്കറൂ തങ്ങളുടെ ബ്രാന്‍ഡ് സാന്നിധ്യം അരക്കിട്ടുറപ്പിക്കുന്നുണ്ട്. ഉല്‍പന്ന വില്‍പനക്കപ്പുറം ഉപഭോക്താവിന്റെ ജീവിതരീതിയുമായി ഇഴുകിച്ചേരുന്ന ഒരു ആശയമായി മാറാന്‍ കഴിഞ്ഞുവെന്നതാണ് വാക്കറൂവിന്റെ വിജയം.

അഫോര്‍ഡബ്ള്‍ എന്നതുകൊണ്ട്‌ വിലകുറഞ്ഞ ഉല്‍പന്നം എന്നര്‍ത്ഥമില്ല, മറിച്ച് ഉപഭോക്താവിന് പരമാവധി മൂല്യം നല്‍കുക എന്നാണ്.
വി. നൗഷാദ്, ഫൗണ്ടര്‍&എംഡി, വാക്കറൂ ഇന്റര്‍നാഷണല്‍

വളര്‍ച്ചയുടെ രഹസ്യം

ഒരു സിംഗ്ള്‍ ടേണിങ്‌പോയിന്റ് എന്നതിലുപരി രാജ്യത്തെ ഉപഭോക്താക്കളുടെ മാറുന്ന ആഗ്രഹങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞു എന്നിടത്താണ് വാക്കറൂ മുന്നേറ്റം തുടങ്ങിയത്. ഉപഭോക്താവ് കൂടുതല്‍ ഫാഷനബിളായ ഉല്‍പന്നങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നല്ല ഡിസൈനും ഈടും കംഫര്‍ട്ടും താങ്ങാവുന്ന വിലയില്‍ ലഭ്യമല്ലെന്ന തിരിച്ചറിവാണ് ഫാഷനും കംഫര്‍ട്ടും ജനകീയമാക്കുകയെന്ന തന്ത്രത്തിലേക്ക് കമ്പനിയെ നയിച്ചത്. എന്നാല്‍ ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഉല്‍പന്നം വിപണിയിലെത്തിക്കണമെങ്കില്‍ മികച്ച ഉല്‍പാദനശേഷിയും സാങ്കേതികവിദ്യയും പ്രൊഫഷണല്‍ മാനേജ്മെന്റും കൂടി ആവശ്യമായിരുന്നു.

മികവിലേക്കുള്ള നടത്തം

വളരുന്ന വിപണിയില്‍ വേഗമാണ് പ്രധാനം. ഓരോ സീസണിലും ആയിരത്തിലധികം പുതിയ ഡിസൈനുകളാണ് വാക്കറൂ വിപണിയിലെത്തിച്ചത്. ഇത്രയധികം വൈവിധ്യം കൈകാര്യം ചെയ്യാന്‍ ആധുനിക സാങ്കേതികവിദ്യയും ഓട്ടോമേഷനും ഒരുക്കി. ലീന്‍ മാനുഫാക്ചറിങ് രീതിയിലൂടെ ഉല്‍പാദനച്ചെലവ് കുറക്കാനും ഗുണമേന്മ ഉറപ്പാക്കാനും കമ്പനിക്ക് സാധിച്ചു. ഡിമാന്‍ഡ് ഫോര്‍കാസ്റ്റിങ്, റിയല്‍ ടൈം ഡാറ്റ, എസ് ആന്‍ഡ് ഒപി തുടങ്ങി ഡിജിറ്റലൈസേഷന്‍ നടപ്പാക്കിയതിലൂടെ കൃത്യമായ തീരുമാനങ്ങള്‍ വേഗത്തിലെടുക്കാന്‍ വാക്കറൂവിനെ പ്രാപ്തമാക്കുകയും വിപുലമായ ഡീലര്‍ഷിപ്പും റീറ്റെയ്ല്‍ ടച്ച് പോയിന്റുകളും ശക്തമായ വിതരണ ശൃംഖലയും ഉറപ്പുവരുത്തുകയും ചെയ്തു.

വന്‍തോതിലുള്ള ഉല്‍പാദനത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങളെല്ലാം ഗുണമേന്മയിലും ന്യായമായ വിലയിലും ഉപഭോക്താവിലേക്ക് എത്തിക്കുകയാണ് വാക്കറൂ ചെയ്യുന്നതെന്ന് നൗഷാദ് പറയുന്നു. പ്രധാന വിപണികള്‍ക്ക് അടുത്തുതന്നെ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ ചരക്ക് ഗതാഗത ചെലവുകള്‍ ലാഭിക്കാനും സഹായിക്കുന്നു.

ലക്ഷ്യങ്ങള്‍

യൂത്ത് സെഗ്മെന്റ്, സ്‌പോര്‍ട്‌സ് ഫുട്‌വെയര്‍, അത്‌ലീഷര്‍, ലൈറ്റ് വെയിറ്റ് ഇവിഎ (ഋഢഅ) ഉല്‍പന്നങ്ങള്‍, കംഫര്‍ട്ട് എര്‍ഗണോമിക്സ് എന്നിവക്കാണ് വാക്കറൂ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. റോബോട്ടിക്‌സ്, സസ്റ്റെയ്‌നബ്ള്‍ മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിലും കമ്പനി നിക്ഷേപം നടത്തുന്നു. ഇന്ത്യയില്‍ വിജയിച്ച ബിസിനസ് മാതൃക മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് വാക്കറൂ ഇപ്പോള്‍.

ഇതിന്റെ ഭാഗമായി ബംഗ്ലാദേശ്, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിര്‍മാണ യൂണിറ്റുകളും യുഎഇ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ സാന്നിധ്യവും ഉറപ്പുവരുത്തിക്കഴിഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും മിഡില്‍ ഈസ്റ്റിലേക്കും ദക്ഷിണേഷ്യയിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാനാണ് പദ്ധതി.

2030 ഓടെ 5,000 കോടിയിലേറെ വിറ്റുവരവ് എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോഴും, വെറും വരുമാന വളര്‍ച്ചയല്ല വാക്കറൂ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ മണ്ണില്‍ വളര്‍ന്ന ഒരു ആഗോള ബ്രാന്‍ഡായി ലോകവിപണിയില്‍ അംഗീകരിക്കപ്പെടുക എന്നതാണ് ആത്യന്തിക ലക്ഷ്യം. 

Walkaroo International targets Rs 5,000 crore turnover by 2030 through global expansion and technology-driven manufacturing.

(ധനം മാഗസീന്‍ 2026 സെപ്റ്റംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT