ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ ദക്ഷിണ കൊറിയയിലെ എച്ച്.ഡി. ഹ്യുണ്ടായി ഇന്ത്യയിലെ ആദ്യത്തെ മെഗാ ഷിപ്പ്യാര്‍ഡ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ (ഏകദേശം 18,000 കോടി രൂപ) നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കമ്പനി തമിഴ്‌നാട് സര്‍ക്കാരുമായി ധാരണാപത്രം (MoU) ഒപ്പുവച്ചു.
മധുരയില്‍ നടന്ന തമിഴ്‌നാട് നിക്ഷേപ സംഗമം 2025-ല്‍ വെച്ചാണ് നിര്‍ണായകമായ കരാര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, വ്യവസായ മന്ത്രി ടി.ആര്‍.ബി. രാജാ എന്നിവരുടെ സാന്നിധ്യത്തില്‍ എച്ച്.ഡി. കൊറിയ ഷിപ്പ്ബില്‍ഡിംഗ് ആന്‍ഡ് ഓഫ്ഷോര്‍ എന്‍ജിനീയറിംഗ് വൈസ് പ്രസിഡന്റ് ഹന്നേ ചോയി കരാറില്‍ ഒപ്പുവെച്ചു.
ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളെയും പരിഗണിച്ച ശേഷമാണ് ഹ്യുണ്ടായി തൂത്തുക്കുടി തിരഞ്ഞെടുത്തത്. കപ്പല്‍ നിര്‍മ്മാണത്തിന് അനുയോജ്യമായ തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍, തൊഴിലാളി ലഭ്യത, ദക്ഷിണ കൊറിയയിലെ ഹ്യുണ്ടായിയുടെ ആസ്ഥാനമായ ഉള്‍സാനുമായി സമാനമായ കാലാവസ്ഥ എന്നിവയാണ് തൂത്തുക്കുടിയെ മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റിയത്.
എച്ച്.ഡി. ഹ്യുണ്ടായി പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സ് എന്നിവരുടെ നിരയിലേക്ക് കമ്പനിയും ചേരും. തൂത്തുക്കുടിയില്‍ രണ്ട് പുതിയ ഗ്രീന്‍ഫീല്‍ഡ് വാണിജ്യ കപ്പല്‍ശാലകള്‍ സ്ഥാപിക്കുമെന്ന് ഇതിനകം ഇരു കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്.മൂന്നു കമ്പനികളും ചേര്‍ന്ന് 30,000 കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ നടത്തുക. ഇതുവഴി ഏകദേശം 55,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്‌നാട്ടില്‍ വന്‍കിട പദ്ധതി വരുന്നതോടെ കേരളം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്ന പൂവാര്‍ ഷിപ്പ്യാര്‍ഡ് പദ്ധതിയുടെ ഭാവി പ്രതിസന്ധിയിലാകുമെന്ന ആശങ്കയും ശക്തമാണ്. തിരുവനന്തപുരം ജില്ലയിലെ പൂവാറില്‍ ഒരു വന്‍കിട കപ്പല്‍ നിര്‍മ്മാണ ക്ലസ്റ്റര്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2011 മുതല്‍ കേരളത്തെ സമീപിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ പദ്ധതി മുടങ്ങുകയായിരുന്നു.
അതിനുശേഷം ഈ വര്‍ഷം ആദ്യം പൂവാറില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താനും ഏകോപന ഉദ്യോഗസ്ഥനെ നിയോഗിക്കാനും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കത്തു നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അമൃത്കാല്‍ വിഷന്‍ 2047ല്‍ ഉള്‍പ്പടുത്തിയാണ് പദ്ധതിക്ക് പുതുജീവന്‍ നല്‍കിയത്. 2047 എത്തുമ്പോള്‍ കൊച്ചി-വിഴിഞ്ഞം തുറമുഖ ഇടനാഴി ഉള്‍പ്പെടെ രാജ്യത്ത് ആറ് മെഗാ തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്.
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പരിഗണിച്ച്, അന്താരാഷ്ട്ര ഷിപ്പിംഗ് പാതയോട് അടുത്തുകിടക്കുന്ന പൂവാറിനെ കപ്പല്‍ നിര്‍മ്മാണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. വിഴിഞ്ഞം തുറമുഖത്തു നിന്ന് 10 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന പൂവാര്‍ തീരത്ത് വലിയ കപ്പലുകള്‍ക്ക് പോലും അടുക്കാന്‍ കഴിയുന്ന ആഴമുണ്ട്. തീരത്ത് നിന്ന് അരകിലോമീറ്ററോളം ദൂരത്തില്‍ കടലിന് 13 മീറ്ററോളം സ്വാഭാവിക ആഴമുണ്ട്. അന്താരാഷ്ട്ര കപ്പല്‍ചാലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ചാല്‍ തീരത്തെത്താമെന്നതും പൂവാറിനെ കപ്പല്‍ നിര്‍മാണ ശാലക്ക് അനുയോജ്യമാക്കുന്നു എന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍.
പദ്ധതിക്ക് വേണ്ടി 2,500 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. പൂവാറിലും പ്രദേശത്തുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇരുന്നൂറോളം ഏക്കര്‍ ഭൂമിയുണ്ട്. ബാക്കി ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരേണ്ടത്. എന്നാല്‍, പദ്ധതിക്ക് ആവശ്യമായ താല്‍പ്പര്യം കാണിക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിലും കേരള സര്‍ക്കാര്‍ വരുത്തിയ കാലതാമസം തിരിച്ചടിയായി.
ഇപ്പോള്‍, പൂവാറില്‍ നിന്ന് കേവലം 200 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള തൂത്തുക്കുടിയില്‍ ലോകോത്തര നിലവാരമുള്ള ഒരു ഷിപ്പ്യാര്‍ഡ് വരുന്നത്, കേരളത്തിലെ തീരദേശത്ത് ഒരു പുതിയ കപ്പല്‍ശാല സ്ഥാപിക്കാനുള്ള നിക്ഷേപകരുടെ താല്‍പ്പര്യം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വ്യവസായ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തൂത്തുക്കുടിയില്‍ വന്‍കിട നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ, എച്ച്.ഡി. ഹ്യുണ്ടായിയുടെ ഉപകമ്പനിയായ എച്ച്.ഡി. കൊറിയ ഷിപ്പ്ബില്‍ഡിംഗ് ആന്‍ഡ് ഓഫ്ഷോര്‍ എന്‍ജിനീയറിംഗ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഈ നീക്കങ്ങളെല്ലാം ഇന്ത്യയെ ആഗോള കപ്പല്‍ നിര്‍മ്മാണ ഭൂപടത്തില്‍ മുന്‍നിരയിലെത്തിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യങ്ങള്‍ക്ക് കരുത്തേകുമെന്നാണ് കരുതുന്നത്.
തമിഴ്‌നാടിന്റെ വ്യവസായ മേഖലയ്ക്ക് ഈ മെഗാ പ്രൊജക്റ്റ് വലിയ ഉണര്‍വ് നല്‍കുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആര്‍.ബി. രാജാ പറഞ്ഞു.
ഇന്ത്യന്‍ കപ്പല്‍ നിര്‍മ്മാണ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആദ്യം 'ഷിപ്പ് ബില്‍ഡിംഗ്: മേക്ക് ഇന്‍ ഇന്ത്യ ടുഗതര്‍ വിത്ത് ഹ്യുണ്ടായി (SMITH)' എന്ന പേരിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെ ഇത് 'ഷിപ്പ് ബില്‍ഡിംഗ് മേക്ക് ഇന്‍ തമിഴ്‌നാട് വിത്ത് ഹ്യുണ്ടായി' എന്ന് പുനര്‍നാമകരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine