ഐ.ബി.എസ് സോഫ്റ്റ്‌‍വെയര്‍ ഗ്രൂപ്പ് ആരംഭിച്ച എഐ കമ്പനിയായ നാവിക് ടെക്നോളജി, ഇൻഫോപാര്‍ക്ക് ഫേസ്-1ലെ ഐ.ബി.എസ് ടവറില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു. എ.പി.എ.എക്സ് പാര്‍ട്ണര്‍ ഇന്ത്യാ മേധാവി ഹര്‍ജോത് ദാലിവാള്‍, നാവിക് ടെക്നോളജി പ്രസിഡന്റ് മോയിസുര്‍ റഹ്മാന്‍, ഐ.ബി.എസ് സോഫ്റ്റ്‍വെയര്‍ സ്ഥാപകൻ വി.കെ മാത്യൂസ്, സി.ഇ.ഒ സൊമിത് ഗോയല്‍, വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഐടി സെക്രട്ടറി സീറാം സാംബശിവ റാവു തുടങ്ങിയവർ സമീപം. 
Business Kerala

കേരളത്തിന്റെ എഐ സ്വപ്നങ്ങൾക്ക് കരുത്തേകാൻ 'നാവിക് ടെക്നോളജി'; ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ പുതിയ സംരംഭത്തിന് തുടക്കം

കേരളത്തെ എഐ-നൂതന സാങ്കേതികവിദ്യാ ഹബ്ബാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Dhanam News Desk

കൊച്ചി ഇൻഫോപാർക്കിൽ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ പുതിയ എഐ കമ്പനിയായ നാവിക് ടെക്നോളജി മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ എഐ ഹബ്ബാക്കാനുള്ള സർക്കാരിന്റെ ദൗത്യത്തിന്റെ ഭാഗമായ ഈ സംരംഭം, മുഖ്യമന്ത്രിയുടെ ഓഫീസിലെ എഐ ഡാഷ്‌ബോർഡും ഗ്ലോബൽ ജോബ് വാച്ച് ടവറും പോലുള്ള പദ്ധതികളുമായി ചേർന്ന് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും തൊഴിൽ വിപണിയും പുനർനിർമിക്കാൻ ലക്ഷ്യമിടുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) — നൂതന സാങ്കേതികവിദ്യാ മേഖലയിൽ കേരളത്തെ രാജ്യത്തെ പ്രധാന ഹബ്ബായി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഐ.ബി.എസ് സോഫ്റ്റ്‌‍വെയർ ഗ്രൂപ്പ്, കൊച്ചി ഇൻഫോപാർക്കിൽ പുതിയതായി ആരംഭിക്കുന്ന എഐ കമ്പനിയായ 'നാവിക് ടെക്നോളജി' (Navik Technology) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫീസിൽ എഐ ഡാഷ്‌ബോർഡ് ഉപയോഗിച്ച് നിക്ഷേപ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ തുടങ്ങിക്കഴിഞ്ഞു. തൊഴിൽ മേഖലയിലെ മാറ്റങ്ങൾ പഠിക്കാൻ 'ഗ്ലോബൽ ജോബ് വാച്ച് ടവർ' രൂപീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതികളിൽ മാറ്റം വരുത്തുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യയുടെ വേഗതയ്ക്കൊപ്പം സർക്കാരും മാറണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന ഐടി മിഷനെ 'ഫ്യൂച്ചർ ടെക്നോളജി മിഷൻ' ആയി മാറ്റുന്നത് ഇതിന്റെ ഭാഗമായാണെന്നും മന്ത്രി വ്യക്തമാക്കി. ഐ.ഐ.ഐ.ടി.എം-കെയുടെ (IIITM-K) കീഴിലുള്ള ഇലക്ട്രോണിക് ഇൻകുബേറ്ററിനെ 'സെമികോൺ കേരള' ആക്കി മാറ്റുകയാണെന്നും സെമികണ്ടക്ടർ മേഖലയിൽ മുൻപന്തിയിലെത്താനാണ് കേരളം ശ്രമിക്കുന്നതെന്നും ഐടി സെക്രട്ടറി ശ്രീറാം സാംബശിവറാവു അറിയിച്ചു.

ഡിജിറ്റൽ സമ്പദ്‌‍വ്യവസ്ഥയുടെ പ്രധാന ഇന്ധനമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറിക്കഴിഞ്ഞുവെന്ന് ഐ.ബി.എസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് പറഞ്ഞു. തൊഴിൽ മേഖലയിലെ മാറ്റങ്ങളെ അതിജീവിക്കാൻ എഐ സാങ്കേതികവിദ്യകൾ പഠിക്കുക മാത്രമാണ് പോംവഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐ.ബി.എസ് സോഫ്റ്റ്‌വെയർ സി.ഇ.ഒ സോമിത് ഗോയൽ, നാവിക് ടെക്നോളജി പ്രസിഡന്റ് മോയിസുർ റഹ്മാൻ, അപാക്സ് പാർട്ണേഴ്സ് ഇന്ത്യ മേധാവി ഹർജോത് ദാലിവാൾ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

നാവിക് ടെക്നോളജി: പ്രധാന വിവരങ്ങൾ

  • പ്രവർത്തന മേഖല: രണ്ടര ദശകമായി ഐ.ബി.എസ് നൽകിവരുന്ന യാത്രാ വ്യവസായ നൈപുണ്യത്തെ എഐ സഹായത്തോടെ നവീകരിക്കുകയാണ് നാവിക് ടെക്നോളജി ചെയ്യുന്നത്.

  • സ്വതന്ത്ര ചുമതല: ഐ.ബി.എസിലെ മറ്റ് അനുബന്ധ കമ്പനികളിൽ നിന്ന് പൂർണമായും സ്വതന്ത്രമായാണ് നാവിക് പ്രവർത്തിക്കുക.

  • ലക്ഷ്യം: അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ എയർലൈനുകൾ, വിമാനത്താവളങ്ങൾ, ക്രൂയിസ് ലൈനുകൾ, വെക്കേഷൻ പ്രൊവൈഡേഴ്സ്, ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ എന്നിവയുമായി സഹകരിച്ച് ബിസിനസ് പരിവർത്തനം, ആധുനികവത്കരണം, പുതിയ വരുമാനസ്രോതസ്സുകൾ സൃഷ്ടിക്കൽ എന്നിവ എഐ വഴി സാധ്യമാക്കുക.

  • ആഗോള സാന്നിധ്യം: ലോകമെമ്പാടുമായി 16-ലധികം ഓഫീസുകൾ നാവിക് ടെക്നോളജി ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. എഐ ഗവേഷകർ, ഡാറ്റാ സയന്റിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള പുതുതലമുറ ട്രാവൽ-ടെക് പ്രൊഫഷണലുകൾക്ക് നാവിക് മികച്ച അവസരങ്ങളൊരുക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT