canva
Business Kerala

പണയം വെക്കുന്ന സ്വര്‍ണം ഒറിജിനലാണോ? കേരളത്തിലെ ബാങ്കുകളില്‍ ഇനി എ.ഐ പരിശോധന

എ.ഐ രജിസ്‌ട്രേഷന്‍ കൗണ്ടറും മുക്കുപണ്ടം തിരിച്ചറിയല്‍ സംവിധാനവും വികസിപ്പിച്ചത് ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ് കമ്പനി

Dhanam News Desk

വ്യാജ സ്വര്‍ണം കണ്ടെത്താന്‍ കേരളത്തിലെ സ്വകാര്യ ബാങ്കുകളില്‍ ഇനി എ.ഐ ആപ്ലിക്കേഷനും. ഇതിനൊപ്പം എ.ഐ സഹായത്തോടെയുള്ള രജിസ്‌ട്രേഷന്‍ കൗണ്ടറും കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്റെ (എ.കെ.പി.ബി.എ) 67ാമത് യോഗത്തില്‍ അവതരിപ്പിച്ചു. ടെക്‌നോപാര്‍ക്കിലെ ഇഗ്‌നോസിയെന്ന (IGNOSI) കമ്പനിയാണ് ഇവ വികസിപ്പിച്ചത്. യോഗം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

രജിസ്‌ട്രേഷനും എ.ഐ

ബാങ്കിലെത്തുന്നവര്‍ക്ക് സെക്കന്റുകള്‍ക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്ന തരത്തിലാണ് എ.ഐ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഉപയോക്താവിന്റെ ഫോട്ടോ എ.ഐ സംവിധാനം പകര്‍ത്തുകയും സെക്കന്റുകള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയുമാണ് ചെയ്യുന്നത്. പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി കാത്തിരിപ്പ് സമയം കുറക്കാനും ഉപയോക്താവിന് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. 1,500ലധികം സ്ഥാപനങ്ങള്‍ എ.ഐ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ സംവിധാനം ഏറ്റെടുത്തിട്ടുണ്ട്.

ഇത്രയധികം സ്ഥാപനങ്ങള്‍ എ.ഐ രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ ഭാഗമായത് സാങ്കേതിക വിദ്യയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണെന്ന് എ.കെ.പി.ബി.എ പ്രസിഡന്റ് പി.എ ജോസ് പറഞ്ഞു. എ.ഐ സാങ്കേതിക വിദ്യ അതീവ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണം പിടിക്കാനും എ.ഐ

ഇതിനൊപ്പം വ്യാജ സ്വര്‍ണം കണ്ടെത്താനുള്ള എ.ഐ സംവിധാനവും ഇഗ്‌നോസി അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ ചിത്രം വിശകലനം ചെയ്ത്, മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത വ്യാജസ്വര്‍ണ തട്ടിപ്പ് കേസുകളുടെ ഡാറ്റാബേസുമായി താരതമ്യം ചെയ്യുകയാണ് സംവിധാനം ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ ബാങ്കില്‍ മുക്കുപണ്ടം അടക്കമുള്ളവ പണയം വെക്കാന്‍ ശ്രമിച്ചവരുടെ വിവരങ്ങള്‍ മിക്ക ബാങ്കുകളിലുമുണ്ട്. ഇതും ഉപയോക്താവിന്റെ ചിത്രവുമായി താരതമ്യം ചെയ്ത് സംശയം തോന്നുവരുടെ വിവരങ്ങള്‍ ആപ്ലിക്കേഷന്‍ ബാങ്കിന് കൈമാറുന്നു. ഇതുവഴി ജീവനക്കാര്‍ക്ക് മുന്‍കരുതലെടുക്കാന്‍ സാധിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

എ.ഐ രജിസ്‌ട്രേഷന്‍ കൗണ്ടറും എ.ഐ ഫേക്ക് ഡിറ്റക്ഷന്‍ ആപ്പും രാജ്യത്തെ എല്ലായിടത്തേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ഇഗ്‌നോസി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT