ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന മലയാളികള്‍ക്ക് ആശ്വാസം. 2026-ലെ പുതിയ ബാഗേജ് നിയമങ്ങള്‍ അനുസരിച്ച് ഡ്യൂട്ടി ഫ്രീ പരിധിയിലും സ്വര്‍ണം കൊണ്ടുവരുന്നതിലും കാര്യമായ മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റില്‍ കൊണ്ടുവന്നിരിക്കുന്നത്.
ഇതുവരെ ഒരു സാധാരണ പ്രവാസിക്ക് നികുതിയില്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യം (Duty-free allowance) 50,000 രൂപയായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഇത് 75,000 രൂപയായി ഉയര്‍ത്തി. അതായത്, വിദേശത്തുനിന്ന് കൊണ്ടുവരുന്ന വിലപിടിപ്പുള്ള സമ്മാനങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ഇനി കൂടുതല്‍ ഇളവ് ലഭിക്കും. വിദേശ ടൂറിസ്റ്റുകള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഈ ആനുകൂല്യം ഒരുപോലെ ബാധകമാണ്.
പ്രവാസികളെ സംബന്ധിച്ച് ഏറ്റവും വലിയ ആശയക്കുഴപ്പം സ്വര്‍ണത്തിന്റെ കാര്യത്തിലായിരുന്നു. പുതിയ ബജറ്റില്‍ ഒരു വര്‍ഷത്തിലധികം വിദേശത്ത് താമസിച്ച പ്രവാസി വനിതകള്‍ക്ക് 40 ഗ്രാം വരെ സ്വര്‍ണം നികുതിയില്ലാതെ കൊണ്ടുവരാം എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന 'മൂല്യ പരിധി' ഒഴിവാക്കി പകരം തൂക്കം അടിസ്ഥാനമാക്കിയാണ് പുതിയ നിയമം. പുരുഷന്മാര്‍ക്കും മറ്റുള്ളവര്‍ക്കും 20 ഗ്രാം വരെ സ്വര്‍ണാഭരണങ്ങള്‍ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാനാകും.
സ്വര്‍ണവില എത്ര കൂടിയാലും ഈ നിശ്ചിത ഗ്രാമിനുള്ളില്‍ നില്‍ക്കുന്ന ആഭരണങ്ങള്‍ക്ക് ഇനി കസ്റ്റംസ് ഡ്യൂട്ടി നല്‍കേണ്ടതില്ല എന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്. നിലവില്‍ സ്ത്രീകള്‍ക്ക് ഒരു ലക്ഷവും പുരുന്മാര്‍ക്ക് 50,000വും വില വരുന്ന ആഭരണങ്ങള്‍ മാത്രമേ നികുതി രഹിതമായി കൊണ്ടുപോകാനാവൂ. 2016ലാണ് അന്നത്തെ വിപണി വില (40 ഗ്രാമിന് ഒരു ലക്ഷം രൂപ, 20 ഗ്രാമിന് 50,000 രൂപ) അടിസ്ഥാനമാക്കി ഈ പരിധി നിശ്ചയിച്ചത്. നിലിവില്‍ ഇന്ത്യയില്‍ ഒരു ഗ്രാമിന് 15,000 രൂപയ്ക്കടുത്താണ് വില. ഇതുകണക്കിലെടുത്താണ് പരിധി പുനര്‍നിശ്ചയിച്ചത്.
സ്വര്‍ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍, പഴയ മൂല്യപരിധി പ്രകാരം ചെറിയൊരു മാല കൊണ്ടുവന്നാല്‍ പോലും കസ്റ്റംസ് കുരുക്കില്‍ പെടുമായിരുന്നു. പ്രവാസി സംഘടനകള്‍ പലരും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.
എയര്‍പോര്‍ട്ടുകളില്‍ നീണ്ട ക്യൂവില്‍ നിന്ന് ഡിക്ലറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കുന്ന കാലം കഴിയുകയാണ്. പുതിയ നിയമം അനുസരിച്ച് മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഡിക്ലറേഷന്‍ നല്‍കാം. ഇത് എയര്‍പോര്‍ട്ടിലെ പരിശോധനാ സമയം ഗണ്യമായി കുറയ്ക്കും.
18 വയസിന് മുകളിലുള്ള ഏതൊരു യാത്രക്കാരനും ഒരു ലാപ്‌ടോപ്പ് നികുതിയില്ലാതെ കൊണ്ടുവരാം. വിദേശത്തെ ജോലി അവസാനിപ്പിച്ച് സ്ഥിരമായി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധിയിലും വലിയ വര്‍ധനവുണ്ട്. രണ്ട് വര്‍ഷത്തിലധികം വിദേശത്ത് നിന്നവര്‍ക്ക് 7.5 ലക്ഷം രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയിളവോടെ കൊണ്ടുവരാം.
Read DhanamOnline in English
Subscribe to Dhanam Magazine