Image courtesy: www.indiancoffeehouse.com, Canva
Business Kerala

ചായ രുചിച്ച് നോക്കി വാങ്ങാം!, ചായപ്പൊടി വിപണിയിലിറക്കി ഇന്ത്യൻ കോഫി ഹൗസ്, 250 ഗ്രാമിന് ₹ 65

ഇന്ത്യൻ കോഫി ഹൗസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് വില്‍പ്പനയ്ക്ക് ലഭ്യമാണ്

Dhanam News Desk

ബ്രാൻഡഡ് ചായപ്പൊടി പുറത്തിറക്കി ഇന്ത്യൻ കോഫി ഹൗസ്. നേരത്തെ കാപ്പിപ്പൊടി, കുപ്പിവെള്ള ബ്രാൻഡുകള്‍ ഇന്ത്യന്‍ കോഫി ഹൗസ് പുറത്തിറക്കിയിരുന്നു. ഇവയുടെ വിജയമാണ് ചായപ്പൊടിയിലേക്ക് കടക്കാനുളള പ്രേരണ. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ തൊഴിലാളി-സഹകരണ പ്രസ്ഥാനമാണ് ഇന്ത്യൻ കോഫി ഹൗസ്. ആദ്യ ഘട്ടത്തിൽ 65 രൂപ വിലയുള്ള 250 ഗ്രാം പാക്കറ്റുകളിലാണ് ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കുന്നത്. ഇന്ത്യൻ കോഫി ഹൗസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് ഇവ വില്‍പ്പനയ്ക്ക് ലഭ്യമാണ്.

വയനാട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി ടീ എസ്റ്റേറ്റിൽ നിന്ന് ലഭിക്കുന്ന തേയിലയിൽ നിന്നാണ് ചായപ്പൊടി നിർമ്മിക്കുന്നത്. വാങ്ങാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പായി ഉപഭോക്താക്കൾക്ക് കോഫി ഹൗസിന്റെ റെസ്റ്റോറന്റുകളിൽ ചായ രുചിച്ചുനോക്കാനുളള അവസരമുണ്ടാകുന്നതാണ്.

എല്ലാ ഇന്ത്യൻ കോഫി ഹൗസ് ഔട്ട്‌ലെറ്റുകളിലും വിളമ്പുന്ന ചായ തയ്യാറാക്കാൻ ഇനി മുതൽ ഈ ചായപ്പൊടി ആയിരിക്കും ഉപയോഗിക്കുക. രണ്ടാം ഘട്ടത്തില്‍ വ്യത്യസ്ത വലുപ്പത്തിലുള്ള പാക്കറ്റുകൾ പുറത്തിറക്കുന്നതും സൂപ്പർമാർക്കറ്റുകളിൽ ഉൽപ്പന്നം ലഭ്യമാക്കുന്നതും ഉൾപ്പെടെയുളള നടപടികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള കോഫി ഹൗസുകൾ അടച്ചുപൂട്ടിയതിനുശേഷം 1957 ലാണ് കോഫി ബോർഡ് ഓഫ് ഇന്ത്യ ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിക്കുന്നത്. തുടര്‍ന്ന് തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള സംരംഭത്തിന്റെ മുൻനിര മാതൃകയായി ഈ പ്രസ്ഥാനം മാറുകയായിരുന്നു. കേരളത്തിൽ ഈ സഹകരണസംഘം ആദ്യമായി സ്ഥാപിതമായത് കണ്ണൂരിലാണ്. സംസ്ഥാനത്തുടനീളമുള്ള 60 ലധികം ഔട്ട്‌ലെറ്റുകളുടെ മേൽനോട്ടം കണ്ണൂരിലാണ് നിര്‍വഹിക്കുന്നത്.

വയനാട്ടിലെ ആദിവാസി പുനരധിവാസ പദ്ധതി ലക്ഷ്യമിട്ടാണ് പ്രിയദർശിനി ടീ എസ്റ്റേറ്റ് സ്ഥാപിക്കുന്നത്. 543 ഏക്കർ വിസ്തൃതിയുള്ള ഈ എസ്റ്റേറ്റിൽ 305 ഏക്കറിലാണ് തേയില കൃഷി ചെയ്യുന്നത്. എസ്റ്റേറ്റ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് തേയില ബ്രാൻഡ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

Indian Coffee House launches its own branded tea powder at ₹65 for 250g, with tastings available at its outlets.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT