കെഎസ്‌യുഎം ഹഡിൽ ഗ്ലോബൽ പാനൽ ചർച്ചയിൽ യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾ സംസാരിക്കുന്നു. 
Business Kerala

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കാളിത്ത വാഗ്ദാനവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍

ഇറ്റലി, ഫിന്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, വെയില്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യന്‍ കമ്പനികളുമായുള്ള സഹകരണ സാധ്യതകള്‍ വിശദീകരിച്ചു

Dhanam News Desk

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാര്‍ യൂറോപ്യന്‍ വിപണിയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങള്‍ തുറന്നു നല്‍കുമെന്ന് 'ഹഡില്‍ ഗ്ലോബല്‍' സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇറ്റലി, ഫിന്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, വെയില്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഇന്ത്യന്‍ കമ്പനികളുമായുള്ള സഹകരണ സാധ്യതകള്‍ വിശദീകരിച്ചത്. സാങ്കേതികവിദ്യ, ഗവേഷണം, മെഡിക്കല്‍ ടെക്നോളജി എന്നീ മേഖലകളിലാണ് പ്രധാനമായും പങ്കാളിത്തം ലക്ഷ്യമിടുന്നത്.

നെതര്‍ലന്‍ഡ്സിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി സെഷനില്‍ മോഡറേറ്ററായി. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും വളരെ പെട്ടെന്ന് സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ നേട്ടമാകുമെന്നും ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ വാള്‍ട്ടര്‍ ഫെറേറ പറഞ്ഞു. ഇറ്റലിയെ ഒരു വ്യവസായ ശക്തികേന്ദ്രമായി വിശേഷിപ്പിച്ച അദ്ദേഹം വിശാലമായ യൂറോപ്യന്‍ വിപണിയിലേക്കുള്ള കവാടമായി ഇറ്റലിയെ പ്രയോജനപ്പെടുത്താനും ഇറ്റാലിയന്‍ ബിസിനസുകളുമായി സഹകരിക്കാനും ഇന്ത്യന്‍ ടെക് കമ്പനികളെ ക്ഷണിച്ചു.

നൂതനാശയങ്ങള്‍ക്കും സാങ്കേതികവിദ്യയ്ക്കും ഫിന്‍ലന്‍ഡ് നല്‍കുന്ന പ്രാധാന്യം എടുത്തുപറഞ്ഞ ഫിന്‍ലന്‍ഡ് കോണ്‍സല്‍ ജനറല്‍ പെട്ര തെമാന്‍, തങ്ങളുടെ രാജ്യത്തിന്‍റെ മികച്ച ജീവിതനിലവാരത്തിന് പിന്നില്‍ സാങ്കേതിക മുന്നേറ്റമാണെന്ന് വ്യക്തമാക്കി. ആഗോളതലത്തില്‍ വളര്‍ന്ന കമ്പനിയായ നോക്കിയയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അവര്‍ ഇന്ത്യന്‍ സംരംഭങ്ങളുമായും സ്റ്റാര്‍ട്ടപ്പുകളുമായും സഹകരിക്കാന്‍ ഫിന്‍ലന്‍ഡിന് താല്പര്യമുണ്ടെന്നും അറിയിച്ചു. ഇന്ത്യ-ഫിന്‍ലന്‍ഡ് ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വിസ പരിഷ്കാരങ്ങള്‍ക്കപ്പുറം നൂതന പങ്കാളിത്തങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലെങ്കിലും സ്വിറ്റ്സര്‍ലന്‍ഡിന് ഇതിനകം തന്നെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുണ്ടെന്ന് സ്വിസ് കോണ്‍സല്‍ ജനറല്‍ ഡോ. ആഞ്ചല ഹോണഗര്‍ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ അക്കാദമിക്-ഗവേഷണ ബന്ധങ്ങള്‍ എടുത്തുപറഞ്ഞ അവര്‍, ശാസ്ത്രം, വിദ്യാഭ്യാസം, നൂതനാശയങ്ങള്‍ എന്നിവയിലെ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിന്‍റെ പ്ലാറ്റ്‌ഫോമായ 'സ്വിസ്നെക്സിനെ' കുറിച്ചും പരാമര്‍ശിച്ചു. ആശുപത്രികളിലെ 'സൂപ്പര്‍ബഗ്ഗുകളെ' (ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍) നേരിടാനുള്ള ഗവേഷണമാണ് സഹകരണത്തിന്‍റെ പ്രധാന മേഖലകളിലൊന്ന്.

വെയില്‍സിന്‍റെ ഏറ്റവും ശക്തമായ മേഖലകളിലൊന്നാണ് മെഡിക്കല്‍ ടെക്നോളജി എന്നും ഈ രംഗത്ത് സഹകരണത്തിന് കൂടുതല്‍ അവസരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും വെല്‍ഷ് ഗവണ്‍മെന്‍റിന്‍റെ ഇന്ത്യയിലെ പ്രതിനിധി ഇയോഹാന്‍ ഒറീഗന്‍ പറഞ്ഞു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും വെയില്‍സിലെ കമ്പനികളും തമ്മിലുള്ള പങ്കാളിത്തത്തിന് സൗകര്യമൊരുക്കാന്‍ വെല്‍ഷ് സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT