Business Kerala

ഗൾഫ് കയറ്റുമതിക്ക് കൂടുതൽ കരുത്ത്; കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് ഇൻഡിഗോ കാര്‍ഗോ സർവീസ്

വാണിജ്യ ചരക്കുകൾക്കും സമയബന്ധിതമായി എത്തിക്കേണ്ട ചരക്കുകൾക്കും പുതിയ സർവീസ് പ്രയോജനപ്പെടും

Dhanam News Desk

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് ഷെഡ്യൂൾഡ് ചരക്കുവിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ. എയർബസ് A321 വിഭാഗത്തിലുള്ള ചരക്കുവിമാനമാണ് കൊച്ചി–ഷാർജ റൂട്ടിൽ സർവീസ് നടത്തുന്നത്.

നിലവിൽ ആഴ്ചയിൽ ഒരു സർവീസാണ് ഉണ്ടാകുക. തുടർന്ന് സർവീസുകളുടെ എണ്ണം ആഴ്ചയിൽ മൂന്നായി ഉയർത്താനാണ് പദ്ധതി. വാണിജ്യ ചരക്കുകൾക്കും സമയബന്ധിതമായി എത്തിക്കേണ്ട ചരക്കുകൾക്കും പുതിയ സർവീസ് പ്രയോജനപ്പെടും. ഷാർജ വഴി യുഎഇയിലെയും ഗൾഫ് മേഖലയിലെയും മറ്റ് വിപണികളിലേക്കും ചരക്കുകൾ എത്തിക്കുന്നതിന് കയറ്റുമതിക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.

കേരളത്തിലെ കയറ്റുമതിക്കാർക്കും വ്യവസായങ്ങൾക്കും ഗൾഫ് വിപണികളിലേക്ക് ചരക്കുകൾ എത്തിക്കുന്നതിന് പുതിയ സർവീസ് കൂടുതൽ അവസരമൊരുക്കുമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.

പഴങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെയുള്ള പെരിഷബിൾസ്, സമുദ്രോൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, വസ്ത്രങ്ങൾ, സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ട മറ്റ് വാണിജ്യ ചരക്കുകൾ എന്നിവ സിയാലിന്റെ കാർഗോ സൗകര്യങ്ങളിലൂടെ കൈകാര്യം ചെയ്യുന്നുണ്ട്.

സർവീസിന്റെ ആരംഭിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി., എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി ഡാനിയേൽ, സന്തോഷ് ജെ. പൂവാട്ടിൽ, കാർഗോ ഹെഡ് സതീഷ് കുമാർ പൈ, ഇൻഡിഗോ കാർഗോ വൈസ് പ്രസിഡന്റ് വിപിൻ കുമാർ മോഹ്‌ല, ഇൻഡിഗോ അസോസിയേറ്റ് വൈസ് പ്രസിഡന്റ് – സെയിൽസ് (വെസ്റ്റ് & സൗത്ത്) ബിജു ശങ്കർ, ഡയറക്ടർ – കാർഗോ ഓപ്പറേഷൻസ് (വെസ്റ്റ് & സൗത്ത്) ജുബിലന്റ് ജോൺസൺ, ഡയറക്ടർ – സെയിൽസ് (നോർത്ത് & ഈസ്റ്റ്) സതീഷ് മിശ്ര എന്നിവർ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT