Business Kerala

ഇൻവെസ്റ്റ് കേരള ദ്വിദിന ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം, വ്യവസായ വളർച്ച ലക്ഷ്യം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

Dhanam News Desk

ഇൻവെസ്റ്റ് കേരള ദ്വിദിന ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഐ.കെ.ജി.എസ്) കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി (ഓണ്‍ലൈന്‍), കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ജയന്ത് ചൗധരി തുടങ്ങിയവര്‍ സംസാരിച്ചു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി, ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ അദേൽ ഫഖ്‌റോ തുടങ്ങിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി, സി.ഐ.ഐ പ്രസിഡന്റായ ഐടിസി ലിമിറ്റഡ് ചെയർമാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് പുരി, അദാനി പോർട്ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി എന്നിവര്‍ ചടങ്ങില്‍ പ്രത്യേക പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതവും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു.

3000 പ്രതിനിധികളാണ് രണ്ടു ദിവസം നീണ്ട് നില്‍ക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ലോകത്തെ പ്രധാനപ്പെട്ട എല്ലാ കമ്പനികളുടെയും പ്രതിനിധികള്‍ നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളിലായി 28 പ്രത്യേക സെഷനുകള്‍ നടക്കുന്ന ഉച്ചകോടിയില്‍ വ്യവസായ മേഖലയിലെ പ്രമുഖരും വിദഗ്ധരുമായി 200 പ്രഭാഷകര്‍ പങ്കെടുക്കുന്നുണ്ട്.

ശനിയാഴ്ച വൈകിട്ടാണ് ഉച്ചകോടി സമാപിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT