‘ആർട്ടിസൻ 2.0’ എന്ന പ്രമേയത്തിൽ അക്കാദമി ഓഫ് ഡിസൈൻ ആൻഡ് മാനേജ്‌മെന്റും ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കൊച്ചിയും ചേർന്നാണ് അവാർഡ് നൈറ്റ് സംഘടിപ്പിച്ചത്. ഇന്റീരിയർ ഡിസൈൻ പ്രദർശനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് നടന്ന ഫാഷൻ ഷോയിൽ യുവ ഡിസൈനർമാരുടെ വ്യത്യസ്തമായ വസ്ത്രശേഖരങ്ങൾ റാംപിലെത്തി.
ആകെ 46 യുവ ഡിസൈനർമാരാണ് ഇത്തവണ പങ്കെടുത്തത്. 38 ഫാഷൻ ഡിസൈനർമാർ തങ്ങളുടെ തനത് വസ്ത്രശേഖരങ്ങളുമായി റാംപിലെത്തിയപ്പോൾ എട്ട് ഇന്റീരിയർ ഡിസൈനർമാർ ആശയാധിഷ്ഠിതമായ ഇന്റീരിയർ ഡിസൈനുകളും കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ അവതരിപ്പിച്ചു.
ചിക്കൻകാരി, സർദോസി, കലംകാരി, ആരി വർക്ക്, കാന്ത, ലെഹരിയ, മിറർ വർക്ക്, ആപ്ലിക്, പാച്ച് വർക്ക്, ബീഡ് വർക്ക്, മുകേഷ് എംബ്രോയ്ഡറി തുടങ്ങി വിവിധ്യമാർന്ന വസ്‌ത്ര രീതികൾക്ക് പുതുതലമുറയുടെ ഭാവനയിൽ മനോഹരമായ രൂപഭേദങ്ങൾ അവതരിച്ചു.
ഫാഷൻ വിഭാഗത്തിൽ വൈഷ്ണ വിനയന്റെ ‘അറ്റോണിയ’ മികച്ച ഡിസൈൻ കളക്ഷൻ അവാർഡ് നേടി. ജോസ്ഫിൻ സാജുവിന്റെ ‘സ്കാർലറ്റ് ഹിഗൻബാന’ മികച്ച നിർവഹണത്തിനുള്ള പുരസ്കാരവും കൃഷ്ണേന്ദു സുരേന്ദ്രന്റെ ‘പെർസിസ്റ്റ’ സുസ്ഥിര നവീകരണ മികവിനുള്ള പുരസ്കാരവും നേടി. സന അമീന്റെ ‘എക്കോസ് ഓഫ് സ്ട്രെങ്ത്’ മികച്ച നരേറ്റീവ് ആൻഡ് സ്റ്റോറിടെല്ലിങ് പുരസ്കാരം നേടി. അനന്തകൃഷ്ണന്റെ ‘ഫോയർ ക്രാഫ്റ്റ്’ ‘ക്രാഫ്റ്റഡ് ഫോർ ദ ഫ്യൂച്ചർ’ പുരസ്കാരത്തിനും എവലിൻ മേരി സി.ജെയുടെ ‘സ്റ്റിൽ ഐ മൂവ്’ മികച്ച പ്രെറ്റ്-എ-പോർട്ടർ കളക്ഷൻ പുരസ്കാരത്തിനും അർഹമായി.
അന്ന ജിയ പി.എസിന്റെ ‘ഇനോഡിബിൾ സോറോ’ മികച്ച അവന്റ്-ഗാർഡ് കളക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. നസ്റിൻ റഹ്മാന്റെ ‘വെനേറ റൈസിങ്’ പ്രത്യേക ജൂറി പുരസ്കാരവും അൽന വിൻസെന്റിന്റെ ‘നിലാവ്’ മികച്ച ആശയത്തിനുള്ള പുരസ്കാരവും നേടി. ഇഷ പ്രേമിന്റെ ‘വി ബിഫോർ മീ’ മെന്റേഴ്സ് ചോയ്സ് അവാർഡും ഹർഷ ഹരിയുടെ ‘പ്രിമോർഡിയ’ മികച്ച പരിസ്ഥിതി സൗഹൃദ നിർവഹണത്തിനുള്ള പുരസ്കാരവും നേടി. ജാൻസി തങ്കച്ചന്റെ ‘പലാഷ്’, പൂജ കെ.എസിന്റെ ‘വെയിൽ ഓഫ് വെനം’, ദുർഗ വിനുവിന്റെ ‘എനർവ’, ഹഷ്ന ഹനീഫയുടെ ‘ത്രിദോഷ’ എന്നീ ശേഖരങ്ങൾക്ക് പ്രത്യേക പുരസ്കാരങ്ങൾ ലഭിച്ചു.
ഇന്റീരിയർ ഡിസൈൻ വിഭാഗത്തിൽ അസിയ അർഷാദിന്റെ ‘താരാഷ്’ ഡിസൈൻ എക്സലൻസ് അവാർഡ് നേടി. അശ്വതി ബി. സുരേഷിന്റെ ‘പുഴ’ മികച്ച പ്രോജക്ട് പ്ലാനിങ്ങിനുള്ള പുരസ്കാരത്തിനും അക്ഷത സി.കെയുടെ ‘ബുന്യാദ്’ മികച്ച ആശയത്തിനുള്ള പുരസ്കാരത്തിനും അർഹമായി.
ജെഡി എജ്യുക്കേഷണൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി നീലേഷ് ദലാൽ, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കൊച്ചി ഡയറക്ടർ സാന്ദ്ര ആഗ്നസ് ഡി'സൂസ, അക്കാദമി ഓഫ് ഡിസൈൻ ആൻഡ് മാനേജ്‌മെന്റ് ട്രസ്റ്റി അനു ആന്റണി, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കൊച്ചി സെന്റർ ഹെഡ് മനീഷ രഘു, ഓപ്പറേഷൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജർ രാഹുൽ ജയൻ, ചീഫ് മെന്ററും ക്രിയേറ്റീവ് സ്ട്രാറ്റജിസ്റ്റുമായ സുൾഫി അലി എന്നിവർ നേതൃത്വം നൽകി.
Read DhanamOnline in English
Subscribe to Dhanam Magazine