Business Kerala

നവജാതശിശുക്കള്‍ക്ക് നല്‍കാന്‍ 4.41 ലക്ഷം സ്വര്‍ണമോതിരങ്ങള്‍; തമിഴ്നാട് സര്‍ക്കാരിന്റെ വന്‍ പദ്ധതി സ്വന്തമാക്കി ജോയ്ആലുക്കാസ്

'തായ് മാമന്‍ തങ്ക മോതിരം തിട്ടം' പദ്ധതിക്കായി ഇന്ത്യയിലെ പ്രമുഖ ആഭരണ റീറ്റെയ്ല്‍ ബ്രാന്‍ഡായ ജോയ്ആലുക്കാസിനെ എല്‍1 ബിഡറായി തിരഞ്ഞെടുത്തു

Dhanam News Desk

തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് 1 ഗ്രാം സ്വര്‍ണമോതിരം വിതരണം ചെയ്യുന്ന 'തായ് മാമന്‍ തങ്ക മോതിരം തിട്ടം' പദ്ധതിക്കായി ഇന്ത്യയിലെ പ്രമുഖ ആഭരണ റീറ്റെയ്ല്‍ ബ്രാന്‍ഡായ ജോയ്ആലുക്കാസിനെ എല്‍1 ബിഡറായി തിരഞ്ഞെടുത്തു.

755 കോടി രൂപയുടെ പദ്ധതി

തമിഴ്നാട് സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതിയുടെ ഭാഗമായി 4,41,667 നവജാതശിശുക്കള്‍ക്കാണ് 1 ഗ്രാം സ്വര്‍ണ്ണമോതിരങ്ങള്‍ വിതരണം ചെയ്യുന്നത്. ഏതാണ്ട് 755 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പ്രകാരം നിലവിലുള്ള സ്വര്‍ണവിലയ്ക്ക് മുകളില്‍ വെറും 1 പൈസ മാത്രം പ്രതീകാത്മക സര്‍വീസ് ചാര്‍ജ് ഈടാക്കിക്കൊണ്ടാണ് ജോയ്ആലുക്കാസ് ബിഡ് സ്വന്തമാക്കിയത്.

മോതിരങ്ങളുടെ വിതരണം, മേക്കിംഗ് ചാര്‍ജുകള്‍, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വാണിജ്യ ലാഭമൊന്നും പ്രതീക്ഷിക്കാതെയാണ് ജോയ്ആലുക്കാസ് ഈ സേവനം നല്‍കുന്നത്. അതാത് ദിവസത്തെ വിപണി നിരക്കനുസരിച്ചുള്ള സ്വര്‍ണത്തിന്റെ തുക തമിഴ്നാട് സര്‍ക്കാര്‍ വഹിക്കും.

ലഭ്യത സര്‍ക്കാര്‍ ആശുപത്രികളില്‍

തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2026 ജൂണ്‍ 22 മുതല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെ ജനിക്കുന്ന അര്‍ഹരായ കുട്ടികളെ ഇതില്‍ ഉള്‍പ്പെടുത്തും.

തമിഴ്നാട് സര്‍ക്കാരിന്റെ ഈ മഹത്തായ ക്ഷേമപദ്ധതിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലൂക്കാസ് പറഞ്ഞു. അധിക വാണിജ്യ ലാഭം പ്രതീക്ഷിക്കാതെ 1 പൈസ മാത്രം സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണെന്നും, വിതരണം ചെയ്യുന്ന ഓരോ മോതിരവും ഉയര്‍ന്ന പരിശുദ്ധിയും ഗുണനിലവാരവും ഹാള്‍മാര്‍ക്കിംഗും ഉറപ്പു നല്‍കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചാലുടന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് വിതരണ നടപടികള്‍ ആരംഭിക്കും.

Joyalukkas wins Tamil Nadu government order to supply 1-gram gold rings to 4,41,667 newborns under the 'Thai Maman Thanga Mothiram Thittam' scheme.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT