jyothy labs products 
Business Kerala

ജ്യോതി ലാബ്സിന് ലാഭം 96.8 കോടി, ഇ- കൊമേഴ്സിൽ മികച്ച വിൽപന; പുതിയ ഡിറ്റർജൻ്റുകൾക്ക് മികച്ച നേട്ടം

ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് ചാനലുകളില്‍ നിന്നുള്ള മികച്ച വില്‍പ്പന കമ്പനിക്ക് കരുത്തായി

Dhanam News Desk

പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ജ്യോതി ലാബ്‌സ് ലിമിറ്റഡിന്റെ ആദ്യ പാദ ലാഭത്തില്‍ ഇടിവ്. 96.8 കോടി രൂപയാണ് ഒന്നാം പാദത്തിലെ അറ്റലാഭം. അഞ്ചു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. വരുമാനം 1.3 ശതമാനം വര്‍ധിച്ച് 751.2 കോടി രൂപയിലെത്തി. 3.6 ശതമാനമാണ് വില്‍പ്പന വളര്‍ച്ച.പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 18 ശതമാനത്തില്‍ നിന്ന് 16.5 ശതമാനമായി കുറഞ്ഞു. പലിശ, നികുതി തുടങ്ങിയവ ഉള്‍പ്പെടാതെയുള്ള വരുമാനം എഴ് ശതമാനം ഇടിവ് നേരിട്ട് 124 കോടി രൂപയിലെത്തി.

ഉല്‍പ്പാദന ചെലവും മല്‍സരവും കൂടി

ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ മൂലം അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയും വിപണിയിലെ കടുത്ത മല്‍സരവും വില്‍പ്പനയെ ബാധിച്ചതായി ജ്യോതി ലാബ്‌സ് വ്യക്തമാക്കി. ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് ചാനലുകളില്‍ നിന്നുള്ള മികച്ച വില്‍പ്പന കമ്പനിക്ക് കരുത്തായി. അടുത്തിടെ കമ്പനി പുറത്തിറക്കിയ ഉജാല യംഗ് ആന്റ് ഫ്രഷ് ഉള്‍പ്പടെ ലിക്വിഡ് ഡിറ്റര്‍ജന്റുകള്‍ക്ക് മികച്ച നേട്ടം കൈവരിക്കാനായി. ഫാബ്രിക് കെയര്‍ വിഭാഗത്തില്‍ 3.3 ശതമാനം അധിക വരുമാനമുണ്ടായി.പ്രില്‍, എക്ലോ തുടങ്ങിയ മുന്‍ നിര ഡിഷ് വാഷ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും മെച്ചപ്പെട്ടു. പുതിയ ബ്യൂട്ടി സോപ്പായ ജോവിയ ഉള്‍പ്പടെയുള്ള പേഴ്‌സണല്‍ കെയര്‍ വിഭാഗത്തില്‍ 0.7 ശതമാനമാണ് വരുമാന വളര്‍ച്ച.

1983 ല്‍ സ്ഥാപിതമായ ജ്യോതി ലാബ്‌സ് പ്രശസ്തമായ ഒട്ടേറെ ബ്രാന്റുകളാണ് വിപണിയില്‍ എത്തിക്കുന്നത്. ഉജാല, ഹെന്‍കോ, മിസ്റ്റര്‍ വൈറ്റ്, മോര്‍ ലൈറ്റ്, എക്‌സോ, മാര്‍ഗോ, ജോവിയോ, മാക്‌സോ തുടങ്ങിയ ഡിറ്റര്‍ജന്റ്, ഡിഷ് വാഷ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ഏറെ ഡിമാന്റുണ്ട്.

ജ്യോതി ലാബ്‌സ് ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം താഴ്ന്ന് 333 രൂപയിലാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആറ് ശതമാനവും ഒരു വര്‍ഷത്തിനിടെ 17 ശതമാനവും ഓഹരി വില കുറഞ്ഞിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT