Business Kerala

കെ-ഫോണ്‍ ഉദ്ഘാടനം ജൂണ്‍ 5 ന്

7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു

Dhanam News Desk

കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 5  ന് നടക്കും. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം കെഫോണ്‍ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിലവില്‍ 18,000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7,000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കി.

കെ-ഫോണ്‍ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ- ഗവേര്‍ണന്‍സ് സാര്‍വത്രികമാക്കുന്നതിനും പദ്ധതി സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പദ്ധതിയാണിത്. 2022 ജൂണില്‍ പദ്ധതി നടപ്പാക്കുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പറഞ്ഞതെങ്കിലും പണി ഇഴഞ്ഞു നീങ്ങുകയായിരുന്നു. പദ്ധതി ചെലവ് 1516.76 കോടി രൂപ. നടത്തിപ്പ് കരാര്‍ ഭാരതി ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ്. 49 ശതമാനം ഓഹരി കെ.എസ്.ഇ.ബിയ്ക്കും 49 ശതമാനം കേരള സ്‌റ്റേറ്റ് ഐ.ടി.ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനും രണ്ട് ശതമാനം ഓഹരി സര്‍ക്കാരിനുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT