പ്രമുഖ ആഭരണ വിപണന ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സ് 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ (Q4) കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചു. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ ഏകീകൃത വരുമാനത്തില്‍ (Consolidated Revenue) 64 ശതമാനത്തിന്റെ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
പ്രധാന വിപണികളിലെല്ലാം ഉണ്ടായ ശക്തമായ സെയിം-സ്റ്റോര്‍-സെയില്‍സ്-ഗ്രോത്ത് (SSSG) ആണ് ഈ നേട്ടത്തിന് പ്രധാനമായും കരുത്തേകിയത്. പ്രധാന വിപണികളിലെല്ലാം സെയിം സ്റ്റോര്‍ സെയില്‍സ് ഗ്രോത്ത് 45 ശതമാനത്തിന് മുകളിലായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ബിസിനസ് വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 43 ശതമാനം വര്‍ധനവുണ്ടായി. സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിനിടയിലും വിവാഹ സീസണും ഉപഭോക്താക്കളുടെ താല്‍പ്പര്യവും ബിസിനസ് വളര്‍ച്ചയ്ക്ക് കരുത്തേകി.
നാലാം പാദത്തില്‍ കമ്പനിയുടെ രാജ്യാന്തര പ്രവര്‍ത്തനങ്ങളിലെ വരുമാന വളര്‍ച്ചയും 45 ശതമാനമായി മിഡില്‍ ഈസ്റ്റ് മേഖലയില്‍ മാത്രം നാലാം പാദത്തില്‍ ഏകദേശം 39 ശതമാനം വരുമാന വളര്‍ച്ചയാണ് കല്യാണ്‍ ജുവലേഴ്‌സ് നേടിയത്. സെയിം സ്റ്റോര്‍ സെയില്‍സ് ഗ്രോത്ത് ആണ് ഈ നേട്ടത്തിന് പ്രധാനമായും സഹായിച്ചത്.
മിഡില്‍ ഈസ്റ്റിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മാര്‍ച്ചിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ ഷോറൂമുകളിലേക്കുള്ള ഉപഭോക്താക്കളുടെ വരവിനെ ബാധിച്ചു. എന്നിരുന്നാലും ഷോറൂമുകള്‍ തുറന്നുതന്നെ പ്രവര്‍ത്തിച്ചിരുന്നു. മാസത്തെ അവസാന 10 ദിവസങ്ങളില്‍ ലഭിച്ച മികച്ച റംസാന്‍ വില്‍പന, ആദ്യ ആഴ്ചകളിലുണ്ടായ കുറവ് നികത്താന്‍ സഹായിച്ചതായും കല്യാണ്‍ ജുവലേഴ്‌സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ വ്യക്തമാക്കി.
2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ് 33 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി. ഈ പാദത്തില്‍ കല്യാണിന്റെ ആകെ വരുമാനത്തിന്റെ 11 ശതമാനവും അന്താരാഷ്ട്ര ബിസിനസില്‍ നിന്നാണ് ലഭിച്ചത്.
കല്യാണിന്റെ ഡിജിറ്റല്‍ ജ്വല്ലറി പ്ലാറ്റ്ഫോമായ കാന്‍ഡിയറും (Candere) മികച്ച പ്രകടനം തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ പാദത്തില്‍ 360 ശതമാനത്തിലധികം വരുമാന വളര്‍ച്ച നേടി. മുഴുവന്‍ വര്‍ഷത്തെ കണക്കെടുത്താല്‍ കാന്‍ഡിയര്‍ 160 ശതമാനം വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്.
ഈ പാദത്തില്‍ ഇന്ത്യയിലുടനീളം 24 പുതിയ ഷോറൂമുകളും 14 കാന്‍ഡിയര്‍ ഷോറൂമുകളും കല്യാണ്‍ ജുവലേഴ്‌സ് തുറന്നു. 'പശ്ചിമേഷ്യയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതയെ ബാധിച്ചു, ഇത് മാര്‍ച്ചില്‍ തുടങ്ങാനിരുന്ന ചില ഷോറൂമുകളുടെ ഉദ്ഘാടനത്തെയും ബാധിച്ചതായും കമ്പനി അറിയിച്ചു.
വരാനിരിക്കുന്ന അക്ഷയ തൃതീയയ്ക്കും വിവാഹ സീസണിലേക്കുമായി നടക്കുന്ന വലിയ തോതിലുള്ള അഡ്വാന്‍സ് ബുക്കിംഗുകള്‍ ഈ പാദത്തിലും മികച്ച നേട്ടം തുടരാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
2026 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച്, ഇന്ത്യയിലും വിദേശത്തുമായി കല്യാണ്‍ ജുവലേഴ്‌സിന് ആകെ 507 ഷോറൂമുകളാണുള്ളത്. ഇതില്‍ ഇന്ത്യയിലെ 342 ഷോറൂമുകള്‍, മിഡില്‍ ഈസ്റ്റിലെ 38, യുഎസിലെ രണ്ട്, യുകെയിലെ ഒന്ന്, കൂടാതെ 124 കാന്‍ഡിയര്‍ ഷോറൂമുകളും ഉള്‍പ്പെടുന്നു.
ഇന്ന് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ ഒരു ശതമാനം ഇടിവോടെ 416 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ ഓഹരി അഞ്ച് ശതമാനത്തോളം ഉയര്‍ന്നിരുന്നു. സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചത് ഇന്നലെ ജുവലറി ഓഹരികളിലെല്ലാം മുന്നേറ്റത്തിന് കാരണമായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine