പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ അനുകൂല റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കേരളം ആസ്ഥാനമായ ജ്വല്ലറി റീറ്റെയ്‌ലറായ കല്യാണ്‍ ജുവലേഴ്‌സ് ഇന്ത്യയുടെ (Kalyan Jewellers) ഓഹരികളില്‍ ഇന്ന് ശക്തമായ മുന്നേറ്റം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിലെ (Q1FY27) ബിസിനസ് അപ്ഡേറ്റ് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിറ്റിഗ്രൂപ്പും (Citigroup), ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാളും (MOFSL) ഓഹരിക്ക് 'ബൈ' (Buy) റേറ്റിംഗ് നിലനിര്‍ത്തി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടിവ് രേഖപ്പെടുത്തിയിരുന്ന കല്യാണ്‍ ഓഹരികള്‍, ബ്രോക്കറേജ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇന്ന് വ്യാപാരത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ 6.5 ശതമാനത്തോളം ഉയര്‍ന്ന് 377.70 രൂപ വരെയെത്തി മികച്ച തിരിച്ചുവരവ് നടത്തി.
ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിറ്റിഗ്രൂപ്പ് കല്യാണ്‍ ജൂവല്ലേഴ്സിന്റെ ലക്ഷ്യവില (Target Price) 750 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് നിലവിലെ വിപണി വിലയേക്കാള്‍ ഏകദേശം 111 ശതമാനം ഉയര്‍ന്ന നിരക്കാണ്. ജൂണ്‍ പാദത്തിലെ റവന്യൂ വളര്‍ച്ച വിപണിയുടെ ഉയര്‍ന്ന പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും, കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍ ശക്തമായി തുടരുന്നുവെന്ന് സിറ്റിഗ്രൂപ്പ് വ്യക്തമാക്കി. കമ്പനിയുടെ ഫ്രാഞ്ചൈസി അധിഷ്ഠിത വിപുലീകരണ തന്ത്രത്തെയും (Asset-light model) ഡിജിറ്റല്‍-ഫസ്റ്റ് ബ്രാന്‍ഡായ 'കാഡിയറിന്റെ' (Candere) മികച്ച പ്രകടനത്തെയും സിറ്റിഗ്രൂപ്പ് ശക്തമായി പിന്തുണയ്ക്കുന്നു.
കല്യാണ്‍ ജൂവല്ലേഴ്സ് ഓഹരികള്‍ക്ക് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് 525 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ഇത് ഓഹരിയുടെ മുന്‍ ക്ലോസിംഗ് വിലയേക്കാള്‍ 47 ശതമാനം നേട്ടമാണ് സൂചിപ്പിക്കുന്നത്.
മെയ് പകുതിയോടെ കമ്പനി ആരംഭിച്ച 'ഷൈന്‍ വിത്ത് ഇന്ത്യ' (Shine with India) ഗോള്‍ഡ് റീസര്‍ക്കുലേഷന്‍ ക്യാമ്പയിന്‍ മികച്ച വിജയമാണെന്ന് മോത്തിലാല്‍ ഓസ്വാള്‍ വിലയിരുത്തുന്നു. പഴയ സ്വര്‍ണം തിരികെ വാങ്ങി റീസൈക്കിള്‍ ചെയ്യുന്ന ഈ പദ്ധതി വഴി ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു. ഒന്നാം പാദത്തില്‍ കമ്പനിയുടെ ആകെ വുമാനത്തിന്റെ 46 ശതമാനത്തിലധികവും റീസൈക്കിള്‍ ചെയ്ത സ്വര്‍ണത്തില്‍ നിന്നായിരുന്നു. ജൂണ്‍ മാസത്തില്‍ മാത്രം ഇത് 55 ശതമാനത്തിന് മുകളിലെത്തി എന്നതും ശ്രദ്ധേയമാണ്.
52 ആഴ്ചയ്ക്കിടയിലെ ഓഹരിയുടെ ഉയര്‍ന്ന വില 618 രൂപയാണ്. എന്നാല്‍ 2025 ജനുവരിയില്‍ ഓഹരി വില 795 രൂപയ്ക്ക് മുകളിലെത്തി റെക്കോഡിട്ടിട്ടുണ്ട്.
ജൂണ്‍ പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സ് വാര്‍ഷികാടിസ്ഥാനത്തില്‍ 38 ശതമാനം സംയോജിത വരുമാന (Consolidated Revenue) വളര്‍ച്ച കൈവരിച്ചു. വിവാഹാവശ്യങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറയുന്ന 28 ദിവസത്തെ 'അധിക് മാസം' (Adhik Maas) ഈ കാലയളവിലായിട്ടും രാജ്യത്തിനകത്തെ ബിസിനസില്‍ 38 ശതമാനം വരുമാനം വളര്‍ച്ച രേഖപ്പെടുത്തി. നിലവിലുള്ള സ്റ്റോറുകളില്‍ നിന്നുള്ള വില്‍പ്പന വളര്‍ച്ച (SSSG) 28 ശതമാനമെന്ന മികച്ച നിലവാരത്തിലാണ്.
ഡിജിറ്റല്‍ ബ്രാന്‍ഡായ 'കാന്‍ഡിയറിന്റെ വരുമാനം 112 ശതമാനം വര്‍ധിച്ചു. ഈ കാലയളവില്‍ കമ്പനി 5 പുതിയ സ്റ്റോറുകള്‍ കൂടി ആരംഭിച്ചു.
അന്താരാഷ്ട്ര വിപണിയിലെ ബിസിനസ് 35 ശതമാനം വളര്‍ച്ചയാണ് നേടിയത്. ഗള്‍ഫ് വിപണിയില്‍ 30 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.
ഒന്നാം പാദത്തില്‍ 12 പുതിയ കല്യാണ്‍ ഷോറൂമുകള്‍ കൂടി തുറന്നതോടെ ലോകമെമ്പാടുമുള്ള ആകെ സ്റ്റോറുകളുടെ എണ്ണം 524 ആയി ഉയര്‍ന്നു.
വരാനിരിക്കുന്ന ഉത്സവ-വിവാഹ സീസണുകള്‍ക്ക് മുന്നോടിയായി ഉപഭോക്താക്കളില്‍ നിന്ന് ശക്തമായ ഡിമാന്‍ഡ് ദൃശ്യമാണെന്നും രണ്ടാം പാദത്തിലേക്ക് മികച്ച ആത്മവിശ്വാസത്തോടെയാണ് പ്രവേശിക്കുന്നതെന്നും കല്യാണ്‍ ജൂവല്ലേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കി.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Kalyan Jewellers stock rebounded over 6% in early trade following optimistic Q1 business updates and bullish target prices from Citigroup and Motilal Oswal.
Read DhanamOnline in English
Subscribe to Dhanam Magazine