TK Ramesh /Image : kalyanjewellers.net/ 
Business Kerala

കല്യാണ്‍ ജുവലേഴ്‌സിന് ലാഭത്തിലും വരുമാനത്തിലും മുന്നേറ്റം, കുതിച്ചു കയറി ഓഹരി

കല്യാണ്‍ ജുവലേഴ്സിന്റെ ചെയര്‍മാനായി വിനോദ് റായ് തുടരും

Resya Raveendran

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പുകളിലൊന്നായ കല്യാണ്‍ ജുവലേഴ്‌സിന് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ലാഭത്തില്‍ 21.16 ശതമാനം വര്‍ധന. മുന്‍വര്‍ഷത്തെ സമാന പാദത്തിലെ 180.61 കോടി രൂപയില്‍ നിന്ന് ലാഭം 218.82 കോടി രൂപയായി ഉയര്‍ന്നു.

കമ്പനിയുടെ സംയോജിത വരുമാനം 39.51 ശതമാനം വര്‍ധിച്ച് 7,286.88 കോടി രൂപയായി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തില്‍ വരുമാനം 5,223.08 കോടി രൂപയായിരുന്നു.

2024 ജൂലൈയിലെ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചത് മൂലമുള്ള നഷ്ടമില്ലായിരുന്നെങ്കില്‍ ലാഭം 44 ശതമാനമാകുമായിരുന്നുവെന്ന് കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു. കമ്പനിയുടെ ഏകീകൃത വരുമാനം 42 ശതമാനം വര്‍ധനയോടെ 6,393 കോടി രൂപയായി.

ഇന്ത്യന്‍ ഓപ്പറേഷന്‍സില്‍ നിന്നുള്ള ലാഭം 218 കോടി രൂപയണ്. മുന്‍ വര്‍ഷമിത് 168 കോടിയായിരുന്നു. 29.8 ശതമാനമാണ് വര്‍ധന. കസ്റ്റംസ് ഡ്യൂട്ടിയിലെ കുറവ് ബാധിച്ചില്ലെയിരുന്നെങ്കില്‍ ലാഭം 54 ശതമാനമാകുമായിരുന്നുവെന്ന് കമ്പനി പറയുന്നു.

മിഡില്‍ ഈസ്റ്റിലും മുന്നേറ്റം

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വരുമാനം 683 കോടി രൂപയില്‍ നിന്ന് 23 ശതമാനം വര്‍ധിച്ച് 840 കോടി രൂപയായി. ലാഭം 14 കോടി രൂപയില്‍ നിന്ന് 15 കോടി രൂപയായി. യു.എ.യിലെ പുതിയ കോര്‍പ്പറേറ്റ് ടാക്‌സിലെ മാറ്റം മൂന്നാം പാദ ലാഭത്തെ ബാധിച്ചു.

കല്യാണിന്റെ ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയറിന്റെ വരുമാനം 29 കോടി രൂപയില്‍ നിന്ന് 55 കോടി രൂപയായി. അതേസമയം മൂന്നാം പാദത്തില്‍ കാന്‍ഡിയറിന്റെ നഷ്ടം 1.6 കോടി രൂപയില്‍ നിന്ന് 6.9 കോടി രൂപയായി.

മികച്ച പ്രതീക്ഷയില്‍

നാലാം പാദത്തില്‍ സ്വര്‍ണ വിലയില്‍ വലിയ വ്യതിയാനങ്ങളുണ്ടെങ്കിലും മികച്ചരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും വിവാഹ സീസണ്‍ ഉള്‍പ്പെടെയുള്ളവ നടപ്പു സാമ്പത്തിക സാമ്പത്തിക വര്‍ഷം മികച്ച രീതിയില്‍ അവസാനിപ്പിക്കാന്‍ കമ്പനിയെ സഹായിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും കല്യാണ്‍ ജുവലേഴ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണ രാമന്‍ പറഞ്ഞു.

മൂന്നാം പാദം വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 253 ഷോറൂമുകളാണ് കല്യാണിനുള്ളത്‌. ഇതില്‍ 132 എണ്ണം ഫ്രാഞ്ചൈസി ഓണ്‍ഡ് ഫ്രാഞ്ചൈസി ഓപ്പറേറ്റഡ് (FOCO) ഷോറൂമുകളാണ്. കൂടാതെ 59 കാന്‍ഡിയര്‍ ഷോറൂമുകളുമുണ്ട്. മിഡില്‍ ഈസ്റ്റില്‍ നാല് ഫോക്കോ ഷോറൂമുകള്‍ ഉള്‍പ്പെടെ 36 കല്യാണ്‍ ഷോറൂമുകളാണുള്ളത്. യു.എസിലും കല്യാണിന് ഒരു ഷോറൂമുണ്ട്.

ഓഹരിക്ക് വമ്പന്‍ കുതിപ്പ്

ഇന്നലെ വിപണി വ്യാപാരം അവസാനിപ്പിച്ച ശേഷമാണ് കല്യാണ്‍ ജുവലേഴ്‌സ് മൂന്നാം പാദഫലങ്ങള്‍ പുറത്തുവിട്ടത്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഓഹരികള്‍ കുതിച്ചു കയറി. വ്യാപാരത്തിനിടെ ഒരുവേള 11 ശതമാനം വരെ ഉയര്‍ന്ന ഓഹരി നിലവില്‍ 9 ശതമാനം ഉയര്‍ന്ന് 484 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കല്യാണ്‍ ജുവലേഴ്‌സിന്റെ വിപണി മൂല്യം വീണ്ടും 50,000 കോടി രൂപ കടന്നു.

ഈ മാസം മൂന്നാം പാദ ബിസിനസ് അപ്‌ഡേറ്റ് പുറത്തു വന്നതിനു ശേഷം കല്യാണ്‍ ഓഹരികള്‍ കനത്ത ഇടിവിലേക്ക് പോയിരുന്നു. രണ്ടാഴ്ചകൊണ്ട് 44 ശതമാനത്തോളമാണ് വില ഇടിഞ്ഞത്. മ്യൂച്വല്‍ഫണ്ട് കമ്പനി മാനേജര്‍മാര്‍ക്ക് കൈക്കൂലി നല്‍കി ഓഹരികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ കല്യാണ്‍ ജുവലേഴ്‌സ് അധികൃതര്‍ പ്രേരിപ്പിച്ചുവെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതാണ് ഓഹരിയെ ഇടിവിലാക്കിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ വ്യാജമാണെന്നും ദുരുദ്ദേശ്യപരമാണെന്നും കല്യാണ്‍ ജുവലേഴ്‌സും മ്യൂച്വല്‍ഫണ്ട് കമ്പനിയും വ്യക്തമാക്കിയിരുന്നു.

ഒരു വര്‍ഷക്കാലയളവില്‍ 38 ശതമാനത്തോളം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. അതേസമയം, ആറുമാസക്കാലയളവില്‍ 16.47 ശതമാനം നഷ്ടവും രേഖപ്പെടുത്തുന്നു.

വിനോദ് റായ് തുടരും

കല്യാണ്‍ ജുവലേഴ്‌സിന്റെ ചെയര്‍മാനും സ്വതന്ത്ര നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി വിനോദ് റായിയെ പുനര്‍ നിയമിച്ചതായി കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്. 2025 ജൂലൈ ഒന്നു മുതല്‍ 2028 ജൂണ്‍ വരെയാണ് പുനര്‍നിയമനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT