രാജ്യത്തെമ്പാടും പ്രാദേശിക അടിസ്ഥാനത്തില്‍ പണിക്കൂലി കുറഞ്ഞ ആഭരണങ്ങൾക്ക് റീറ്റെയ്ല്‍ ശൃംഖല തുറക്കാന്‍ കല്യാണ്‍ ജുവലേഴ്‌സ്. അടുത്ത 12 മാസത്തിനുള്ളില്‍ അഞ്ച് സ്റ്റോറുകളാണ് തുറക്കുകയെന്ന് കല്യാണ്‍ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് കല്യാണരാമന്‍ പറഞ്ഞു. ധനം ബിസിനസ് മീഡിയയുടെ നേതൃത്വത്തില്‍ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക വിപണിയെ ലക്ഷ്യമിട്ടാണ് ഇത്തരം ഷോറൂമുകള്‍ തുറക്കുന്നത്. നിലവില്‍ കല്യാണ്‍ ജുവലേഴ്‌സിന് 400 ഓളം ഷോറൂമുകളുണ്ട്. ഇതുകൂടാതെ ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ക്കായി 125 കാന്‍ഡിയര്‍ ഷോറൂമുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
കുടുംബ ബിസിനസുകള്‍ പുതിയ തലങ്ങളിലേക്ക് വളരാന്‍ പുറമെ നിന്നുള്ള നിക്ഷേപകരെ സ്വീകരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 2017ലാണ് പ്രൈവറ്റ് ഇൻവെസ്റ്റ്മെൻ്റിന് കല്യാണ്‍ ജുവലേഴ്‌സില്‍ താത്പര്യം കാണിക്കുന്നത്. ആദ്യം ഉള്ളില്‍ മനപ്രയാസമുണ്ടായിരുന്നു. എന്നാല്‍ വിപുലീകരണം സാധ്യമാകണമെങ്കിൽ ഇത്തരം വലിയ ഇന്‍വെസ്റ്റ്‌മെന്റ് വേണമെന്ന് തിരിച്ചറിഞ്ഞതാണ് കല്യാണ്‍ ജുവലേഴ്‌സിനെ വളര്‍ത്തിയത്. 1700 കോടി രൂപയാണ് വാര്‍ബര്‍ഗ് പിന്‍കസ് ഇന്‍വെസ്റ്റ് ചെയ്തത്. 2021 ആയപ്പോൾ ലിസ്റ്റഡ് കമ്പനിയായി മാറി.
സാധാരണഗതിയില്‍ മൂന്ന് തലമുറകള്‍ കഴിയുമ്പോള്‍ ഫാമിലി ബിസിനസില്‍ വളര്‍ച്ച മുരടിക്കുമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ കുടുംബ ബിസിനസില്‍ വളര്‍ച്ച കൂടുതലാണ്. നാലും അഞ്ചും തലമുറയായി തുടരുന്ന കമ്പനികളുണ്ട്. സ്റ്റാഫിനോടും കസ്റ്റമേഴ്സിനോടും നല്ലരീതിയില്‍ പെരുമാറുകയെന്നത് ഏതൊരു ബിസിനസിലും പ്രധാനപ്പെട്ടതാണ്. തിയററ്റിക്കല്‍ എക്‌സ്പീരിയന്‍സിനേക്കാള്‍ മുകളിലാണ് പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സെന്നും ടി.എസ്. കല്യാണരാമന്‍ കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine