Business Kerala

മഴ മാറി, ചൂട് കനത്തു; കേരളത്തില്‍ എസി വിപണിക്ക് അപ്രതീക്ഷിത 'സെക്കന്‍ഡ് ഇന്നിംഗ്സ്', ഷോപ്പുകളില്‍ തിരക്കേറുന്നു

Lijo MG

ഓണത്തിരക്കിനു ശേഷമുള്ള ആലസ്യത്തിലായിരുന്നു കേരളത്തിലെ ഇലക്‌ട്രോണിക്‌സ് ഷോപ്പുകള്‍. ഓണം കഴിഞ്ഞുള്ള ഒരു മാസം വില്പനയില്‍ കാര്യമായ വര്‍ധനയുള്ള മാസമല്ല. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കടുത്ത ചൂട് മൂലം എയര്‍കണ്ടീഷണര്‍ (എസി) വില്പന ഇത്തവണ കുതിച്ചുയര്‍ന്നിരിക്കുകയാണ്. സാധാരണയായി ഏപ്രില്‍-മെയ് മാസങ്ങളിലാണ് കേരളത്തില്‍ എയര്‍ കണ്ടീഷണറുകള്‍ക്കും മറ്റ് കൂളിംഗ് ഉത്പന്നങ്ങള്‍ക്കും ഏറ്റവുമധികം ആവശ്യക്കാരുണ്ടാകുന്നത്. എന്നാല്‍ ഇത്തവണ കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത മാറ്റം വ്യാപാരികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്.

മണ്‍സൂണ്‍ മഴ നേരത്തേ ദുര്‍ബലമായതും സെപ്റ്റംബറിലും ചൂടും ഈര്‍പ്പവും ഉയര്‍ന്നു നില്‍ക്കുന്നതുമാണ് സംസ്ഥാനത്തെ എസി വിപണിയില്‍ പതിവില്ലാത്ത തിരക്കിന് വഴിയൊരുക്കിയത്. കാര്യമായ വില്പനയില്ലാത്ത സെപ്റ്റംബറില്‍ തന്നെ വിപണി ഉണര്‍ന്നതിന്റെ ആവേശത്തിലാണ് എസി നിര്‍മാണ കമ്പനികളും ഷോപ്പുകളും.

വില്പന ഇരട്ടിയായി

ഡിസംബറിന് മുമ്പ് സാധാരണയായി ഷോപ്പുകള്‍ കൂടുതലായി എസികള്‍ സ്റ്റോക്ക് ചെയ്യാറില്ല. ഡിമാന്‍ഡ് കുറവാണെന്നത് തന്നെ കാരണം. എന്നാല്‍, ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്ന് കൊച്ചി പുല്ലേപ്പടിയിലുള്ള പിനാക്കിള്‍ കൂളിംഗ് സൊല്യൂഷന്‍സ് മാനേജര്‍ അനസ് സൈനുദ്ദീന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയായി വലിയതോതില്‍ അന്വേഷണങ്ങള്‍ വരുന്നുണ്ട്. ഇന്‍സ്റ്റാലേഷനും വര്‍ധിച്ചു. ചൂട് ഇതുപോലെ നിലനില്‍ക്കുകയാണെങ്കില്‍ എസി വിപണിക്ക് ഇത്തവണ ദൈര്‍ഘ്യമേറിയ സീസണ്‍ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എസി കമ്പനികള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കേരള വിപണിയില്‍ കാര്യമായി ശ്രദ്ധിക്കാറില്ലാത്തതാണ്. എന്നാല്‍, ഡിമാന്‍ഡ് കൂടിയതോടെ കൂടുതല്‍ സ്റ്റോക്ക് എത്തിക്കാനൊരുങ്ങുകയാണ് കമ്പനികള്‍. ജനപ്രിയ കമ്പനികളുടെ ചില മോഡലുകള്‍ക്ക് ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് റീട്ടെയില്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

എസി മാത്രമല്ല, എയര്‍ കൂളറുകള്‍, ഫാനുകള്‍, മറ്റ് കൂളിംഗ് ഉപകരണങ്ങള്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. ഇതിന്റെ നേട്ടം ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ശൃംഖലകള്‍ക്കൊപ്പം വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും ലഭിക്കുന്നു. ഇത്തവണ പഴയ സ്റ്റോക്കിനൊപ്പം പുതിയ ഇന്‍വെര്‍ട്ടര്‍ എസികള്‍ക്കും ആവശ്യക്കാരുണ്ട്.

ഇഎംഐയും എക്‌സ്‌ചേഞ്ച് ഓഫറുകളും കരുത്ത്

എസി വാങ്ങുമ്പോള്‍ വിലയ്‌ക്കൊപ്പം വൈദ്യുതി ചെലവും ഉപയോക്താക്കളുടെ പ്രധാന പരിഗണനയായി മാറിയിട്ടുണ്ട്. വൈദ്യുതി ബില്‍ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ 5-സ്റ്റാര്‍ റേറ്റിംഗുള്ള ഊര്‍ജക്ഷമമായ ഇന്‍വെര്‍ട്ടര്‍ മോഡലുകളാണ് പലരും തിരഞ്ഞെടുക്കുന്നത്.

കുറഞ്ഞ വൈദ്യുതി ഉപഭോഗം, വേഗത്തിലുള്ള കൂളിംഗ്, സ്മാര്‍ട്ട് കണക്ടിവിറ്റി തുടങ്ങിയ സവിശേഷതകള്‍ക്കും ആവശ്യക്കാരുണ്ട്. വീടുകളുടെ വലുപ്പത്തിനും ഉപയോഗസമയത്തിനും അനുയോജ്യമായ മോഡലുകള്‍ തിരഞ്ഞെടുക്കുന്നതിലും ഉപയോക്താക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നു.

നോ-കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ബോണസ്, ക്രെഡിറ്റ് കാര്‍ഡ് ഇളവുകള്‍ തുടങ്ങിയ ധനസഹായ പദ്ധതികളും വില്‍പനയ്ക്ക് കരുത്തേകുന്നു. മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കാതെ എസി സ്വന്തമാക്കാന്‍ കഴിയുന്നത് വാങ്ങല്‍ തീരുമാനം വേഗത്തിലാക്കുന്നുണ്ട്.

പഴയ എസികള്‍ മാറ്റി കൂടുതല്‍ ഊര്‍ജക്ഷമമായ മോഡലുകളിലേക്ക് മാറുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. അപ്രതീക്ഷിതമായി ചൂട് ഉയര്‍ന്നതോടെ വാങ്ങല്‍ അടുത്ത വേനലിലേക്ക് മാറ്റിവയ്ക്കാന്‍ ഉപയോക്താക്കള്‍ തയാറാകുന്നില്ല.

ഡിമാന്‍ഡ് കൂടിയപ്പോള്‍ വിലയും ഉയര്‍ന്നു

കഴിഞ്ഞ മാര്‍ച്ചില്‍ എസികള്‍ക്ക് 6-12 ശതമാനം വരെ വില വര്‍ധിച്ചിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ഡോളറിനെതിരെ രൂപ ദുര്‍ബലമായത്, ചരക്കുനീക്ക ചെലവിലെ വര്‍ധന, പുതിയ ഊര്‍ജക്ഷമതാ മാനദണ്ഡങ്ങള്‍ എന്നിവയാണ് വില കൂട്ടാന്‍ കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം മൂലം വില വീണ്ടും കൂടിയിട്ടുണ്ട്.

ഡെയ്കിന്‍, വോള്‍ട്ടാസ്, ബ്ലൂ സ്റ്റാര്‍, എല്‍ജി, ഹെയര്‍, മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികള്‍ മോഡലുകള്‍ക്കനുസരിച്ച് ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ വില വര്‍ധിപ്പിച്ചിരുന്നു. മോഡലുകളനുസരിച്ച് ഇതിനുശേഷം ചെറിയ തോതില്‍ വീണ്ടും വിലവര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

2025ലെ സീസണ്‍ എസി കമ്പനികള്‍ക്ക് നഷ്ടത്തിന്റേതായിരുന്നു. വേനല്‍ക്കാലത്ത് രാജ്യത്തുടനീളം അപ്രതീക്ഷിതമായി തുടര്‍ച്ചയായ മഴ കിട്ടിയതോടെ കമ്പനികളുടെ വില്പനയും ഇടിഞ്ഞു. എന്നാല്‍ 2026 തുടക്കം മുതല്‍ വില്പനയില്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

Unseasonal September heat has boosted air-conditioner sales in Kerala, with energy-efficient inverter models seeing stronger demand

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT