Business Kerala

₹31,429.15 കോടിയുടെ നിക്ഷേപം, ഇന്‍വെസ്റ്റ് കേരളയില്‍ പ്രഖ്യാപിച്ച 86 പദ്ധതികള്‍ക്ക് തുടക്കമായി, സൃഷ്ടിക്കുക 40,439 തൊഴിലവസരങ്ങള്‍

ജൂലൈയില്‍ 1500 കോടിയുടേയും ആഗസ്റ്റില്‍ 1437 കോടിയുടേയും നിക്ഷേപ പദ്ധതികള്‍ക്ക് തുടക്കമാകും

Dhanam News Desk

സംസ്ഥാന വ്യവസായ വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ താല്‍പര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികളില്‍ ഇതിനകം 31,429.15 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്. നിര്‍മ്മാണാരംഭം കുറിച്ച 86 പദ്ധതികളില്‍ നിന്നാണ് ഇത്രയും നിക്ഷേപം യാഥാര്‍ത്ഥ്യമാകുന്നത്. ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 40,439 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഐ.കെ.ജി.എസില്‍ നിക്ഷേപ വാഗ്ദാനം ലഭിച്ച 20.28 ശതമാനം പദ്ധതികളുടെ നിര്‍മ്മാണം ആരംഭിച്ചു. കെ.എസ്.ഐ.ഡിസിയാണ് ഇവയുടെ മേല്‍നോട്ടം വഹിക്കുന്നത്.

ഐ.കെ.ജി.എസിന് ശേഷം കിന്‍ഫ്ര വ്യവസായ പാര്‍ക്കുകളിലെ നിക്ഷേപ പദ്ധതികളിലും വലിയ വര്‍ധനവുണ്ടായി. കിന്‍ഫ്രയുടെ 8 പാര്‍ക്കുകളിലായി 25 പദ്ധതികള്‍ ഇക്കാലയളവില്‍ ആരംഭിച്ചു. സംസ്ഥാന വ്യവസായ വകുപ്പ് മുഖേന 101 പദ്ധതികള്‍ നടപ്പാക്കുന്നതില്‍ 8 എണ്ണം പൂര്‍ത്തിയായി. ഫെബ്രുവരി 21, 22 തീയതികളില്‍ നടന്ന ഐ. കെ. ജി. എസിന് ശേഷം വെറും നാല് മാസം പിന്നിടുമ്പോഴാണ് ഈ മികച്ച നേട്ടമെന്നും മന്ത്രി പറഞ്ഞു.

മൊത്തം നടപ്പാക്കുക 1.77 ലക്ഷം കോടിയുടെ പദ്ധതികള്‍

ഐ.കെ.ജി.എസ് വേദിയില്‍ 1.52 ലക്ഷം കോടി രൂപയുടെ താല്‍പര്യപത്രങ്ങളാണ് ഒപ്പിട്ടത്. പിന്നീട് ലഭിച്ചത് ഉള്‍പ്പെടെ കണക്കാക്കിയാല്‍ 1.92 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ഐ.കെ.ജി.എസിലൂടെ ലഭിച്ചു. ഇവയില്‍ നിന്ന് സൂക്ഷ്മപരിശോധനയിലൂടെ അന്തിമമാക്കിയ 1.77 ലക്ഷം കോടി രൂപയുടെ 424 പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

മൂന്ന് വന്‍കിട നിക്ഷേപ പദ്ധതികള്‍ക്കാണ് ജൂണ്‍ മാസത്തില്‍ തുടക്കം കുറിച്ചത്. ബി.പി.സി.എല്‍ പെട്രോളിയം ലോജിസ്റ്റിക്‌സ് പദ്ധതി പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മ്മാണം തുടങ്ങി. 880 കോടിയുടെ ഈ പദ്ധതി 70 ഏക്കറിലാണ് സ്ഥാപിക്കുന്നത്. 100 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഗാഷ സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്റെഗ്രേറ്റഡ് ടി.എം.ടി മാനുഫാക്ചറിംഗ് പ്‌ളാന്റ്, കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് (510 കോടി നിക്ഷേപം, 200 തൊഴിലവസരങ്ങള്‍), എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍സ് (350 കോടി നിക്ഷേപം, 250 തൊഴിലവസരങ്ങള്‍) എന്നിവയുടേയും നിര്‍മ്മാണം ആരംഭിച്ചു.

തൃശൂരില്‍ 8 സ്ഥലങ്ങളിലായി കല്യാണ്‍ സില്‍ക്‌സ് കൊമേഴ്‌സ്യല്‍ പ്രോജക്ട്‌സ് (500 കോടി നിക്ഷേപം, 650 തൊഴിലവസരങ്ങള്‍), ജോയ് ആലുക്കാസ് റസിഡന്‍ഷ്യല്‍ ടവര്‍, തൃശൂര്‍ (400 കോടി നിക്ഷേപം), ക്രഷിംഗ് സ്‌ക്രീനിംഗ് മെഷിനറികള്‍ നിര്‍മ്മിക്കുന്ന ഹെയ്ല്‍ സ്റ്റോണ്‍ ഇന്നവേഷന്‍സ്, പാലക്കാട് (28 കോടിയുടെ തുടര്‍ നിക്ഷേപം, 500 തൊഴിലവസരങ്ങള്‍) എന്നിവയുടെ നിര്‍മ്മാണവും നടക്കുന്നു

2025 മെയ് മാസത്തില്‍ 7 നിക്ഷേപ പദ്ധതികളാണ് ആരംഭിച്ചത്. ഹൈലൈറ്റ് ഗ്രൂപ്പ് - 4 മള്‍ട്ടിപ്‌ളക്‌സ് & 2 റസിഡന്‍ഷ്യല്‍ പ്രോജക്ട് (9,998 കോടി നിക്ഷേപം, 1500 തൊഴില്‍), കല്യാണ്‍ സില്‍ക്‌സ്, തൃശൂര്‍ (500 കോടി നിക്ഷേപം, 650 തൊഴില്‍), കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊല്ലം (300 കോടി നിക്ഷേപം, 500 തൊഴിലവസരങ്ങള്‍), ജിയോജിത് കമേഴ്‌സ്യല്‍ പ്രോജക്ട് (150 കോടി നിക്ഷേപം, 2000 തൊഴില്‍), അലയന്‍സ് ഡവലപ്പേഴ്‌സ് (100 കോടി നിക്ഷേപം, 200 തൊഴില്‍), കാര്‍ത്തിക ഫുഡ്‌സ് വിപുലീകരണം (15 കോടി നിക്ഷേപം, 45 തൊഴില്‍), മൈക്രോസിസ് (1 കോടി നിക്ഷേപം) എന്നിവയുള്‍പ്പെടെയാണിത്.

ഏപ്രില്‍ മാസത്തില്‍ 1281.88 കോടി രൂപയുടെ 4 നിക്ഷേപ പദ്ധതികള്‍ക്ക് തുടക്കമായി. ഇതില്‍ 866.88 കോടി രൂപയുടെ നിക്ഷേപമുള്ള എറണാകുളത്തെ ഡൈനിമേറ്റഡ് ഡിസൈന്‍ ഡിസ്ട്രിക്റ്റ് ഇക്കോസിസ്റ്റം ആണ് ഏറ്റവും പ്രധാനം. 400 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭമാണിത്. ജോയ് ആലുക്കാസ് അപ്പാര്‍ട്ട്‌മെന്റ് & ഹോസ്പിറ്റല്‍ (300 കോടി നിക്ഷേപം, 100 തൊഴില്‍), വുഡ് അലയന്‍സ് പാര്‍ക്ക് പ്ലൈവുഡ് ഇന്‍ഡസ്ട്രി (60 കോടി നിക്ഷേപം, 150 തൊഴില്‍), പ്രിലാം പാര്‍ട്ടിക്കിള്‍ ബോര്‍ഡ് മാനുഫാക്ചറിംഗ് (55 കോടി നിക്ഷേപം, 150 തൊഴില്‍) എന്നിവയാണ് ഏപ്രിലില്‍ തുടക്കം കുറിച്ച പദ്ധതികള്‍. മാര്‍ച്ചില്‍ 17612.67 കോടി രൂപയുടെ 75 പദ്ധതികള്‍ക്കും തുടക്കമായി.

2,937 കോടിയുടെ പദ്ധതികള്‍ അടുത്ത രണ്ട് മാസത്തില്‍

ജൂലൈ മാസത്തില്‍ 1500 കോടി രൂപയുടെ 3 പദ്ധതികളും ആഗസ്റ്റില്‍ 1437 കോടി രൂപയുടെ 6 പദ്ധതികളും നിര്‍മ്മാണം തുടങ്ങും. ഇതില്‍ അദാനി ലോജിസ്റ്റിക്‌സിന്റെ 600 കോടിയുടെ ലോജിസ്റ്റിക്‌സ് വെയര്‍ഹൗസ് പദ്ധതിയും റിനൈ മെഡിസിറ്റിയുടെ 500 കോടിയുടെ തൃശൂരിലെ ആശുപത്രിയും കെയ്ന്‍സ് ടെക്‌നോളജിയുടെ 500 കോടിയുടെ പദ്ധതിയും ഉള്‍പ്പെടുന്നു.

ഭാരത് ബയോടെക്കിന്റെ നിക്ഷേപ പദ്ധതിയും ജൂലൈയില്‍ നിര്‍മ്മാണം തുടങ്ങും.

താല്‍പര്യപത്രം ഒപ്പുവച്ച പദ്ധതികള്‍ നിശ്ചിത സമയക്രമമനുസരിച്ച് നിര്‍മ്മാണം തുടങ്ങുന്നതിന് അതിവിപുലമായ പിന്തുടര്‍ച്ചാ നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വ്യവസായ മന്ത്രി പദ്ധതിപ്രദേശം സന്ദര്‍ശിക്കുന്നതും പുരോഗതി വിലയിരുത്തുന്നതും മുതല്‍ നോഡല്‍ ഓഫീസര്‍മാരുടെ പദ്ധതി ഏകോപനം വരെ ഘടനാപരമായ ചട്ടക്കൂടും ഉറപ്പാക്കിയിട്ടുണ്ട്. ഇവ ഡാഷ്‌ബോര്‍ഡില്‍ യഥാസമയം വിലയിരുത്താനുമാകും.

Kerala achieves rapid investment progress post-Invest Kerala Global Summit with ₹31,429 crore worth projects initiated and thousands of jobs generated.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT