പ്രമുഖ ആയുര്‍വേദ ഔഷധ നിര്‍മ്മാതാക്കളായ കേരള ആയുര്‍വേദ ലിമിറ്റഡ് സാമ്പത്തിക ഘടന കൂടുതല്‍ സുസ്ഥിരമാക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം പ്രൊമോട്ടര്‍ ഗ്രൂപ്പില്‍പ്പെട്ട കാട്ര ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന് മുന്‍ഗണന (പ്രെഫറന്‍ഷ്യല്‍) അടിസ്ഥാനത്തില്‍ പുതിയ ഓഹരികള്‍ അനുവദിച്ചു. കേരള ആയുര്‍വേദയുടെ മുഖ്യ ഓഹരി ഉടമകളാണ് മൗറീഷ്യസ് കമ്പനിയായ കാട്ര ഹോള്‍ഡിംഗ്‌സ്.
കമ്പനിക്ക് കാട്ര ഹോള്‍ഡിംഗ് നല്‍കിയിരുന്ന 12.47 കോടി രൂപയുടെ (12,46,92,350 രൂപ) ഈടില്ലാതെ നല്‍കുന്ന വായ്പയുടെ (Unsecured Loan) ഒരു ഭാഗം ഓഹരികളാക്കി മാറ്റിക്കൊണ്ടാണ് ഈ നടപടി. ഒന്നിന് 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 190.37 രൂപ പ്രീമിയം നിരക്കിലാണ് അനുവദിച്ചിരിക്കുന്നത്. ഇതുവഴി മൊത്തം 6,55,000 ഇക്വിറ്റി ഓഹരികളാണ് പ്രൊമോട്ടര്‍ ഗ്രൂപ്പിന് നല്‍കിയിട്ടുള്ളത്. സെബി (SEBI) മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ഈ ഓഹരി കൈമാറ്റമെന്ന് കേരള ആയുര്‍വേദ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ വ്യക്തമാക്കി.
ഈ അലോട്ട്‌മെന്റോടെ കേരള ആയുര്‍വേദയുടെ ആകെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയർ കാപിറ്റൽ 12.99 കോടി രൂപയില്‍ നിന്ന് 13.65 കോടി രൂപയായി വര്‍ധിച്ചു. കമ്പനിയിലെ പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം മുന്‍പ് 4.85 ശതമാനമായിരുന്നത് (6,30,000 ഓഹരികള്‍) പുതിയ അലോട്ട്‌മെന്റോടെ 9.41 ശതമാനമായി (12,85,000 ഓഹരികള്‍) ഉയര്‍ന്നിട്ടുണ്ട്. ഈ ഓഹരികള്‍ ബോംബെ സ്റ്റോക്ക് എക്‌സ്ചേഞ്ചില്‍ (BSE) ലിസ്റ്റ് ചെയ്യുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
വിപണിയിലെ സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും കമ്പനിയുടെ ബാധ്യതകള്‍ കുറയ്ക്കാനും പ്രൊമോട്ടര്‍മാരുടെ വിശ്വാസ്യത ഉറപ്പുവരുത്താനും ഇത്തരം പുനഃക്രമീകരണങ്ങള്‍ സഹായകരമാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. പ്രമുഖ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകനും ഇക്വിറ്റി ഇന്റലിജന്റ്‌സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്തിന് അടക്കം ഓഹരിയുള്ള സ്ഥാപനമാണ് കേരള ആയുര്‍വേദ.
1945ല്‍ കേരള ഫാര്‍മസി എന്ന പേരില്‍ ആലുവയില്‍ പിറന്ന കമ്പനിയാണ് പിന്നീട് കേരള ആയുര്‍വേദയായി മാറിയത്. നിലവില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കമ്പനിക്ക് കീഴില്‍ റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, അക്കാദമികള്‍ തുടങ്ങിയവയുണ്ട്. എറണാകുളത്തിന് പുറമേ ബംഗളൂരുവിലും ബാലിയിലുമാണ് റിസോര്‍ട്ടുകള്‍. അമേരിക്കയിലും കമ്പനിയുടെ സേവനമുണ്ടെന്ന് കേരള ആയുര്‍വേദയുടെ വെബ്സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 2026 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 145 കോടി രൂപയുടെ സംയോജിത വരുമാനവും 16.32 കോടി രൂപയുടെ സംയോജിത ലാഭവും കേരള ആയുര്‍വേദ നേടിയിരുന്നു.
കേരള ആയുര്‍വേദ ഓഹരികള്‍ ഇന്ന് നേരിയ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ഓഹരി വില 0.35 ശതമാനം ഇടിഞ്ഞ് 140.95 രൂപയിലെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി ഓഹരി 67 ശതമാനത്തിലധികം ഇടിവിലാണ്. ഈ വര്‍ഷം ഇതു വരെയുള്ള കാലയളവില്‍ 57 ശതമാനം നഷ്ടവും രേഖപ്പെടുത്തി. കഴിഞ്ഞ 52 ആഴ്ചയില ഓഹരിയുടെ ഉയര്‍ന്ന വില 458 രൂപയാണ്. ഇന്നത്ത ഓഹരി വില അനുസരിച്ച് 183.17 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
Kerala Ayurveda boosts its promoter holding through a preferential allotment of 6.55 lakh shares to Katra Holding, adjusting part of its outstanding unsecured loans.
Read DhanamOnline in English
Subscribe to Dhanam Magazine