Image : Kerala Ayurveda and Nutraveda 
Business Kerala

ബാലിയിലെ സംയുക്ത സംരംഭത്തില്‍ നിയന്ത്രണം നേടി കേരള ആയുര്‍വേദ, ഓഹരി പങ്കാളിത്തത്തില്‍ മാറ്റമില്ല

കരാറിലെ അവകാശങ്ങളും ബാധ്യതകളും പൂര്‍ണമായി നൂട്രാവേദയിലേക്ക് മാറ്റി; ഒക്ടോബര്‍ 29 മുതല്‍ പ്രാബല്യത്തില്‍

Dhanam News Desk

ഇന്തോനേഷ്യയിലെ ആയുര്‍വേദ വെല്‍നസ്, റിസോര്‍ട്ട് സംരംഭമായ പി.ടി കേരള ആയുര്‍വേദ ബാലിയില്‍ (PT KAB) നിയന്ത്രണം നേടി കേരള ആയുര്‍വേദ ലിമിറ്റഡ് (Kerala Ayurveda Limited - KAL). കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ നൂട്രാവേദ പ്രൈവറ്റ് ലിമിറ്റഡിന് (Nutraveda Pte. Ltd.) ബോര്‍ഡില്‍ ഭൂരിപക്ഷ ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അധികാരം ലഭിച്ചതോടെയാണ് പി.ടി കേരള ആയുര്‍വേദ ബാലി കമ്പനിയുടെ സബ്‌സിഡിയറിയായി മാറിയത്. 2026 ഒക്ടോബര്‍ 29 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വന്നതെന്ന് ബി.എസ്.ഇയില്‍ (BSE) സമര്‍പ്പിച്ച റെഗുലേറ്ററി അറിയിപ്പില്‍ കമ്പനി വ്യക്തമാക്കി.

കരാര്‍ മാറ്റവും നിയന്ത്രണവും ഇങ്ങനെ

ആയുര്‍വേദഗ്രാം ബാലി സംരംഭവുമായി ബന്ധപ്പെട്ട് 2022 സെപ്റ്റംബര്‍ 20-ന് അരവിന്ദ് മൊഹീന്ദ്രയുമായി ഒപ്പിട്ട ധാരണാപത്രത്തില്‍ (MoU) നൂട്രാവേദ, മോണിക്ക മൊഹീന്ദ്ര, പി.ടി കേരള ആയുര്‍വേദ ബാലി എന്നിവര്‍ ഒക്ടോബര്‍ 29-ന് പുതിയ നൊവേഷന്‍ ആന്‍ഡ് അഡെന്‍ഡം (Novation and Addendum) കരാറില്‍ ഒപ്പുവെച്ചു. ഈ കരാര്‍ പ്രകാരം ധാരണാപത്രത്തിന് കീഴിലെ കേരള ആയുര്‍വേദയുടെ അവകാശങ്ങളും ബാധ്യതകളും നൂട്രാവേദയിലേക്ക് മാറി. അരവിന്ദ് മൊഹീന്ദ്രയുടെ അവകാശങ്ങളും ബാധ്യതകളും മോണിക്ക മൊഹീന്ദ്രയിലേക്കും മാറ്റി.

പി.ടി കേരള ആയുര്‍വേദ ബാലിയിലെ മൂന്ന് ബോര്‍ഡ് ഡയറക്ടര്‍മാരില്‍ രണ്ടുപേരെ നിയമിക്കാനുള്ള അവകാശം നൂട്രാവേദയ്ക്ക് ലഭിച്ചതോടെ കമ്പനിയുടെ നിയന്ത്രണം നൂട്രാവേദയ്ക്കായി. നിലവില്‍ പി.ടി കേരള ആയുര്‍വേദ ബാലിയില്‍ നൂട്രാവേദയ്ക്കും മോണിക്ക മൊഹീന്ദ്രയ്ക്കും 50 ശതമാനം വീതം ഓഹരി പങ്കാളിത്തമാണുള്ളത്. നിയന്ത്രണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഓഹരി പങ്കാളിത്തത്തില്‍ മാറ്റങ്ങളൊന്നുമില്ലെന്നും പ്രതിഫലമായി (Consideration) തുകയൊന്നും നല്‍കേണ്ടതില്ലെന്നും കമ്പനി വ്യക്തമാക്കി.

വിവരങ്ങള്‍ പുറത്തുവിടാന്‍ വൈകിയതിന്റെ കാരണം

2025 ഒക്ടോബര്‍ 30-ന് ഇന്തോനേഷ്യയില്‍ രൂപീകരിച്ച പി.ടി കേരള ആയുര്‍വേദ ബാലിക്ക് ഇതുവരെ വിറ്റുവരവില്ല (Nil). ഒക്ടോബര്‍ 29-ന് കരാര്‍ ഒപ്പിട്ടെങ്കിലും ഒപ്പിട്ട രേഖകളുടെ പകര്‍പ്പ് കമ്പനിക്ക് ലഭിച്ചത് നവംബര്‍ 17-നാണ്. രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് വിവരം എക്‌സ്‌ചേഞ്ചിനെ അറിയിച്ചതെന്ന് കമ്പനി വ്യക്തമാക്കി. കേരള ആയുര്‍വേദ ചെയര്‍മാനും നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രമേശ് വംഗല്‍ പി.ടി കേരള ആയുര്‍വേദ ബാലി ബോര്‍ഡില്‍ നൂട്രാവേദയുടെ നോമിനി ഡയറക്ടറാണ്.

അങ്കമാലി-നെടുമ്പാശ്ശേരി അത്താണി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ആയുര്‍വേദയുടെ അന്താരാഷ്ട്ര വെല്‍നസ്, റിസോര്‍ട്ട് വിപുലീകരണ നീക്കങ്ങളിലെ പ്രധാന ചുവടുവെപ്പാണ് ബാലിയിലെ ഈ നീക്കം. ആയുര്‍വേദ ചികിത്സയ്ക്കും വെല്‍നസ് ടൂറിസത്തിനും പേരുകേട്ട കേരളത്തിലെ മാതൃകകള്‍ അന്താരാഷ്ട്ര വിപണിയിലേക്ക് കൂടുതല്‍ ശക്തമായി എത്തിക്കാന്‍ ഇത് സഹായിക്കും. ഇന്തോനേഷ്യയിലെ ടൂറിസം കേന്ദ്രമായ ബാലിയില്‍ ആയുര്‍വേദ റിസോര്‍ട്ട്, വെല്‍നസ് രംഗത്ത് സ്വന്തം നിയന്ത്രണത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ആഗോള തലത്തില്‍ കേരള ആയുര്‍വേദയുടെ ബ്രാന്‍ഡ് സാന്നിധ്യം കൂടുതല്‍ വിപുലമാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT