Business Kerala

കേരള ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയിലേക്ക് വഴിതുറക്കും; കേരള ബ്രാന്‍ഡില്‍ സര്‍ട്ടിഫിക്കേഷന്‍ നേടാം എളുപ്പത്തില്‍

കേരളത്തില്‍ തന്നെ ഉത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതും ഉദ്യം രജിസ്ട്രേഷനും ആവശ്യമായ ക്വാളിറ്റി സര്‍ട്ടിഫിക്കറ്റുകളുമുള്ള സംരംഭകര്‍ക്ക് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം

Dhanam News Desk

കേരളത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആഗോള വിപണിയില്‍ മുന്‍ഗണന ലഭ്യമാക്കുന്നതിനായുള്ള 'കേരള ബ്രാന്‍ഡ്' പോര്‍ട്ടല്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയാറാക്കിയ ഈ പോര്‍ട്ടല്‍ വഴി ഉയര്‍ന്ന ഗുണനിലവാരവും തനിമയും പുലര്‍ത്തുന്ന തദ്ദേശീയ ഉല്‍പന്നങ്ങള്‍ക്ക് 'മെയ്ഡ് ഇന്‍ കേരള' പദവി ലഭിക്കും.

വെളിച്ചെണ്ണ, കാപ്പി, തേയില, പാദരക്ഷകള്‍, നെയ്യ്, തേന്‍, കുപ്പിവെള്ളം, പ്ലൈവുഡ്, പിവിസി പൈപ്പ്, സര്‍ജിക്കല്‍ റബര്‍ ഗ്ലൗസ്, കാലിത്തീറ്റ എന്നിങ്ങനെ 11 ഉല്‍പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ സംസ്ഥാനതല സമിതി ഇതിനായി അംഗീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതും പരിസ്ഥിതി സൗഹൃദവും ബാലവേലയോ വിവേചനങ്ങളോ ഇല്ലാത്തതുമായ തൊഴില്‍ സാഹചര്യങ്ങളില്‍ തയാറാക്കുന്നതുമായ ഉല്‍പന്നങ്ങള്‍ക്കാണ് അംഗീകാരം നല്‍കുന്നത്.

അതാത് മേഖലകളിലെ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കൊപ്പം ഉയര്‍ന്ന ധാര്‍മ്മികതയും ഉത്തരവാദിത്ത വ്യാവസായിക രീതികളും പാലിക്കുന്നവയായിരിക്കണം അപേക്ഷ നല്‍കുന്ന സ്ഥാപനങ്ങള്‍. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാനതല കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി, താലൂക്ക് തല സെലക്ഷന്‍ കമ്മിറ്റിയുടെ പരിശോധനകള്‍ക്ക് ശേഷമായിരിക്കും 'കേരള ബ്രാന്‍ഡ്' സര്‍ട്ടിഫിക്കേഷന്‍ അനുവദിക്കുക.

കേരളത്തില്‍ തന്നെ ഉത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതും ഉദ്യം രജിസ്ട്രേഷനും ആവശ്യമായ ക്വാളിറ്റി സര്‍ട്ടിഫിക്കറ്റുകളുമുള്ള സംരംഭകര്‍ക്ക് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. താലൂക്ക് തലത്തിലുള്ള ഐഇഒ, എഡിഐഒ എന്നിവരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി അര്‍ഹരായ സംരംഭങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും.

താല്‍പ്പര്യമുള്ള സംരംഭകര്‍ക്ക് www.keralabrand.industry.kerala.gov.in സന്ദര്‍ശിച്ച് സെല്‍ഫ് ഡിക്ലറേഷന്‍ ചെക്ക്‌ലിസ്റ്റും അനുബന്ധ രേഖകളും സമര്‍പ്പിച്ച് കേരള ബ്രാന്‍ഡിന്റെ ഭാഗമാകാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT